ലോക്ഡൗണ്‍ കാലത്ത് മിക്കവരും വിരസത മാറ്റാനായി ഏറെയും ആശ്രയിച്ചത് ഭക്ഷണത്തെയായിരുന്നു. ഭക്ഷണം കഴിക്കുക മാത്രമല്ല, പാചകം ചെയ്യുന്നതും വിരസത മാറ്റാനും മാനസിക സമ്മര്‍ദ്ദമകറ്റാനും സഹായിക്കുന്ന വിനോദം തന്നെയാണ്. ഇത്തരത്തില്‍ ലോക്ഡൗണ്‍ കാലത്തെ പാചകപരീക്ഷണങ്ങളില്‍ നിരവധി പേര്‍ ശ്രമിച്ച് പരാജയപ്പെട്ട ഒരു വിഭവമാണ് പൊറോട്ട. 

മലയാളികളെ സംബന്ധിച്ചിടത്തോളം ബീഫ്, ചിക്കന്‍, മട്ടണ്‍ എന്നിങ്ങനെ കറി ഏതായാലും കൂട്ടത്തില്‍ പൊറോട്ട തന്നെയാണ് ഇഷ്ട കോംബോ. സംഗതി കേരളീയരുടെ ജനകീയ ഭക്ഷണമാണെങ്കില്‍ പോലും മിക്ക വീടുകളിലും ഇപ്പോഴും പൊറോട്ട തയ്യാറാക്കാറില്ല എന്നതാണ് സത്യം. 

മറ്റൊന്നുമല്ല, ഇത് തയ്യാറാക്കാന്‍ അല്‍പം പ്രയാസം തന്നെയാണ്. ചേരുവകളുടെ അളവ് കൃത്യമായില്ലെങ്കിലോ ഉണ്ടാക്കാന്‍ വേണ്ടി ആവശ്യത്തിന് ലഭിച്ചില്ലെങ്കിലോ എല്ലാം പൊറോട്ടയുടെ രുചിയും ഘടനയുമെല്ലാം മാറിയേക്കാം. പൊറോട്ടയ്ക്ക് മൈദയാണ് നമ്മള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. മൈദയ്‌ക്കൊപ്പം അല്‍പം പഞ്ചസാര, ഉപ്പ് എന്നിവ കൂടി ചേര്‍ത്താണ് മാവ് കുഴയ്‌ക്കേണ്ടത്. ചിലര്‍ ഇതില്‍ മുട്ടയും അതുപോലെ തന്നെ സണ്‍ഫ്‌ളവര്‍ ഓയിലുമെല്ലാം ചേര്‍ക്കാറുണ്ട്. മാവന് കൂടുതല്‍ മാര്‍ദ്ദവം കിട്ടാനാണ് ഇവയെല്ലാം ചേര്‍ക്കുന്നത്. 

പൊറോട്ട തയ്യാറാക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടൊരു കാര്യമാണ്, മാവ് കുഴച്ച ശേഷം ഏതാനും മണിക്കൂറുകളിലേക്ക് അവ മാറ്റിവയ്ക്കുന്നത്. മാവ് നന്നായി പരുവപ്പെട്ട് വരുന്നതിനാണിത്. രണ്ടര മണിക്കൂര്‍ മുതല്‍ നാലോ അഞ്ചോ മണിക്കൂര്‍ വരെയെല്ലാം ഇത്തരത്തില്‍ മാവ് മാറ്റിവയ്‌ക്കേണ്ടതാണ്. 

ഇതിന് ശേഷമാണ് മാവ് വിഭജിച്ച് വലിയ ഉരുളകളാക്കുന്നത്. ഇങ്ങനെ ഉരുളകളാക്കിയതിന് ശേഷം മിക്കവരും ഉടന്‍ തന്നെ അത് പരത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ ഉരുളകളും അല്‍പനേരത്തേക്ക് മാറ്റിവച്ചാല്‍ പൊറോട്ട കുറെക്കൂടി 'സോഫ്റ്റ്' ആയും രുചിയുള്ളതായും വരുമെന്നാണ് പ്രമുഖ ഷെഫ് കുനാല്‍ കപൂര്‍ പറയുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചെറു വീഡിയോയിലാണ് കുനാല്‍ മലബാര്‍ പൊറോട്ട നല്ല രീതിയില്‍ തയ്യാറാക്കാനായി രണ്ട് ടിപ്പുകള്‍ പങ്കുവച്ചത്. അതിലൊരു ടിപ്പാണ് ഇപ്പോള്‍ പങ്കുവച്ചത്. ഇനിയൊന്ന് പൊറോട്ട ചുട്ടെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. അധികപേരും പൊറോട്ടയ്ക്ക് നല്ല വേവ് വേണം എന്ന് ചിന്തിക്കുന്നതിനാല്‍ തീ കുറച്ച് വച്ച് കൂടുതല്‍ നേരം തവയില്‍ വയ്ക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യരുതെന്നാണ് കുനാല്‍ സൂചിപ്പിക്കുന്നത്. 

Also Read:- മാതളനാരങ്ങയും പാലും പഴവും ചേർത്ത് ഒരു കിടിലൻ ഷേക്ക്...

അടുപ്പിലെ തീ ഉയര്‍ന്ന ഫ്‌ളെയിമിലായിരിക്കുമ്പോഴാണ് പൊറോട്ട ചുട്ടെടുക്കേണ്ടതെന്നും അതുവഴി മാത്രമേ പൊറോട്ട ക്രിസ്പിയായും രുചിയായും വരുകയുള്ളൂവെന്നും കുനാല്‍ പറയുന്നു. അപ്പോള്‍ ഇനി അടുത്ത തവണ പൊറോട്ട തയ്യാറാക്കുമ്പോള്‍ ഈ രണ്ട് ടിപ്‌സ് കൂടി മനസില്‍ വയ്ക്കാം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunal Kapur (@chefkunal)

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona