മൂന്ന് മിനുറ്റും നാല് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ വാട്‌സ്‌ആപ്പില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്

തിരുവനന്തപുരം: 'ആഫ്രിക്കയിൽ കടൽ കത്തുന്നു. ഹ എന്തൊരു കാലം'... സാമൂഹ്യമാധ്യമമായ വാട്‌സ്‌ആപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഈ വീഡിയോ ഏറെപ്പേര്‍ കണ്ടിട്ടുണ്ടാവും. മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കടലില്‍ വെള്ളത്തിന് മീതെ തീ പടര്‍ന്നിരിക്കുന്നതും ആളുകള്‍ അതിന്‍റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതും കാണാം. തീ കൂടുതലായി ആളിപ്പടരുന്നതും കൂടുതല്‍ ആളുകള്‍ അതിന് സമീപത്ത് തടിച്ചുകൂടുന്നതും ദൃശ്യമാണ്. ആഫ്രിക്കയില്‍ കടല്‍ കത്തുന്നു എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോ സത്യമോ. 

വീഡിയോ

പ്രചാരണം

മൂന്ന് മിനുറ്റും നാല് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ വാട്‌സ്‌ആപ്പില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. കടലില്‍ തീരത്തോട് മീറ്ററുകള്‍ മാത്രം അകലെ വന്‍ അഗ്നിബാധയുണ്ടായിരിക്കുന്നതാണ് വീഡിയോയില്‍. തീയും പുകപടലവും കരയിലേക്ക് വ്യാപിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് കാണാനായി ഏറെപ്പേര്‍ തടിച്ചുകൂടുന്നതും ആളുകളുടെ ബഹളവും ഒടുവില്‍ ഭയന്നോടുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഏതോ ഒരു ആഫ്രിക്കന്‍ രാജ്യത്ത് നിന്നുള്ള വീഡിയോയാണിത് എന്ന് ഉറപ്പിക്കാമെങ്കിലും തലക്കെട്ടില്‍ പറയുന്നത് പോലെ കടല്‍ കത്തുന്ന സംഭവമാണോ ഇത്. സമീപകാലത്ത് നടന്നതാണോ ഇത്? ആഫ്രിക്കയില്‍ കടല്‍ കത്തുന്ന വീഡിയോയാണോ ഇതെന്ന് ചോദിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിന് ഈ ദൃശ്യം വസ്‌തുതാ പരിശോധനയ്‌ക്കായി ലഭിച്ചു. അതിനാല്‍ വിശദമായ പരിശോധനയ്‌ക്ക് വീഡിയോ വിധേയമാക്കി. 

വാട്‌സ്‌ആപ്പില്‍ ലഭിച്ച വീഡിയോ സ്ക്രീന്‍ഷോട്ട്

കീവേഡ് പരിശോധനയില്‍ ഈ വീഡിയോ ഫേസ്‌ബുക്കിലും സമാന തലക്കെട്ടോടെ പ്രചരിക്കുന്നതാണ് എന്ന് കണ്ടെത്തി. വി എസ് ഭഗത് കുമാര്‍ എന്നയാള്‍ എഫ്‌ബിയില്‍ സെപ്റ്റംബര്‍ 15-ാം തിയതി പങ്കുവെച്ച വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ചുവടെ. 

വസ്‌തുതാ പരിശോധന

വീഡിയോ ആഫ്രിക്കയില്‍ നിന്നുള്ളതാണ് എന്ന സൂചന ദൃശ്യത്തിലുള്ളതിനാല്‍ africa sea fire എന്ന കീവേഡ് ഉപയോഗിച്ച് വിശദാംശം ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. 2021 ജൂണ്‍ 11ന് 'ഫ്രാന്‍സ് 24 ഒബ്‌സര്‍വേര്‍സ്' പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ ലിങ്കാണ് ആദ്യ സെര്‍ച്ച് ഫലമായി ലഭിച്ചത്. 

