കേന്ദ്ര സര്‍ക്കാരിന്‍റെത് എന്ന തോന്നിക്കുന്ന ഈ വെബ്‌സൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും വിവിധ കേന്ദ്ര പദ്ധതികളുടെ ലോഗോകളും കാണാം

സാമൂഹ്യമാധ്യമങ്ങള്‍ വഴി തൊഴില്‍ തട്ടിപ്പുകള്‍ സജീവമാണ്. തൊഴില്‍ ലഭിക്കാന്‍ പണമാവശ്യപ്പെട്ടും വ്യക്തി വിവരങ്ങള്‍ ചോദിച്ചും നിരവധി സന്ദേശങ്ങള്‍ വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. ഇവ കണ്ട് വിശ്വസിച്ച് പണം നല്‍കി വഞ്ചിതരായവര്‍ നിരവധി. ഇത്തരത്തില്‍ സംശയം ജനിപ്പിക്കുന്ന ഒരു വെബ്‌സൈറ്റ് ലിങ്കിന്‍റെ വസ്‌തുത എന്താണെന്ന് നോക്കാം.

പ്രചാരണം

ഗ്രാമിണ്‍ ഉദ്യാമിത വികാഷ് നിഗം വഴി തൊഴില്‍ ലഭിക്കും എന്നുപറഞ്ഞാണ് https://www.guvn.org/ എന്ന വെബ്‌സൈറ്റിന്‍റെ ലിങ്ക് പ്രചരിക്കുന്നത്. വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള ഓപ്ഷനുകള്‍ ഈ ലിങ്കില്‍ കാണാം. രണ്ട് ലക്ഷത്തിലധികം തൊഴില്‍ അവസരങ്ങള്‍ ലഭ്യമാണ് എന്ന് ഈ വെബ്‌സൈറ്റില്‍ പറയുന്നു. ഇതോടൊപ്പം സംരംഭങ്ങള്‍ തുടങ്ങാന്‍ യുവതീയുവാക്കള്‍ക്ക് ലോണുകളും പരിശീലനവും നല്‍കുന്നതായും വെബ്‌സൈറ്റില്‍ വിവരം നല്‍കിയിട്ടുണ്ട്. 

വെബ്‌സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

കേന്ദ്ര സര്‍ക്കാരിന്‍റെത് എന്ന തോന്നിക്കുന്ന ഈ വെബ്‌സൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും വിവിധ കേന്ദ്ര പദ്ധതികളുടെ ലോഗോകളും കാണാം. 

വസ്‌തുത

ഒറ്റ നോട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വെബ്‌‌സൈറ്റ് എന്ന് തോന്നിക്കാന്‍ പല സൂചനകളും ഈ വെബ്‌സൈറ്റിനുണ്ടെങ്കിലും ഇതിന് കേന്ദ്രവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ വെബ്‌സൈറ്റ് സാമൂഹ്യനീതി മന്ത്രായത്തിന് കീഴിലുള്ളതല്ല എന്ന് പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. മാത്രമല്ല, ഈ വെബ്‌സൈറ്റിന്‍റെ യുആര്‍എല്ലില്‍ സര്‍ക്കാര്‍ സൈറ്റുകളില്‍ കാണുന്ന .gov.in എന്ന അഡ്രസും ഇല്ല. socialjustice.gov.in എന്നതാണ് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന്‍റെ വിലാസം എന്ന് പിഐബി പൊതുജനങ്ങളെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. 

പിഐബിയുടെ ട്വീറ്റ്

Scroll to load tweet…

നിഗമനം

തൊഴിലും ലോണുകളും വാഗ്‌ദാനം ചെയ്‌ത് സാമൂഹ്യനീതി മന്ത്രാലയത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന വെബ്‌‌സൈറ്റ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളതല്ല. അതിനാല്‍ ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യും മുമ്പ് വളരെയധികം ശ്രദ്ധിക്കുക. 

Read more: തകര്‍ന്ന കെട്ടിടങ്ങള്‍ സാക്ഷി, ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ച് ഗാസക്കാര്‍; പക്ഷേ ചിത്രം!