വീണ്ടും ഒരു ഫുഡ് 'കോമ്പിനേഷനാ'ണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബിരിയാണിക്ക് മുകളില്‍ ചോക്ലേറ്റ് ഒഴിച്ചു കഴിക്കുന്നതിന്‍റെയും പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുന്നതിന്റെയുമൊക്കെ ക്ഷീണം മാറുന്നതിന് മുന്‍പേയാണ് മറ്റൊരു ഭക്ഷണപരീക്ഷണം കൂടി വൈറലാകുന്നത്. ഇത്തവണ ദോശയിലാണ് പരീക്ഷണം. 

ആർഡിഎക്സ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അമ്പത്തിയേഴ് സെക്കന്റുള്ള വീഡിയോ പ്രചരിക്കുന്നത്. വലിയ കല്ലിൽ ദോശമാവ് പരത്തുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ചേർക്കുന്ന ചേരുവകളാണ് ഈ ദോശയെ വ്യത്യസ്തമാക്കുന്നത്. 

ഉള്ളിയും തക്കാളിയും കാപ്സിക്കവും കെച്ചപ്പും മയണൈസും സോസും മസാലകളും വെണ്ണയും പാസ്തയുമൊക്കെ ചേർത്താണ് ഇവിടെ ദോശ ഉണ്ടാക്കുന്നത്. നന്നായി പരത്തിയ മാവിനു മുകളിലേക്ക് ആദ്യം ഉള്ളി ഇടുന്നു. ശേഷം തക്കാളിയും കാപ്സിക്കവും കെച്ചപ്പും മയണൈസും ഷെഷ്വാൻ സോസും മസാലയും വെണ്ണയും ചേർത്ത് നന്നായി പരത്തുന്നു. ഇതിനു മുകളിലേക്ക് വേവിച്ചുവച്ചിരിക്കുന്ന പാസ്തയിട്ട് മുകളിൽ അൽപം ക്രീം കൂടിയിട്ട് എല്ലാം നന്നായി മിക്സ് ചെയ്യുന്നു. ശേഷം ദോശയ്ക്കു മുകളിൽ മുഴുവൻ ഈ പാസ്ത മിശ്രിതം ചേർത്ത് മുകളിൽ നിന്ന് താഴേക്ക് മുറിച്ചുവച്ച് മുകളിൽ ചീസ് ​ഗ്രേറ്റ് ചെയ്തിടുന്നു. ഏറ്റവും ഒടുവില്‍ മുറിച്ചുവച്ച ദോശകഷ്ണം ചുരുട്ടിയെടുത്ത് പ്ലേറ്റിലേക്കു മാറ്റി വീണ്ടും മുകളിൽ ചീസ് ​ഗ്രേറ്റ് ചെയ്തിടുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

 

 

നിരവധി പേരാണ് ഈ പാസ്ത ദോശയ്ക്ക് താഴെ കമന്‍റുകളുമായി എത്തിയിരിക്കുന്നത്. ഭൂരിഭാ​ഗം പേരും ഇതു ദോശയോടു ചെയ്ത ക്രൂരതയാണെന്നാണ് പറയുന്നത്. ഇത്രത്തോളം ചീസും പാസ്തയും ചേർത്ത ദോശ എങ്ങനെയാണ് കഴിക്കുക എന്നും ചിലര്‍ ചോദിക്കുന്നു. 

 

Also Read: പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിച്ചു; ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ; വൈറലായി ചിത്രം...