വീഡിയോ അവകാശപ്പെടുന്നതുപോലെ ഗുരുവായൂരില്‍ ഈയടുത്ത ദിവസങ്ങളില്‍ ആലിപ്പഴ വര്‍ഷമുണ്ടായിട്ടുണ്ടോ? 

കാലവര്‍ഷത്തിന്‍റെ ഭാഗമായി ശക്തമായ മഴയാണ് കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്നത്. പലയിടത്തും മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനിടെ വൈറലാവുന്ന ഒരു വീഡിയോയുടെ വസ്‌തുത എന്താണ് എന്ന് അറിയാം.

പ്രചാരണം

'ഗുരുവായൂരില്‍ ഐസ് മഴ'- എന്ന കുറിപ്പോടെയാണ് വീഡിയോ ഫേസ്‌ബുക്കില്‍ മൈ ന്യൂസ് എന്ന പേജില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. രണ്ട് മിനുറ്റും മൂന്ന് സെക്കന്‍ഡുമാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു റോഡിലും സമീപത്തും മഴ പെയ്യുന്നതാണ് ദൃശ്യത്തില്‍. ഏതോ കടയുടെ മുന്നില്‍ നിന്നുള്ള ദൃശ്യമാണ് ഇതെന്ന് അനുമാനിക്കാം. വീഡിയോ പോസ്റ്റ് ചെയ്‌തവര്‍ അവകാശപ്പെടുന്നത് പോലെ ഗുരുവായൂരില്‍ ഐസ് മഴ പെയ്‌തോ? 

വസ്‌തുത

വീഡിയോ പോസ്റ്റ് ചെയ്‌തയാള്‍ അവകാശപ്പെടുന്നതുപോലെ ഗുരുവായൂരില്‍ ഈയടുത്ത ദിവസങ്ങളിലൊന്നും ആലിപ്പഴവര്‍ഷമുണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഐസ് അല്ലെങ്കില്‍ ആലിപ്പഴം വീഴുന്നതുപോലെ തോന്നിക്കാന്‍ മഴ പെയ്യുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌ത് സ്ലോമോഷനാക്കി മാറ്റിയതാണ് വീഡിയോയില്‍ കാണുന്നത്. നിലത്തുവീഴുന്നത് ആലിപ്പഴമല്ല, മഴത്തുള്ളികള്‍ തന്നെയാണ് എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. 

നിഗമനം

ഗുരുവായൂരില്‍ ഐസ് മഴ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഗുരുവായൂരില്‍ വീഡിയോയില്‍ അവകാശപ്പെടുന്നത് പോലെ ആലിപ്പഴവര്‍ഷമുണ്ടായിട്ടില്ല. 

Read more: ഹിറ്റ്‌ലറുടെ വേഷം ധരിച്ചയാളുടെ ഫോട്ടോ യൂറോ കപ്പില്‍ നിന്നുള്ളതോ? സത്യമറിയാം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം