പച്ചമുളക് ഉപയോഗിച്ച് നിര്‍മിച്ച ട്രെയിന്‍ മാതൃകയുടെ ചിത്രമാണ് ഏറെ പ്രശംസകളോടെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്

സാമൂഹ്യമാധ്യമങ്ങളില്‍ എത്രയെത്ര ചിത്രങ്ങളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടാറ്. അവയില്‍ എത്രയോ ഫോട്ടോകള്‍ നമ്മുടെ മനസ് കവരും. കാണുമ്പോഴേ നാം സന്തോഷിക്കും, ചിലപ്പോള്‍ തലയില്‍ കൈവെക്കും. അങ്ങനെ അത്ഭുതം കൊള്ളിക്കുന്ന ഒരു ചിത്രത്തിന്‍റെ യാഥാര്‍ഥ്യം എന്താണ് എന്ന് നോക്കാം. 

പ്രചാരണം

റെയില്‍വേ ട്രാക്കില്‍ പച്ചമുളക് ഉപയോഗിച്ച് സൃഷ്‌ടിച്ച ട്രെയിന്‍ മാതൃകയുടെ ചിത്രമാണ് ഏറെ പ്രശംസകളോടെ ഇന്‍സ്റ്റഗ്രാം, ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. മുളകുകള്‍ ഓരോന്നായി അടുക്കിവെക്കുന്ന ഒരു വൃദ്ധയെ സമീപത്തായി കാണാം. 10,000 പച്ചമുളകുകള്‍ ഉപയോഗിച്ചാണ് ഈ ട്രെയിന്‍ നിര്‍മിച്ചത് എന്നാണ് പോസ്റ്റുകളില്‍ പറയുന്നത്. റെയില്‍വേ ട്രാക്കില്‍ പച്ചമുളക് കൊണ്ട് ട്രെയിനിന്‍റെ മാതൃക ഈ വൃദ്ധ നിര്‍മിക്കുന്നത് ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന ആളുകളെയും ചിത്രത്തില്‍ കാണാം.

വസ്‌തുത

ഇതൊരു യഥാര്‍ഥ ചിത്രമല്ല എന്നതാണ് വസ്‌തുത. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മിച്ച ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പലരും പോസ്റ്റ് ചെയ്യുന്നത്. ഈ ചിത്രം എഐ നിര്‍മിതമാണെന്ന് എഐ-ഡിറ്റെക്ഷന്‍ വെബ്‌സൈറ്റുകളിലെ പരിശോധനയില്‍ വ്യക്തമായി. 

മാത്രമല്ല, എഐ ചിത്രങ്ങളില്‍ പലപ്പോഴും അപൂര്‍ണതകള്‍ കാണാറുണ്ട്. ഈ ചിത്രം പരിശോധിച്ചാല്‍ റെയില്‍വേ ട്രാക്കിന് സമീപം കാഴ്‌ചക്കാരായി നില്‍ക്കുന്നവരില്‍ പലരുടെയും മുഖം വ്യക്തമല്ലെന്ന് കാണാം. മുഖത്തിനുള്ള ഈ രൂപവ്യത്യാസവും ചിത്രം എഐ നിര്‍മിതമാണെന്ന് തെളിയിക്കുന്നു. 

നിഗമനം 

റെയില്‍വേ ട്രാക്കില്‍ പച്ചമുളക് ഉപയോഗിച്ച് ട്രെയിനിന്‍റെ മാത‍ൃക നിര്‍മിക്കുന്നതിന്‍റെ ഫോട്ടോ യഥാര്‍ഥമല്ല. 

Read more: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡ് വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം