വീട്ടിലെ ഭക്ഷണം പോലെ സംതൃപ്തമായ ഭക്ഷണം നമുക്ക് പുറത്ത് എവിടെ നിന്നും ലഭിക്കുകയില്ലെന്നതാണ് സത്യം. അത് മെസ് ഭക്ഷണമായാലും ശരി, ഹോട്ടല്‍ ഭക്ഷണമായാലും ശരി

പഠനാവശ്യങ്ങള്‍ക്കോ ജോലിയാവശ്യങ്ങള്‍ക്കോ വേണ്ടി വീടും നീടും വിട്ട് മറ്റെവിടെയെങ്കിലും ജീവിക്കുന്നവര്‍ നിരവധിയാണ്. മുന്‍കാലങ്ങളില്‍ നിന്നെല്ലാം അപേക്ഷിച്ച് ഇത്തരത്തില്‍ വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണെന്ന് തന്നെ പറയാം. 

ഇത്തരത്തില്‍ വീട്ടില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ നാം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വീട്ടിലെ മറ്റ് മുതിര്‍ന്നവരുടെയുമെല്ലാം സ്നേഹവും സാമീപ്യവുമെല്ലാം നഷ്ടപ്പെടാറുണ്ട്, അല്ലേ? ഇതിനൊപ്പം തന്നെ നഷ്ടം തോന്നുന്ന ഒന്നാണ് വീട്ടിലെ ഭക്ഷണം ( Home Food ). 

വീട്ടിലെ ഭക്ഷണം പോലെ സംതൃപ്തമായ ഭക്ഷണം ( Home Food ) നമുക്ക് പുറത്ത് എവിടെ നിന്നും ലഭിക്കുകയില്ലെന്നതാണ് സത്യം. അത് മെസ് ഭക്ഷണമായാലും ( Mess Food ) ശരി, ഹോട്ടല്‍ ഭക്ഷണമായാലും ശരി. ഇങ്ങനെ വീട്ടിലെ ഭക്ഷണം ഒരുപാട് 'മിസ്' ചെയ്യുന്നുവെന്നും മെസിലെ ഭക്ഷണം മോശമാണെന്നും പതിവായി ഒരു സുഹൃത്തിനോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവതിക്കുണ്ടായ സവിശേഷമായ അനുഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

'ലഞ്ച്ബോക്സ്' എന്ന ഹിന്ദി സിനിമ ഓര്‍മ്മിപ്പിക്കുന്നതാണ് ഇവരുടെ അനുഭവം. മെസിലെ ഭക്ഷണത്തെ കുറിച്ച് ( Mess Food ) എപ്പോഴും സുഹൃത്തിനോട് പരാതിപ്പെടുമായിരുന്നു. ഇക്കാര്യം സുഹൃത്ത് അദ്ദേഹത്തിന്‍റെ അമ്മയോട് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്‍റെ പതിവായി യുവതിക്ക് ഭക്ഷണം അയച്ചുനല്‍കാൻ തുടങ്ങി. തിരിച്ച് നല്‍കാൻ ഒന്നുമില്ലാത്തത് കൊണ്ട് തന്നെ അത് അംഗീകരിക്കാൻ തനിക്ക് സാധിച്ചില്ലെന്നാണ് യുവതി പറയുന്നത്. ഭക്ഷണം കഴിച്ച് തിരികെ കാലിയായ പാത്രം അയക്കുന്നതിലെ ബുദ്ധിമുട്ട് ഇവരെ അലട്ടി. ഇക്കാര്യമറിഞ്ഞ സുഹൃത്തിന്‍റെ അമ്മ പിന്നീട് ഭക്ഷണപ്പാത്രത്തിനൊപ്പം ചെറിയ കത്തുകളും വയ്ക്കാൻ തുടങ്ങി. 

ട്വിറ്ററിലൂടെയാണ് തന്‍റെ സവിശേഷമായ അനുഭവം യുവതി പങ്കിട്ടത്. സുഹൃത്തിന്‍റെ അമ്മ അയച്ച ചെറു കത്തുകളില്‍ ഒരെണ്ണവും യുവതി പങ്കുവച്ചിട്ടുണ്ട്. 

ഭക്ഷണം ആസ്വദിച്ച് കഴിക്കൂവെന്നും കുട്ടികള്‍ കഴിച്ച പാത്രം കാലിയാക്കി അമ്മയ്ക്ക് തിരികെ നല്‍കുന്നതിനെ കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നും നിങ്ങള്‍ക്ക് നിങ്ങളുടെ സ്നേഹവും കരുതലും തനിക്കായി ആ പാത്രത്തിനൊപ്പം തിരികെ നല്‍കാം, അതുതന്നെ ധാരാളമെന്നുമാണ് കത്തിലുള്ളത്. 'ലഞ്ച്ബോക്സ്'സിനിമയിലും ഭക്ഷണത്തിനൊപ്പം സ്നേഹം ചാലിച്ച ചെറിയ കത്തുകള്‍ രണ്ടുപേര്‍ കൈമാറുന്നതായിരുന്നു പ്രമേയം.

Scroll to load tweet…

നിരവധി പേരാണ് ഹൃദയസ്പര്‍ശിയായ ഈ അനുഭവത്തെ സ്വീകരിച്ചിരിക്കുന്നത്. വൈകാരികമായ കമന്‍റുകള്‍ നിറഞ്ഞിരിക്കുകയാണ് ട്വീറ്റിന് താഴെ. ഇങ്ങനെയൊരു സുഹൃത്തിനെയും അമ്മയെയും കിട്ടാൻ ഭാഗ്യം ചെയ്യണമെന്നും, ഇന്നും ഇങ്ങനെയുള്ള മനുഷ്യര്‍ ഉണ്ടെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നുമെല്ലാം ഏവരും കുറിച്ചിരിക്കുന്നു. 

Also Read:- സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത അതേ ഭക്ഷണം നേരിട്ട് പോയി കഴിച്ചപ്പോള്‍; ബില്ലുകള്‍ ചര്‍ച്ച