ബീച്ചുകൾക്കും നൈറ്റ് ലൈഫിനും പേരുകേട്ടതാണ് ഗോവയെങ്കിലും, അവിടുത്തെ യഥാർത്ഥ ആത്മാവ് സ്ട്രീറ്റ് ഫുഡിലാണെന്നാണ് നാട്ടുകാർ പറയുന്നത്. അതിൽ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് എരിവും സ്വാദും നിറഞ്ഞ റോസ് ഓംലറ്റ്.
ഗോവയുടെ തനത് രുചികളും അവിടുത്തെ റിലാക്സ്ഡ് വൈബും ഒപ്പിയെടുക്കാൻ പറ്റിയ ഒരു സ്ട്രീറ്റ് ഫുഡ് വിഭവമുണ്ടെങ്കിൽ, അത് ഉറപ്പായും പ്രശസ്തമായ റോസ് ഓംലറ്റ് തന്നെയായിരിക്കും. ഗോവയിലെ വഴിയോരങ്ങളിലും ചെറിയ കടകളിലുമെല്ലാം സുലഭമായി കിട്ടുന്ന ഈ വിഭവം ഗോവക്കാരുടെയും ടൂറിസ്റ്റുകളുടെയും ഒരുപോലെ ഇഷ്ടവിഭവമാണ്. വളരെ ലളിതമെങ്കിലും രുചിയിൽ മുൻപന്തിയിൽ നിൽക്കുന്ന റോസ് ഓംലറ്റ്, ഗോവൻ തെരുവുകളിലൂടെയുള്ള സായാഹ്ന സവാരിക്കിടയിൽ ചൂടോടെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
എന്താണ് റോസ് ഓംലറ്റിനെ ഇത്ര സ്പെഷ്യലാക്കുന്നത്?
നല്ല പതുപതുത്ത ഓംലറ്റും, എരിവുള്ള ചിക്കൻ കറിയും ചേർന്ന ഒരു കിടിലൻ കോമ്പിനേഷനാണ് റോസ് ഓംലറ്റ്. ഈ ചിക്കൻ കറിയെയാണ് നാട്ടുകാർ 'റോസ്' എന്ന് വിളിക്കുന്നത്. നമ്മുടെ നാട്ടിലെ ബണ്ണിനോട് സാമ്യമുള്ള, മൃദുവായ 'പാവ്' അല്ലെങ്കിൽ ബ്രെഡിന്റെ മുകളിൽ ഓംലറ്റ് വെച്ച്, അതിലേക്ക് ചൂടുള്ള റോസ് ഒഴിച്ചാണ് ഇത് വിളമ്പുന്നത്. മുട്ടയുടെയും എരിവുള്ള കറിയുടെയും സോഫ്റ്റ് ബ്രെഡിന്റെയും ഈ കൂടിച്ചേരൽ ആളുകളെ വീണ്ടും വീണ്ടും ആകർഷിക്കുന്ന ഒരു പ്രത്യേക അനുഭവം നൽകുന്നു.
സാധാരണ ഓംലറ്റുകളിൽനിന്ന് ഗോവൻ റോസ് ഓംലറ്റിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ 'തീപ്പൊരി' കറിയാണ്. തനത് മസാലകൾ, സവാള, തക്കാളി, നല്ല വെന്ത ചിക്കൻ കഷ്ണങ്ങൾ എന്നിവ ചേർത്താണ് ഈ കറി ഉണ്ടാക്കുന്നത്. ഓരോ കടക്കാർക്കും അവരവരുടേതായ രഹസ്യ പാചകകൂട്ടുകളുണ്ട്. അതുകൊണ്ടുതന്നെ പലയിടങ്ങളിൽ നിന്നും റോസ് ഓംലറ്റ് കഴിക്കുന്നത് ഓരോ പുതിയ അനുഭവമായിരിക്കും.
നാട്ടുകാർക്ക് പ്രിയം എവിടെ?
മികച്ച റോസ് ഓംലറ്റ് കഴിക്കാൻ വലിയ റെസ്റ്റോറന്റുകളേക്കാൾ നല്ലത് ചെറിയ വഴിയോര കടകളാണെന്നാണ് ഗോവക്കാർ പറയുന്നത്. പനാജി, മപുസ, മർഗോവ തുടങ്ങിയ സ്ഥലങ്ങളിലെ പ്രശസ്തമായ തട്ടുകടകളിൽ വൈകുന്നേരങ്ങളിൽ നല്ല തിരക്ക് കാണാം. ആളുകൾ ഫ്രഷ് പ്ലേറ്റിനായി കാത്തുനിൽക്കുന്ന കാഴ്ച സാധാരണമാണ്.
ഇവിടങ്ങളിലെ ചില കടകൾ പേരുകേട്ടത് അവരുടെ കുറുകിയ എരിവുള്ള റോസ്, ബട്ടർ പുരട്ടിയ പാവ്, കൃത്യമായ വേവിലുള്ള ഓംലറ്റ് എന്നിവയുടെ പേരിലാണ്. ഇതിന്റെ കൂടെ തണുത്ത ഒരു സോഫ്റ്റ് ഡ്രിങ്കോ ചായയോ കൂടിയാകുമ്പോൾ സംഗതി ഉഷാറാകും.
ഗോവയിൽ നിർബന്ധമായും കഴിക്കേണ്ട വിഭവം
വില കുറഞ്ഞതും വയറുനിറക്കുന്നതും രുചികരവുമായ റോസ് ഓംലറ്റ് ഗോവയിലെ ഒരു സ്ട്രീറ്റ് ഫുഡ് മാത്രമല്ല, അവിടുത്തുകാർക്ക് അതൊരു വികാരമാണ്. ഈ ഐക്കോണിക് വിഭവം ഒരിക്കലെങ്കിലും കഴിക്കാതെ ഒരു ഗോവൻ യാത്രയും പൂർണമാകില്ല.


