ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതോടെയാണ് താരക്കൈമാറ്റ വിപണയിൽ എൻസോ ഫെർണാണ്ടസിന്‍റെ മൂല്യം കുത്തനെ ഉയർന്നത്.
ലണ്ടൻ: അർജൻറീനയുടെ യുവ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിന്‍റെ ക്ലബ്ബ് മാറ്റം അനിശ്ചിതത്വത്തിലായി. റിലീസ് ക്ലോസ് അടക്കമുള്ള പ്രതിഫലത്തർക്കം കാരണം ചെൽസി , ബെൻഫിക്ക ക്ലബുകളുമായുള്ള ചർച്ചകളടക്കം വഴിമുട്ടിയിരിക്കുകയാണ്. ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതോടെയാണ് താരക്കൈമാറ്റ വിപണയിൽ എൻസോ ഫെർണാണ്ടസിന്‍റെ മൂല്യം കുത്തനെ ഉയർന്നത്.
എൻസോ ഭാവി സൂപ്പർതാരമെന്ന് തിരിച്ചറിഞ്ഞ ഇംഗ്ലിഷ് ക്ലബ് ചെൽസി, പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയുമായി വളരെ വേഗം ചർച്ചകളും തുടങ്ങി. ഇംഗ്ലീഷ് ക്ലബ്ബ് നൽകിയ ഓഫർ 120 ദശലക്ഷം യൂറോയുടേതെന്ന് ആയിരുന്നു ആദ്യ റിപ്പോർട്ട്. തുക ഒറ്റ ഗഡുവായി വേണമെന്ന് ബെൻഫിക്ക നിലപാട് എടുത്തതോടെ 85 ദശലക്ഷം യൂറോയുടെ ഓഫർ ഔദ്യോഗികമായി ചെൽസി മുന്നോട്ടുവച്ചു. 3 തവണ ചർച്ചകൾ നടന്നെങ്കിലും ബെൻഫിക്ക വഴങ്ങിയില്ല. ഇതോടെയാണ് അടുത്ത കൂടിക്കാഴ്ച എന്ന് വേണമെന്ന് പോലും തീരുമാനിക്കാതെ 2 ക്ലബ്ബുകളുടെയും പ്രതിനിധികൾ പിരിഞ്ഞത്.
എൻസോയുടെ വൈദ്യപരിശോധനയ്ക്ക് വരെ സമയം കുറിച്ചെന്ന റിപ്പോർട്ടുകൾ പ്രചരിച്ചതിന് പിന്നാലെയാണ് ചർച്ചകൾ വഴിമുട്ടിയതായി സ്ഥിരീകരിക്കപ്പടുന്നത്. സീസൺ അവസാനിക്കും മുൻപ് തന്നെ ഇംഗ്ലണ്ടിലേക്ക് കൂടുമാറണമെന്ന ആഗ്രഹം 21കാരനായ എൻസോ അറിയിച്ചിട്ടുണ്ടെങ്കിലും ബെൻഫിക്ക പ്രസിഡന്‍റ് റൂയി കോസ്റ്റയുടെ നിലപാടാകും നിർണായകം. കഴിഞ്ഞ ജൂണിൽ ബെൻഫിക്കയിൽ ചേർന്ന എൻസോ , ക്ലബ്ബിനായി 14 കളിയിൽ ഒരു ഗോളാണ് നേടിയിട്ടുളളത്.
വിപണിമൂല്യം ഹിമാലയത്തോളം ഉയര്‍ന്നു; എന്‍സോ ഫെര്‍ണാണ്ടസിന് പിന്നാലെ പണച്ചാക്കുകളുമായി ടീമുകളുടെ നിര
ഫുട്ബോള്‍ ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ എൻസോ ട്രാൻസ്‌ഫർ മാർക്കറ്റിലെ സൂപ്പർ താരമായി മാറിയിരുന്നു. ഖത്തർ ലോകകപ്പിന് മുൻപ് വെറും 18 ദശലക്ഷം യൂറോയായിരുന്നു എൻസോ ഫെർണാണ്ടസിന്‍റെ വിപണിമൂല്യം. അർജന്‍റീനയുടെ കിരീടവരൾച്ച അവസാനിപ്പിക്കാൻ നിർണായക പങ്കുവഹിച്ചതോടെ എൻസോയുടെ വിപണിമൂല്യം 120 ദശലക്ഷം യൂറോയായി ഉയർന്നു. ലോകകപ്പിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും എൻസോ സ്വന്തമാക്കിയതിനൊപ്പം ലിയോണൽ മെസിക്ക് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ അർജന്‍റൈൻ താരവുമായി ഇരുപത്തിയൊന്നുകാരനായ എൻസോ മാറിയിരുന്നു.
