തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടി സംഘടിപ്പിച്ച റാലിയിലെ തിക്കും തിരക്കിലും ജീവന്‍ നഷ്‌ടപ്പെട്ടത് അനേകര്‍ക്ക്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറെ വ്യാജ പ്രചാരണങ്ങളുണ്ടായി.

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടി (ടിവികെ) 2025 സെപ്റ്റംബര്‍ 27-ാം തീയതി സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കും തിരക്കും നിരവധി പേരുടെ മരണത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയും സോഷ്യല്‍ മീഡിയയില്‍ ഏറെ വ്യാജ പ്രചാരണങ്ങളുണ്ടായി.

പ്രചാരണം- 1

കരൂരിലെ ദുരന്ത സ്ഥലത്തു നിന്ന് ടിവികെ അധ്യക്ഷന്‍ വിജയ് അതിവേഗം ചെന്നൈയിലെ വീട്ടിലേക്ക് പോയിരുന്നു. ചെന്നൈയിൽ എത്തിയ വിജയ് ആരാധകർക്കൊപ്പം ചിരിച്ചു കൊണ്ടു സെൽഫി എടുത്തു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാല്‍ അതൊരു വ്യാജ പ്രചാരണമായിരുന്നു. കരൂരിലെ അപകടത്തിനും ഒരാഴ്‌ച മുമ്പ് വിജയ് ചെന്നൈയിൽ തിരിച്ചെത്തിയപ്പോഴുള്ള വീഡിയോ ആയിരുന്നു സത്യത്തില്‍ ഇത്. എന്നാല്‍ കരൂര്‍ ദുരന്തത്തിന് ശേഷം വിജയ് സന്തോഷവാനായിരുന്നു എന്ന തലത്തിലുള്ള കുറിപ്പുകളോടെയാണ് ഈ ദൃശ്യങ്ങള്‍ തെറ്റായി പലരും പ്രചരിപ്പിച്ചത്.

Scroll to load tweet…

പ്രചാരണം- 2

കരൂര്‍ ദുരന്തത്തിന് ശേഷം വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ കൊടിമരം ജെസിബി ഉപയോഗിച്ച് പിഴുതെറിഞ്ഞു ജനങ്ങള്‍ എന്ന തരത്തിലായിരുന്നു മറ്റൊരു വീഡിയോ പ്രചാരണം. തമിഴ്‌നാട്ടുകാര്‍ പണി തുടങ്ങി എന്ന തലക്കെട്ടിലായിരുന്നു ഈ 18 സെക്കന്‍ഡ് വീഡിയോ. കരൂര്‍ ദുരന്തത്തിന് പിന്നാലെ വിജയ്‌യുടെ ടിവികെ പാര്‍ട്ടിയുടെ കൊടിമരം ജെസിബി ഉപയോഗിച്ച് തകര്‍ത്തു എന്ന തരത്തില്‍ നടന്ന വീഡിയോ പ്രചാരണവും വ്യാജമായിരുന്നു. 2025 ജൂണ്‍ മാസം നടന്ന മറ്റൊരു സംഭവത്തിന്‍റെ വീഡിയോയായിരുന്നു ഇപ്പോഴത്തേത് എന്ന തരത്തില്‍ പ്രചരിച്ചത്.

പ്രചാരണം- 3

എല്ലാ ഇന്ത്യക്കാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീചാര്‍ജ് നല്‍കുന്നോ? നല്‍കുന്നു എന്നായിരുന്നു മറ്റൊരു സോഷ്യല്‍ മീഡിയ അവകാശവാദം. മുമ്പും ഇത്തരം സൗജന്യ റീചാര്‍ജ് സന്ദേശങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായിരുന്നു. എന്താണ് ഈ വാട്‌സ്ആപ്പ് ഫോര്‍വേഡിന്‍റെ യാഥാര്‍ഥ്യമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം വ്യക്തമാക്കി. മൂന്ന് മാസക്കാലം മൊബൈല്‍ റീചാര്‍ജ് സൗജന്യമായി നല്‍കുന്നൊരു പദ്ധതിയേ ഇല്ല എന്നതാണ് യാഥാര്‍ഥ്യം.

സൗജന്യമായി മൊബൈല്‍ റീചാര്‍ജ് നല്‍കുന്നൊരു പദ്ധതി കേന്ദ്ര സര്‍ക്കാരിനില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പറ്റിക്കുന്നതിനും വേണ്ടി പ്രചരിപ്പിക്കുന്നവയാണ് ഇത്തരം സന്ദേശങ്ങള്‍. ഇത്തരം സംശയാസ്‌പദമായ ലിങ്കുകളില്‍ ഒരിക്കലും ആരും ക്ലിക്ക് ചെയ്യുകയോ, പരിചയമില്ലാത്തവരുമായി വ്യക്തി വിവരങ്ങള്‍ പങ്കുവെക്കുകയോ ചെയ്യരുത്. എപ്പോഴും വിവരങ്ങളും മെസേജുകളും ഫോര്‍വേഡ് ചെയ്യുമ്പോള്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും വഴി വെരിഫൈ ചെയ്യണമെന്നും പിഐബി എക്‌സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

Scroll to load tweet…

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്