ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോ ദുരുപയോഗം ചെയ്‌തുകൊണ്ടാണ് വ്യാജ കാര്‍ഡ് പ്രചരിപ്പിക്കുന്നത് 

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ മുന്നണിയുടെ കനത്ത തോല്‍വിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎമ്മിനകത്ത് വിമര്‍ശനം ഉയരവെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചാരണം. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് കെ കെ ശൈലജയുടെതായി ഒരു പ്രസ്‌താവന വാര്‍ത്താ കാര്‍ഡായി ഏഷ്യാനെറ്റ് ന്യൂസ് 2024 ജൂണ്‍ 30-ാം തിയതി പ്രസിദ്ധീകരിച്ചു എന്നാണ് വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ തകൃതിയായി നടക്കുന്നത്. 

പ്രചാരണം

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോ ദുരുപയോഗം ചെയ്‌തുകൊണ്ട് പ്രചരിപ്പിക്കുന്ന വ്യാജ കാര്‍ഡിലെ വിവരങ്ങള്‍ ഇങ്ങനെ... 'മുഖ്യമന്ത്രിക്കെതിരെയുള്ള വികാരം തിരിച്ചടിക്ക് കാരണമായി. താനായിരുന്നു മുഖ്യമന്ത്രി എങ്കില്‍ മുഴുവന്‍ സീറ്റിലും സിപിഎം വിജയിക്കുമായിരുന്നു'- എന്നും കെ കെ ശൈലജ പറഞ്ഞതായി വാര്‍ത്താ കാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് 2024 ജൂണ്‍ 30ന് പ്രസിദ്ധീകരിച്ചു എന്നാണ് വ്യാജ പ്രചാരണം. ഫേസ്‌ബുക്കില്‍ വ്യാജ പ്രചാരണം നടത്തുന്നതിന്‍റെ ലിങ്കുകള്‍ 1, 2, 3 എന്നിവയില്‍ കാണാം. 

വ്യാജ പ്രചാരണത്തിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ 

വസ്‌തുത

2024 ജൂണ്‍ 30ന് എന്നല്ല, ഒരു ദിവസവും ഏഷ്യാനെറ്റ് ന്യൂസ് ഇത്തരമൊരു വാര്‍ത്താ കാര്‍ഡ് ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും പങ്കുവെച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പ്രചരിക്കുന്ന വ്യാജ കാര്‍ഡിലുള്ള ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റേത് അല്ല. ഏഷ്യാനെറ്റ് ന്യൂസ് മുമ്പ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താ കാര്‍ഡ് എഡിറ്റ് ചെയ്ത് തെറ്റായ വിവരങ്ങള്‍ ചേര്‍ത്താണ് വ്യാജ കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോ ദുരുപയോഗം ചെയ്‌തുള്ള വ്യാജ കാര്‍ഡ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സ്ഥാപനം നിയമനടപടി സ്വീകരിക്കുന്നതാണ് എന്നറിയിക്കുന്നു. 

Read more: ഗുരുവായൂരില്‍ ഐസ് മഴയോ? വൈറലായ വീഡിയോയുടെ വസ്‌തുത എന്ത്- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം