അലക്സ് ഫെര്ഗൂസന് പരിശീലകനായിരുന്ന കാലത്ത് ഏതെങ്കിലും താരം നിലവിട്ട് പെരുമാറിയാല് ടീമിന് പുറത്താകും. റോയ് കീന്, ഡേവിഡ് ബെക്കാം, യാപ് സ്റ്റാം, ക്രിസ്റ്റ്യാനോ റൊണാള്ഡോ എന്നീ ഇതിഹാസ താരങ്ങള് മാനേജ്മെന്റിനും കോച്ചിനും എതിരെ തിരിഞ്ഞപ്പോള് അലക്സ് ഫെര്ഗൂസന് നടപടി സ്വീകരിച്ചിരുന്നു.
ലണ്ടന്: നാല് വര്ഷമായി മാഞ്ചസ്റ്റര് യുനൈറ്റഡ് നിരയില് കളിക്കുന്ന അര്ജന്റീന താരം ലിസാന്ഡ്രോ മാര്ട്ടിനെസ് അധികകാലം ക്ലബ്ബില് ഉണ്ടാകില്ല. അത്ലറ്റിക്കോ മാഡ്രിഡിനോട് ചാമ്പ്യന്സ് ലീഗില് മാഞ്ചസ്റ്റര് യുനൈറ്റഡ് പരാജയപ്പെട്ടതിന് പിന്നാലെ ലിസാന്ഡ്രോ മാര്ട്ടിനെസ് ക്ലബ്ബ് മാനേജ്മെന്റിനെ വിമര്ശിച്ചത് വലിയ ചര്ച്ചയായി മാറിയിരിക്കുന്നു.
സര് അലക്സ് ഫെര്ഗൂസന്റെ കാലത്താണ് ലിസാന്ഡ്രോ ഇതുപോലൊരു പരാമര്ശം നടത്തിയതെങ്കില് ആ നിമിഷം ടീമില് നിന്ന് പുറത്താകുമായിരുന്നുവെന്ന് മുന് മാഞ്ചസ്റ്റര് യുനൈറ്റഡ് താരം റിയോ ഫെര്ഡിനന്ഡ് പറഞ്ഞു. അത്ലറ്റിക്കോ മാഡ്രിഡിനോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്ക്കാണ് യുനൈറ്റഡ് പരാജയപ്പെട്ടത്. ഇതിന് പിന്നാലെ, ക്ലബ്ബിന്റെ ഡയറക്ടര് ഓഫ് ഫുട്ബോള് ജേസണ് വില്കോക്സിനെയും മാനേജ്മെന്റിനെയും അര്ജന്റൈന് പ്രതിരോധ നിര താരം കടുത്ത ഭാഷയില് വിമര്ശിച്ചു.
മാര്ട്ടിനെസിന്റെ കരാര് അടുത്ത സമ്മറില് അവസാനിക്കാനിരിക്കെ താരത്തെ ക്ലബ്ബ് തഴയാനുള്ള സാധ്യത ഏറെയാണ്. റിയോ ഫെര്ഡിനന്ഡ് യുട്യൂബ് ചാനലിലൂടെ രംഗത്ത് വന്നതിന് പിന്നാലെ വെയിന് റൂണിയെ പോലുള്ള മുന് യുനൈറ്റഡ് താരങ്ങളും ലിസാന്ഡ്രോയുടെ അച്ചടക്കമില്ലായ്മയെ വിമര്ശിച്ചു.
അലക്സ് ഫെര്ഗൂസന് പരിശീലകനായിരുന്ന കാലത്ത് ഏതെങ്കിലും താരം നിലവിട്ട് പെരുമാറിയാല് ടീമിന് പുറത്താകും. റോയ് കീന്, ഡേവിഡ് ബെക്കാം, യാപ് സ്റ്റാം, ക്രിസ്റ്റ്യാനോ റൊണാള്ഡോ എന്നീ ഇതിഹാസ താരങ്ങള് മാനേജ്മെന്റിനും കോച്ചിനും എതിരെ തിരിഞ്ഞപ്പോള് അലക്സ് ഫെര്ഗൂസന് നടപടി സ്വീകരിച്ചിരുന്നു. ബെക്കാമിന്റെ മുഖത്ത് ഫെര്ഗൂസന് എറിഞ്ഞ ബൂട്ട് കൊണ്ട് പരിക്കേറ്റത് വലിയ ചര്ച്ചക്കിടയാക്കിയിരുന്നു.
മാര്ട്ടിനെസ് പുറത്തേക്കുള്ള വഴിയിലാണ്. മറ്റ് യുവതാരങ്ങള് മാര്ട്ടിനെസിനെ കണ്ട് പഠിക്കാതിരിക്കാന് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നാണ് ഫെര്ഡിനന്ഡ് ആവശ്യപ്പെടുന്നത്. ഡച്ച് ക്ലബ്ബായ അയാക്സില് നിന്ന് 2022 ജുലൈയിലാണ് ലിസാന്ഡ്രോ മാര്ട്ടിനെസ് മാഞ്ചസ്റ്റര് യുനൈറ്റഡിലെത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
