മദ്യപാനം ഒഴിവാക്കുക, സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക, പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഫാറ്റി ലിവർ രോഗത്തിൻ്റെ സാധ്യത കുറയ്ക്കാനുള്ള ചില ടിപ്സ്.
കരളിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ രോഗം. മദ്യപാനം ഒഴിവാക്കുക, സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക, പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഫാറ്റി ലിവർ രോഗത്തിൻ്റെ സാധ്യത കുറയ്ക്കാനുള്ള ചില ടിപ്സ്. കൂടാതെ ചില പാനീയങ്ങൾ കുടിക്കുന്നതും ഫാറ്റി ലിവർ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പറയുകയാണ് പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി.
ഫാറ്റി ലിവർ രോഗികൾക്ക് കുടിക്കാവുന്ന മൂന്ന് പാനീയങ്ങളെ കുറിച്ചും ഡോക്ടര്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഇവ കരളിലെ കൊഴുപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും കരളിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുമെന്നും ഡോക്ടർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
1. ഗ്രീന്‍ ടീ
EGCG (epigallocatechin gallate) പോലുള്ള കാറ്റെച്ചിനുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ. EGCG കരളിൻ്റെ എൻസൈമുകളെ മെച്ചപ്പെടുത്തുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നുവെന്നും ഡോ. സൗരഭ് സേഥി പറയുന്നു.
2. കോഫി
കോഫിക്ക് ഫൈബ്രോസിസ്, ഫാറ്റി ലിവർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ഡോക്ടർ പറയുന്നു.ഓർഗാനിക് കോഫി തിരഞ്ഞെടുക്കാനും പഞ്ചസാര ഒഴിവാക്കാനും അദ്ദേഹം ശുപാർശ ചെയ്യുന്നു.
3. ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റാലൈനുകൾ എന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമായി ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഈ ആൻ്റിഓക്‌സിഡൻ്റുകൾ കരൾ കോശങ്ങളെ സംരക്ഷിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

