പാചകപ്രേമികളായ ആളുകളാണ് അധികവും ഈ വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. ത്രികോണാകൃതിയില്‍ വൃത്തിയായി കേക്ക് മുറിച്ചെടുക്കാവുന്ന, അതേ ഘടനയിലുള്ള ഉപകരണമാണിത്. കത്രിക പിടിക്കുന്നത് പോലെ, പിടിച്ചുകൊണ്ട് പതിയെ ഇത് കേക്കിലമര്‍ത്തി അതിന്റെ ഘടനയ്ക്ക് അനുസരിച്ച് വൃത്തിയായി മുറിച്ചെടുക്കാം
പിറന്നാളാകട്ടെ, വാര്‍ഷികാഘോഷങ്ങളാകട്ടെ, അപ്രതീക്ഷിതമായി കൈവന്ന സന്തോഷങ്ങളുടെ പങ്കുവയ്ക്കലാകട്ടെ മനോഹരമായതും രുചികരമായതുമായ ഒരു കേക്ക് നമുക്ക് നിര്‍ബന്ധമാണ്. അത് കൃത്യമായി മുറിച്ച് ഏവരും പങ്കിട്ട് കഴിക്കുന്നതിന്റെ ആഹ്ളാദവും സംതൃപ്തിയും പറഞ്ഞറിയിക്കാനാകാത്തത് തന്നെയാണ്.
എന്നാല്‍ കേക്ക് മുറിക്കല്‍ ചടങ്ങില്‍ എപ്പോഴും കാണുന്നൊരു പ്രശ്‌നമാണ്, കേക്ക് ഭംഗിയായി മുറിക്കാനും സെര്‍വ് ചെയ്യാനും സാധിക്കാതെ അലങ്കോലമായിപ്പോകുന്നത്. ക്രീം വേറെ, കേക്ക് പീസ് വേറെ, അലങ്കാരത്തിനായി വച്ച വേഫറുകളോ പൂക്കളോ ഫ്രൂട്ട്‌സോ വേറെ എന്നിങ്ങനെ കേക്കിന്റെ ആകെ അനുഭവത്തെ തന്നെ നശിപ്പിക്കുന്നതാണ് പലപ്പോഴും നമ്മുടെ കേക്ക് മുറിക്കല്‍ ചടങ്ങുകള്‍.
തീര്‍ച്ചയായും അത്തരത്തില്‍ അല്‍പം അലങ്കോലമായ കേക്ക് മുറികള്‍ ആഘോഷത്തിന്റെ മറ്റൊരു മുഖം കൂടിയായിരിക്കാം. എങ്കിലും വൃത്തിയായി കേക്ക് മുറിച്ച്, അത് കഷ്ണങ്ങളാക്കി മാറ്റി സെര്‍വ് ചെയ്യുന്നതിന്റെ സൗന്ദര്യം ആഗ്രഹിക്കുന്നവരാണെങ്കിലോ!
അങ്ങനെയുള്ളവര്‍ ഉറപ്പായും ഇഷ്ടപ്പെടുന്നൊരു വീഡിയോ ആണ് പങ്കുവയ്ക്കുന്നത്. അന്ന ക്രിസ്റ്റിന്‍ എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ ആണ് ആദ്യമായി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പഴയകാലത്തെ ഉപകരണങ്ങള്‍ വാങ്ങിക്കാന്‍ കിട്ടുന്ന കടയില്‍ നിന്ന് അവര്‍ കണ്ടെത്തിയ 'സ്‌പെഷ്യല്‍ കേക്ക് കട്ടര്‍' ഉപയോഗിക്ക് മനോഹരമായി കേക്ക് മുറിക്കുന്നതാണ് വീഡിയോയിലുള്ളത്.
പാചകപ്രേമികളായ ആളുകളാണ് അധികവും ഈ വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. ത്രികോണാകൃതിയില്‍ വൃത്തിയായി കേക്ക് മുറിച്ചെടുക്കാവുന്ന, അതേ ഘടനയിലുള്ള ഉപകരണമാണിത്. കത്രിക പിടിക്കുന്നത് പോലെ, പിടിച്ചുകൊണ്ട് പതിയെ ഇത് കേക്കിലമര്‍ത്തി അതിന്റെ ഘടനയ്ക്ക് അനുസരിച്ച് വൃത്തിയായി മുറിച്ചെടുക്കാം.
നിരവധി പേരാണ് ഈ വീഡിയോ പിന്നീട് പങ്കുവച്ചത്. ഇനി മുതല്‍ കേക്ക് മുറിക്കാന്‍ കത്തി വേണ്ട, പകരം ഈ ഉപകരണം മതിയെന്നും, ഇതെവിടെ നിന്ന് വാങ്ങിക്കാന്‍ കിട്ടുമെന്നുമെല്ലാമാണ് മിക്കരുടെയും കമന്റുകള്‍. ഏതായാലും പാചകപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമായ വീഡിയോ ഒന്ന് കാണാം...
