ലോകരാജ്യങ്ങളെ ഒട്ടാകെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് എന്ന മാരക രോഗകാരി പടര്‍ന്നുപിടിക്കുന്നത്. ആരോഗ്യവും രോഗപ്രതിരോധ ശേഷിയും കുറഞ്ഞവരില്‍ വളരെ എളുപ്പത്തില്‍ ഈ വൈറസ് കയറിക്കൂടുമെന്നാണ് ആരോഗ്യവിദ്ഗധര്‍ നല്‍കുന്ന വിവരം. അതിനാല്‍ത്തന്നെ പ്രതിരോധ ശേഷിയെ പിടിച്ചുനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യമാണ്. 

ഭക്ഷണത്തിലൂടെയാണ് വലിയൊരു പരിധി വരെ നമുക്ക് പ്രതിരോധശേഷി ആര്‍ജിക്കാനാവുക. ഇതിന് സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണപദാര്‍ത്ഥങ്ങളുണ്ട്. അക്കൂട്ടത്തില്‍പ്പെടുന്നവയാണ് മഞ്ഞള്‍, ചെറുനാരങ്ങ, ഇഞ്ചി തുടങ്ങിയവ. ഇവയുപയോഗിച്ച് തയ്യാറാക്കുന്ന പാനീയം രാവിലെ ഉണര്‍ന്നയുടന്‍ കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

 

 

മഞ്ഞളിലടങ്ങിയിരിക്കുന്ന 'കുര്‍ക്കുമിന്‍', 'ലിപ്പോ പോളി സാക്രൈഡ്' എന്നീ പദാര്‍ത്ഥങ്ങളാണ് അണുബാധകളില്‍ നിന്ന് നമ്മെ രക്ഷിക്കുന്നത്. ചെറുനാരങ്ങയിലാണെങ്കില്‍ ധാരാളം വൈറ്റമിന്‍-സി അടങ്ങിയിട്ടുണ്ട്. ഇതും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്ന ഘടകമാണ്. ഇഞ്ചിയുടെ കാര്യത്തില്‍, ഇതിലടങ്ങിയിരിക്കുന്ന 'ജിഞ്ചറോള്‍' എന്ന പദാര്‍ത്ഥമാണ് നമുക്ക് പ്രധാനമായും ഗുണകരമാകുന്നത്. 

ഇവ മൂന്നും ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നിലാണ്. അതിനാല്‍ ധൈര്യമായി ഇവ കഴിക്കാവുന്നതാണ്. ഇനി ആദ്യം സൂചിപ്പിച്ച പാനീയം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. 

ഒരു ഗ്ലാസ് വെള്ളം, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി ഗ്രേറ്റ് ചെയ്തത് ചേര്‍ത്ത് തിളപ്പിക്കുക. ഇനിയിത് അരിച്ചെടുത്ത ശേഷം ഇതിലേക്ക് ഒരു ടോബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരും അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ആവശ്യമെങ്കില്‍ അല്‍പം തേനോ, ശര്‍ക്കര പൊടിച്ചതോ ഇതിലേക്ക് ചേര്‍ക്കാം. സംഗതി റെഡി.

Also Read:- കൊറോണക്കാലത്ത് ഭക്ഷണത്തിൽ ഉപ്പ് അധികം വേണ്ട; പഠനം പറയുന്നത് ഇങ്ങനെ...
 

 

ഇനി, രാവിലെ എഴുന്നേറ്റയുടന്‍ അല്‍പം ചായ കഴിച്ചില്ലെങ്കില്‍ പറ്റില്ല എന്നുള്ളവര്‍ക്കും വഴിയുണ്ട്. അത്തരക്കാര്‍ക്ക് ഇഞ്ചി ചേര്‍ത്ത് തിളപ്പിച്ച കട്ടന്‍ ചായയോ ഗ്രീന്‍ ടീയോ ഉണ്ടാക്കിയ ശേഷം ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും ചേര്‍ക്കാവുന്നതാണ്. ഇതില്‍ പഞ്ചസാരയ്ക്ക് പകരം തേനോ ശര്‍ക്കരയോ തന്നെ ചേര്‍ക്കുകയാണ് ഉചിതം.

Also Read:- കൊവിഡ് 19; പ്രതിരോധശേഷി വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...