സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ഷകന്‍ ഓഫീസിലെത്തി 40 വിഷപാമ്പുകളെ തുറന്നുവിട്ട സംഭവം ഉത്തര്‍പ്രദേശില്‍ നടന്നതുതന്നെയാണ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നടന്നതെന്ന് പറയപ്പെടുന്ന വിചിത്രമായ സംഭവം ഫേസ്‌ബുക്കില്‍ ചിത്രത്തോടെ ഷെയര്‍ ചെയ്യപ്പെടുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പട്ടതോടെ കര്‍ഷകര്‍ 40 വിഷപാമ്പുകളെ ഓഫീസില്‍ തുറന്നുവിട്ടു എന്നാണ് ചിത്രം സഹിതം ഡയറക്ട് കേരള എന്ന ഫേസ്‌ബുക്ക് പേജില്‍ പറയുന്നത്. പാമ്പുകളെ തുറന്നുവിട്ടതോടെ ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടുവെന്നും ഇനിയൊരിക്കലും കൈക്കൂലി വാങ്ങില്ല എന്ന് കേണപേക്ഷിച്ച് പറഞ്ഞതായും പോസ്റ്റില്‍ പറയുന്നു. യുപിയില്‍ നടന്നതുതന്നയോ ഇങ്ങനെയൊരു സംഭവം? 

പ്രചാരണം

'ഉത്തർപ്രദേശിൽ ഒരു സർക്കാർ ഓഫീസിൽ ഉദ്യോഗസ്ഥൻ കർഷകരോട് കൈക്കൂലി ആവശ്യപ്പെട്ടു. കർഷകർ 40 പാമ്പുകളെ കവറിലാക്കി അഴിച്ച് വിട്ട് ഓഫീസിന്‍റെ വാതിൽ പുറത്ത് നിന്ന് അടച്ചു, ഇനി ജീവിതത്തിൽ കൈക്കൂലി വാങ്ങിക്കില്ലെന്ന് കേണപേക്ഷിച്ചിട്ടാണെത്രേ ഉദ്യോഗസ്തരെ കർഷകർ രക്ഷപ്പെടുത്തിയത്. ഇങ്ങനെ രസകരമായ ആചാരങ്ങൾ നമ്മുടെ നാട്ടിലൊക്കെ എന്നാണാവോ വരിക'- ഇത്രയുമാണ് ഡറക്ട് ഡീല്‍ കേരള എന്ന ഫേസ്‌ബുക്കില്‍ പേജില്‍ ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന കുറിപ്പ്. നിലത്ത് ഇഴയുന്ന പാമ്പികളെയും അതിലൊന്ന് പത്തി വിടര്‍ത്തിയിരിക്കുന്നതും ഭയന്ന് ഉദ്യോഗസ്ഥര്‍ കസേരയുടെയും മേശയുടേയും മുകളില്‍ കയറി നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം.

ഫേസ്‌ബുക്കില്‍ 2023 സെപ്റ്റംബര്‍ 23-ാം തിയതിയാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യുപിയിലെ സര്‍ക്കാര്‍ ഓഫീസില്‍ അടുത്തിടെ നടന്ന സംഭവമാണോ ഇത് എന്ന് പരിശോധിക്കാം. 

എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

ഈ സംഭവം എപ്പോള്‍, എവിടെ നടന്നതാണ് എന്ന് പരിശോധിക്കാന്‍ ചിത്രം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് ആദ്യം വിധേയനാക്കി. അതില്‍ ലഭിച്ച ഫലങ്ങളില്‍ നിന്ന് ഇത് പഴയ സംഭവമാണ് എന്ന് ബോധ്യപ്പെട്ടു. സമാന ഫോട്ടോ സഹിതം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വര്‍ഷം മുമ്പുള്ള പോസ്റ്റുകള്‍ പരിശോധനയില്‍ കണ്ടെത്താനായി. പ്രചരിക്കുന്ന ചിത്രം പഴയതാണ് എന്നും പുതിയ സംഭവമല്ലെന്നും ഇതോടെ ഉറപ്പിച്ചു.

റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫലം

up office snake എന്ന കീവേഡുകള്‍ ഉപയോഗിച്ച് ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഫലം ഞെട്ടിക്കുന്നതായിരുന്നു. 'അഴിമതി നിറഞ്ഞ ഓഫീസിലേക്ക് ഒരാള്‍ പാമ്പുകളെ തുറന്നുവിട്ടു' എന്ന തലക്കെട്ടോടെ 2011 ഡിസംബര്‍ 1ന് എന്‍ഡിടിവി വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നതായി കണ്ടെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ ഒരു ഓഫീസില്‍ ഇയാള്‍ പാമ്പുകളെ തുറന്നുവിട്ടതെന്നും ഇദേഹം പാര്‍ട്‌ടൈം പാമ്പാട്ടിയാണെന്നും വീഡിയോയിലുണ്ട്. 

എന്‍ഡിടിവി വീഡിയോ

Man unleashes snakes upon corrupt govt office

തുടര്‍ പരിശോധന നടത്തിയപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ മറ്റൊരു ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനെ ഉദ്ധരിച്ച് നല്‍കിയതും കാണാനായി. പാമ്പ് വളര്‍ത്തുകേന്ദ്രം നടത്താന്‍ സ്ഥലം ഉദ്യോഗസ്ഥര്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ഈ കടുംകൈ ചെയ്തത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥലം വിട്ടുനല്‍കാന്‍ തന്നോട് ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ചതായി പാമ്പിനെ തുറന്നുവിട്ടയാള്‍ പറഞ്ഞതായി പ്രതികരണം വാര്‍ത്തയിലുണ്ട്. തുറന്നുവിട്ട പാമ്പുകളില്‍ മിക്കതിനേയും പിന്നീട് പിടികൂടിയെന്നും വാര്‍ത്തയിലുണ്ട്. 

നിഗമനം

കര്‍ഷകന്‍ സര്‍ക്കാര്‍ ഓഫീസിലെത്തി 40 വിഷപാമ്പുകളെ തുറന്നുവിട്ട സംഭവം ഉത്തര്‍പ്രദേശില്‍ നടന്നതുതന്നെയാണ്. എന്നാല്‍ ഒരു പതിറ്റാണ്ടിലേറെ മുമ്പായിരുന്നു ഇത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഷകന്‍ ഇങ്ങനെ ചെയ്‌തത് എന്ന് ദേശീയ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ പറയുന്നു. അതേസമയം കൈക്കൂലിയുടെ പേരിലല്ല, സ്ഥലത്തിന് അനുമതി നല്‍കാത്തത് കൊണ്ടാണ് കര്‍ഷകന്‍ പാമ്പുകളെ ഓഫീസില്‍ തുറന്നുവിട്ടത് ചെയ്തത് എന്നാണ് ഉദ്യോഗസ്ഥര്‍ അന്ന് വിശദീകരിച്ചത്. 

Read more: കെ.ടി. ജലീൽ നിർമ്മിച്ച 3 ലക്ഷത്തിന്‍റെ വിചിത്ര ബസ് വെയിറ്റിംഗ് ഷെഡോ? പെട്ടിക്കൂടിന്‍റെ വലിപ്പം പോലുമില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം