ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ ചില വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കുറവ് ക്യാന്‍സര്‍ സാധ്യതയെ കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

ക്യാന്‍സര്‍ എന്ന രോഗത്തിന്‍റെ പ്രധാന കാരണം നമ്മുടെ തന്നെ ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ്. ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ ചില വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കുറവ് ക്യാന്‍സര്‍ സാധ്യതയെ കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്... 

വിറ്റാമിന്‍ ഡിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. അമിതമായ ക്ഷീണം, എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയ്ക്ക് പുറമേ ചില ക്യാന്‍സര്‍ സാധ്യതകളെ കൂട്ടാനും വിറ്റാമിന്‍ ഡിയുടെ കുറവ് കാരണമാകും. 

സൂര്യപ്രകാശത്തില്‍ നിന്നു മാത്രമല്ല, ചില ഭക്ഷണങ്ങളിലൂടെയും വിറ്റാമിന്‍ ഡി നമുക്ക് ലഭിക്കും. പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, സാൽമൺ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പയർ വർഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. 

രണ്ട്... 

വിറ്റാമിന്‍ സിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി പ്രധാനമാണ്. കൂടാതെ ചില ക്യാന്‍സറുകളുടെ സാധ്യതകളെ തടയാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റായി വിറ്റാമിന്‍ സി പ്രവര്‍ത്തിക്കും. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെല്‍ പെപ്പര്‍, തക്കാളി, പേരയ്ക്ക, ചീര, പൈനാപ്പിള്‍ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.

മൂന്ന്... 

വിറ്റാമിന്‍ ഇയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റായി ഇവ പ്രവര്‍ത്തിക്കും. അതിനാല്‍ വിറ്റാമിന്‍ ഇയുടെ കുറവു പരിഹരിക്കാനായി നട്സ്, സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്... 

വിറ്റാമിന്‍ എയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ പ്രധാനമാണ്. വിറ്റാമിന്‍ എയും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കുന്ന ഒരു ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിക്കും. ഇതിനായി മധുരക്കിഴങ്ങ്, ക്യാരറ്റ്, ചീര തുടങ്ങിയവ കഴിക്കാം. 

അഞ്ച്... 

ഫോളേറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റും ചില ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാം. ഇതിനായി ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്... 

ഒമേഗ 3 ഫാറ്റി ആസിഡാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും ചില ക്യാന്‍സര്‍ സാധ്യതയെ കുറച്ചേക്കാം. ഇതിനായി സാല്‍മണ്‍ ഫിഷ്, വാൾനട്സ്, ഫ്‌ളാക്‌സ് സീഡ്, സോയാ ബീന്‍സ്, മുട്ട തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പതിവായി ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

youtubevideo