എന്ത് തരം ഡയറ്റ് പിന്തുടരണം എന്നത് ഓരോ വ്യക്തിയുടേയും തെരഞ്ഞെടുപ്പും താല്‍പര്യവുമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍, വിശ്വാസപരമായ ഘടകങ്ങള്‍, ധാര്‍മ്മികമായ വീക്ഷണങ്ങള്‍ എല്ലാം ഇതില്‍ ഭാഗവാക്കായേക്കാം. നമ്മള്‍ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് ആകെയും നമ്മള്‍ എന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്. 

അതായത്, നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ശരീരവും മനസുമെല്ലാം രൂപപ്പെട്ട് വരുന്നത്. അതിനാല്‍ കഴിക്കുന്ന ഭക്ഷണം, അത് എന്തുമാകട്ടെ വളരെ പ്രധാനമാണ്.

'വെജിറ്റേറിയന്‍' - 'നോണ്‍ വെജിറ്റേറിയന്‍' എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടാണ് പ്രധാനമായും ഭക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍, നമ്മളെത്തന്നെ പട്ടികപ്പെടുത്തുന്നത്. ഇതില്‍ രണ്ട് കൂട്ടരും തമ്മില്‍ കായികമായും മാനസികമായും വ്യത്യാസപ്പെട്ട് കിടക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഈ വ്യത്യാസങ്ങള്‍ പിടിതരില്ലെങ്കില്‍ കൂടി അവ അകത്ത് ഒളിച്ചിരിപ്പുണ്ടാകും.

അത്തരമൊരു വ്യത്യാസത്തെക്കുറിച്ച് സൂചിപ്പിക്കുന്ന പുതിയൊരു പഠനം വന്നിരിക്കുകയാണിപ്പോള്‍. പച്ചക്കറി ഭക്ഷണം മാത്രം കഴിക്കുന്നവരില്‍ മത്സ്യ- മാംസാഹാരങ്ങള്‍ കഴിക്കുന്നതിനെ അപേക്ഷിച്ച് വിഷാദരോഗം, ഉത്കണ്ഠ എന്നിവയെല്ലാം കൂടുമെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. 

മനശാസ്ത്രപരമായ വിഷയങ്ങളും ഡയറ്റും തമ്മിലുള്ള ബന്ധം പഠിക്കുന്ന 'അലബാമ യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഗവേഷകരുടേതാണ് ഈ പഠനവും. വിഷാദവും ഉത്കണ്ഠയും മാത്രമല്ല ആത്മഹാത്യാപ്രവണതയും 'വെജിറ്റേറിയന്‍'സില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെന്നാണ് ഇവരുടെ പഠനം അവകാശപ്പെടുന്നത്. 

Also Read:- ലൈംഗിക ജീവിതത്തില്‍ 'സ്മാര്‍ട്ട്' 'വെജിറ്റേറിയന്‍'സോ?...

1,60,000 പേരുടെ കേസ് ഹിസ്റ്ററികളാണ് പഠനത്തിനായി ഗവേഷകര്‍ പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ തങ്ങളുടെ നിഗമനങ്ങളിലെത്തിയിരിക്കുന്നതും. ഈ പഠനം സമ്പൂര്‍ണ്ണമായി ആധികാരികമാണെന്ന് അവകാശപ്പെടുന്നില്ലെന്നും മറിച്ച് തങ്ങള്‍ നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവില്‍ ഉരുത്തിരിഞ്ഞ നിഗമനം ഇതാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. 

'വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ദശാബ്ദങ്ങളായി തര്‍ക്കങ്ങള്‍ നടന്നുവരികയാണ്. ഞങ്ങളുടെ പഠനത്തില്‍ ഞങ്ങള്‍ക്ക് കണ്ടെത്താനായത് മാംസാഹാരം കഴിക്കുന്നവരില്‍ മെച്ചപ്പെട്ട മാനസികാരോഗ്യമുണ്ട് എന്നതാണ്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. എഡ്വേര്‍ഡ് ആര്‍ച്ചര്‍ പറയുന്നു. 

ഇവരുടെ കണ്ടെത്തലുകളെ ന്യായീകരിച്ച് പലരും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. യുകെയിലെ 'നാഷണല്‍ ഹെല്‍ത്ത് സര്‍വീസി'ലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റായ ഡോ. അസീം മല്‍ഹോത്ര അടക്കം നിരവധി പ്രമുഖരാണ് പഠനറിപ്പോര്‍ട്ടിനെ പിന്താങ്ങുന്നത്. 

Also Read:- 'ഞങ്ങൾ പ്യുവർ വെജിറ്റേറിയൻസാണ്, കൊറോണേ നീ ഓടിപ്പോ..!' വൈറലായി രാജസ്ഥാനി വനിതകളുടെ സംഘഗാനം...