സെര്‍ച്ച് ഫലത്തിന്‍റെ സ്ക്രീന്‍ഷോട്ട്

ഇതിനാല്‍ തന്നെ ഇപ്പോള്‍ കേരളത്തില്‍ പ്രചരിക്കുന്ന വീഡിയോ രണ്ട് വര്‍ഷം പഴയതാണ് എന്ന് വ്യക്തമായി. 2021 മെയ് മാസം മുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയാണിത് എന്ന് ഫ്രാന്‍സ് 24 ഒബ്‌സര്‍വേര്‍സിന്‍റെ വാര്‍ത്തയില്‍ പറയുന്നു. കാമറൂണിലോ കോംഗോയിലോ കടല്‍ത്തട്ടില്‍ നടന്ന അഗ്നിപര്‍വത സ്ഫോടനത്തെയോ എണ്ണ പൈപ്പ്ലൈന്‍ പൊട്ടിത്തെറിയേയോ തുടര്‍ന്നുണ്ടായ അഗ്നിബാധയാണിത് എന്നുമായിരുന്നു അന്ന് ആഫ്രിക്കയില്‍ സാമൂഹ്യമാധ്യമങ്ങളിലെ അവകാശവാദം. എന്നാല്‍ എന്താണ് ഈ വീഡിയോയുടെ വസ്‌തുത എന്ന് പരിശോധിച്ചതായും നൈജീരിയില്‍ നിന്നുള്ള ദൃശ്യമാണിതെന്ന് ബോധ്യപ്പെട്ടതായും ഫ്രാന്‍സ് 24 ഒബ്‌സര്‍വേര്‍സിന്‍റെ വാര്‍ത്തയില്‍ കാണാം. 

ഫ്രാന്‍സ് 24 ഒബ്‌സര്‍വേര്‍സ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

ഫ്രാന്‍സ് 24 ഒബ്‌സര്‍വേര്‍സിന്‍റെ വാര്‍ത്ത ശരിയാണോയെന്നും നൈജീരിയയില്‍ 2021ല്‍ കടലില്‍ നടന്ന തീപ്പിടുത്തത്തിന്‍റെ ദ‍ൃശ്യങ്ങള്‍ തന്നെയോ ഇത് എന്നുമുറപ്പിക്കാന്‍ വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇപ്പോള്‍ കേരളത്തിലെ വാട്‌സ്‌ആപ്പുകളില്‍ പ്രചരിക്കുന്ന വീഡിയോ 2021 മെയ് 27ന് ഫേസ്‌ബുക്കില്‍ ഒരാള്‍ പങ്കുവെച്ചിരുന്നതായി ഇതിലൂടെ കണ്ടെത്തി. എന്നാല്‍ കോംഗോയില്‍ നടന്ന അപകടം എന്നാണ് ഈ വീഡിയോയുടെ തലക്കെട്ടിലുണ്ടായിരുന്നത്. അതിനാല്‍തന്നെ വീഡിയോയുടെ ഉറവിടം ഉറപ്പിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ വേണ്ടിവന്നു. 

കൂടുതല്‍ വിശദമായി വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തിയാണ് ഒടുവില്‍ നിഗമനത്തിലെത്തിയത്. ഇതില്‍ നിന്ന് പ്രമുഖ രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ എഎഫ്‌പി 2021 ജൂണ്‍ 9ന് ഈ വീഡിയോയെ കുറിച്ച് ഫാക്ട് ചെക്ക് നടത്തിയിരുന്നതായി കണ്ടെത്തി. നൈജീരിയന്‍ തീരത്ത് കടലിലൂടെ കടന്നുപോകുന്ന പെട്രോള്‍ പൈപ്പ്‌ലൈനിലുണ്ടായ തീപ്പിടുത്തമാണിത് എന്നാണ് എഎഫ്‌പിയുടെ വസ്‌തുതാ പരിശോധനയില്‍ വ്യക്തമായത്. അപകടവാര്‍ത്ത ഏറെ നൈജീരിയന്‍ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്‌തത് ലിങ്കില്‍ വായിക്കാം. 2021 മെയ് 25നാണ് നൈജീരിയയില്‍ തീപ്പിടുത്തമുണ്ടായത് എന്ന് വാര്‍ത്തകളില്‍ പറയുന്നു. എന്നാല്‍ നൈജീരിയയില്‍ എവിടെയാണ് അപകടം നടന്നത് എന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. 

എഎഫ്‌പി വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

നിഗമനം

'ആഫ്രിക്കയിൽ കടൽ കത്തുന്നു, ഹ എന്തൊരു കാലം' എന്ന കുറിപ്പോടെ കേരളത്തില്‍ വാട്‌സ്‌ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യം 2021ലെ വീഡിയോയാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ തെളിഞ്ഞു. നൈജീരിയയില്‍ പൈപ്പ്‌ലൈനിലെ ചോര്‍ച്ചയെ തുടര്‍ന്നാണ് ഈ അപകടം നടന്നത് എന്നാണ് വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതോ അടുത്തിടെ നടന്നതോ ആയ സംഭവത്തിന്‍റെ ദൃശ്യമല്ല ഇത്. 

Read more:ഇന്ത്യയിലെത്തിയ പാക് ടീമിനെ ആരാധകര്‍ വരവേറ്റത് 'പാകിസ്ഥാന്‍ മൂര്‍ദാബാദ്' വിളികളോടെ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം