ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ എഎഫ്സി ചാമ്പ്യൻസ് ലീ​ഗ് കളിക്കാൻ ഇന്ത്യയിൽ എത്തുമെന്ന് ഉറപ്പായി. എഫ് സി ഗോവയുമായുള്ള മത്സരത്തിനായി ഒക്ടോബർ 22ന് ഗോവയിൽ ടീം എത്തും. റൊണാൾഡോ കളിക്കുമോ എന്നത് വ്യക്തമല്ല.

ദില്ലി/റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ എഎഫ്സി ചാമ്പ്യൻസ് ലീ​ഗ് 2ൽ കളിക്കാൻ ഇന്ത്യയിൽ എത്തുമെന്ന് ഉറപ്പായി. എഫ് സി ഗോവ - അൽ നസർ പോരാട്ടത്തിനായി ക്രിസ്റ്റ്യാനോയുടെ അൽ നസർ ടീം ഒക്ടോബർ 22ന് ഗോവയിൽ എത്തും. രണ്ടാം പാദം നവംബർ അഞ്ചിന് റിയാദിലാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉണ്ടാകുമോ എന്നത് മാത്രേ ഇനി വ്യക്തമാകാനുള്ളൂ. 

എന്നാല്‍ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എവേ മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്ന് അല്‍ നസർ റൊണാള്‍ഡോയുമായുള്ള കരാറില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നതിനാല്‍ താരത്തിന് വിട്ടു നില്‍ക്കുന്നതിന് തടസമില്ല. എങ്കിലും കഴിഞ്ഞ സീസണൊടുവില്‍ അല്‍ നസറുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി പുതുക്കിയ റൊണാള്‍ഡോ ഗോവയില്‍ കളിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇന്ത്യയിലെ സൂപ്പര്‍ കപ്പില്‍ ജേതാക്കളായതോടെയാണ് എഫ് സി ഗോവ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിന് യോഗ്യത നേടിയത്. പ്ലേ ഓഫില്‍ ഒമാന്‍ ക്ലബ്ബായ അല്‍ സീബിനെ 2-1ന് തകര്‍ത്താണ് എഫ് സി ഗോവ എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ഇന്ത്യയിലെ പ്രൊഫഷണല്‍ ലീഗായ ഐഎസ്എല്ലിന്‍റെ അടുത്ത സീസണ്‍ തന്നെ അനിശ്ചിതത്വത്തിലായിരിക്കെയാണ് ഫുട്ബോളിലെ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാന്‍ വഴിയൊരുങ്ങുന്നത്.

അതേസമയം, അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ മെസിയുടെ ഏജന്‍റ് കൂടിയായ പിതാവ് ജോര്‍ജെ മെസിയുടെയും സംഘത്തിന്‍‍‍റെയും അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ദില്ലിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സതാദ്രു ദത്ത പറഞ്ഞു.