ക്രിക്കറ്റര്‍ രോഹിത് ശര്‍മ്മയുടെ ലംബോര്‍ഗിനി കാറാണോ ഇതെന്ന ചോദ്യത്തോടെയും പോസ്റ്റുകള്‍ കാണാം. വൈറല്‍ വീഡിയോയുടെ വസ്‌തുത വിശദമായി ഫാക്‌ട് ചെക്കിലൂടെ അറിയാം.
റോഡില്‍ കിടക്കുന്ന ഒരു ആഢംബര കാറിന് മുകളിലൂടെ ചവിട്ടിക്കടന്നുപോകുന്ന ഒരു കാളയുടെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്‌തിരിക്കുന്നത്. കാള ചാടിക്കടക്കുമ്പോള്‍ കാറിന്‍റെ ബോണറ്റും മുന്‍ഭാഗത്തെ ഗ്ലാസും തകരുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഈ വീഡിയോയുടെ യാഥാര്‍ഥ്യം മറ്റൊന്നാണ്. ദൃശ്യങ്ങളുടെ വസ്‌തുത വിശദമായി പരിശോധിക്കാം.
പ്രചാരണം
റോഡിലൂടെ പാഞ്ഞെത്തുകയാണ് കന്നുകാലികളുടെ ഒരു കൂട്ടം. ലംബോര്‍ഗിനിയോട് സാദൃശ്യമുള്ള ഒരു ഓറഞ്ച് കാറിന് മുകളിലൂടെ ഇതിലൊരു കാള ചാടിക്കടക്കുന്നു. കാറിന്‍റെ ബോണറ്റും ഫ്രണ്ട് ഗ്ലാസും ഈ ചാട്ടത്തില്‍ തകരുന്നു. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിരവധിയാളുകളാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വസ്‌തുത
പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന പോലൊരു സംഭവം ഇന്ത്യന്‍ റോഡുകളിലൊന്നും നടന്നതായി ആധികാരികമായ വാര്‍ത്തകളൊന്നും ലഭ്യമല്ല. അതേസമയം വീഡിയോയുടെ പശ്ചാത്തലത്തില്‍ കാണുന്ന സൈന്‍ബോര്‍ഡുകളിലെ എഴുത്തില്‍ ഏറെ പിഴവുകള്‍ കാണാനായി. ഇത് വീഡിയോയെ സംശയാസ്‌പദമാക്കി.

മാത്രമല്ല, വീഡിയോയുടെ ഇടയ്‌ക്ക് വച്ച് പശ്ചാത്തലവും മാറുന്നുണ്ട്. ഇതും വീഡിയോയെ കുറിച്ച് സംശയം ജനിപ്പിച്ച കാര്യമാണ്. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതൊരു എഐ നിര്‍മ്മിത വീഡിയോയാണ് എന്ന് വ്യക്തമായി. ദൃശ്യങ്ങള്‍ എഐ ടൂളുകളുടെ സഹായത്തോടെ നിര്‍മ്മിച്ചതാണെന്ന് എഐ ഡിറ്റക്ഷന്‍ ടൂളുകളുടെ പരിശോധനയിലും തെളിഞ്ഞു. ഇക്കാര്യം വിവിധ ഫാക്‌ട് ചെക്ക് വെബ്‌സൈറ്റുകളും സ്ഥിരീകരിച്ചിട്ടുണ്ട്.

നിഗമനം
ഒരു ആഢംബര കാറിന് മുകളിലൂടെ ചവിട്ടിക്കടന്നുപോകുന്ന കാളയുടെ വീഡിയോ യഥാര്‍ഥമല്ല, എഐ നിര്‍മ്മിതമാണ്.



