ഒരു കനേഡിയന്‍ ഫുഡ് ബ്ലോഗര്‍ ഈ 'വിചിത്രമായ' ഐസ്‌ക്രീം രുചിക്കാന്‍ വേണ്ടി തായ്‌ലാന്‍ഡ് മെക് ഡൊണാള്‍ഡ്‌സില്‍ എത്തുകയും ചെയ്തു. ഇവര്‍ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്

സമൂഹമാധ്യമങ്ങളില്‍ ( Social Media ) ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകള്‍ക്ക് ( Food Video ) എപ്പോഴും കാഴ്ചക്കാരേറെയാണ്. വെറും വിഭവങ്ങളുടെ റെസിപ്പി മാത്രമല്ല, മറിച്ച് പാചകത്തിലെ പരീക്ഷണങ്ങളും പുതുമകളുമെല്ലാമാണ് ഇപ്പോള്‍ 'ട്രെന്‍ഡിംഗ്'. പ്രത്യേകിച്ച് കൊവിഡ് കാലത്താണ് ഇത്തരത്തിലുള്ള പാചക പരീക്ഷണങ്ങളുടെ വീഡിയോകള്‍ കുറെക്കൂടി വ്യാപകമാകാന്‍ തുടങ്ങിയത്. 

പ്രധാനമായും 'സ്ട്രീറ്റ് ഫുഡ്' മേഖലയില്‍ വരുന്ന പുതുമകളാണ് അധികവീഡിയോകളിലും വരാറ്. ഇതല്ലാതെ വലിയ ബ്രാന്‍ഡുകള്‍ നടത്തുന്ന ഭക്ഷണപരീക്ഷണങ്ങളും വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും ഇടം പിടിക്കാറുണ്ട്. അത്തരത്തില്‍ പ്രമുഖ ബ്രാന്‍ഡായ 'മെക് ഡൊണാള്‍ഡ്‌സ്' തങ്ങളുടെ തായ്‌ലാന്‍ഡ് ബ്രാഞ്ചില്‍ കൊണ്ടുവന്നിരിക്കുന്ന പുതുമയുള്ളൊരു ഐസ്‌ക്രീമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. 

പോര്‍ക്ക് ( പന്നിയിറച്ചി ), ചില്ലി പേസ്റ്റ് എന്നിവയെല്ലാം ചേര്‍ത്താണ് ഈ ഐസ്‌ക്രീം തയ്യാറാക്കുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരുടെയും നെറ്റി ചുളിയുമെന്നത് തീര്‍ച്ച. ഇറച്ചി കൊണ്ട് ഐസ്‌ക്രീമോ! എന്ന് ഞെട്ടിപ്പോയാലും തെറ്റ് പറയാനില്ല. എന്തായാലും സംഗതി ഉള്ളത് തന്നെ. 

ഒരു കനേഡിയന്‍ ഫുഡ് ബ്ലോഗര്‍ ഈ 'വിചിത്രമായ' ഐസ്‌ക്രീം രുചിക്കാന്‍ വേണ്ടി തായ്‌ലാന്‍ഡ് മെക് ഡൊണാള്‍ഡ്‌സില്‍ എത്തുകയും ചെയ്തു. ഇവര്‍ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. 

ഐസ്‌ക്രീം കാഴ്ചയ്ക്ക് തന്നെ അല്‍പം 'പ്രശ്‌നം' ഉണ്ടാക്കുന്നതാണെന്നാണ് വീഡിയോ കണ്ടവരില്‍ അധികപേരും പറയുന്നത്. ഇതിന് പുറമെ യുവതിയുടെ വര്‍ണന കൂടിയാകുമ്പോള്‍ പൂര്‍ണമായി. എങ്കിലും സധൈര്യം ഇവര്‍ ഐസ്‌ക്രീം രുചിക്കുകയാണ്. വിചാരിച്ചത് പോലെ അത്രയും 'ബോര്‍' അല്ലെങ്കിലും ഇനിയൊരിക്കല്‍ കൂടി കഴിക്കാന്‍ താന്‍ ഒരുക്കമല്ലെന്നാണ് ഇവര്‍ പറയുന്നത്.

ഇറച്ചി അടങ്ങിയ അത്താഴം കഴിച്ച ശേഷം ഡിസേര്‍ട്ട് കഴിക്കുന്നത് പോലെയാണ് ആകെ ഈ ഐസ്‌ക്രീം കഴിക്കുമ്പോള്‍ തോന്നുകയത്രേ. പല്ലിനിടയില്‍ ഇറച്ചി പോയിക്കഴിഞ്ഞാല്‍ അത് പുറത്തെടുക്കാന്‍ നാം ഏറെ നേരം ശ്രമിക്കാറില്ലേ, അതുപോലെ വേണം ഈ ഐസ്‌ക്രീം കഴിക്കാനെന്നും ഇവര്‍ പറയുന്നു. 

ഏതായാലും വീഡിയോ കണ്ടവരില്‍ ഭൂരിഭാഗം പേരും ഈ 'കടുംകൈ' ചെയ്യാന്‍ തയ്യാറല്ലെന്നാണ് അഭിപ്രായപ്പെടുന്നത്. ഇത്രയധികം ആരാധകരുള്ള പോര്‍ക്ക്, ഐസ്‌ക്രീം എന്നിങ്ങനെയുള്ള വിഭവങ്ങളെ തന്നെ വെറുപ്പിക്കുന്നത് പോലെയാണ് ഇത്തരം പരീക്ഷണങ്ങളെന്നും ആരാണ് ഈ 'ഐഡിയ' മെക് ഡൊണാള്‍ഡ്‌സിന് നല്‍കിയതെന്നുമെല്ലാം ഭക്ഷണപ്രേമികള്‍ ചോദിക്കുന്നു. എന്തായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ....

View post on Instagram

Also Read:- ഇഡലി വച്ച് ഐസ്‌ക്രീം; ഇടിവെട്ട് പ്രതിഷേധവുമായി 'ഫുഡ് ലവേഴ്‌സ്'

ദോശയില്‍ ഇങ്ങനെയുമൊരു പരീക്ഷണം; വീഡിയോ... നിത്യവും വ്യത്യസ്തങ്ങളായ എത്രയോ തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയ വഴി കാണുന്നത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അതിന് കാഴ്ചക്കാരേറെയാണ്. പാചക റെസിപ്പികളെക്കാള്‍ വിഭവങ്ങളിലുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ 'ട്രെന്‍ഡ്. പ്രത്യേകിച്ച് സ്ട്രീറ്റ് ഫുഡ്, അഥവാ തെരുവോരങ്ങളില്‍ ലഭിക്കുന്ന വിഭവങ്ങളിലെ പരീക്ഷണമാണ് ഇത്തരം ഫുഡ് വീഡിയോകളില്‍ അധികവും കാണാറ്. ഇവയില്‍ പലതും നമ്മെ ആകര്‍ഷിക്കുന്നതാണെങ്കിലും ചിലത്, നമുക്ക് 'വേണ്ട' എന്ന് തോന്നിക്കുന്നതും ആകാം... Read More...