എല്‍ക്ലാസികോ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍ പെപെയെയും പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഉപയോഗിച്ച്‌ മെസിയെ പിടിച്ചുകെട്ടാന്‍ മൗറീഞ്ഞോ ശ്രമം നടത്തിയിരുന്നു.പെപ്പെ പലപ്പോഴും ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ പുറത്താവുകയും ചെയ്‌തു.

മാഡ്രിഡ്‌: അടുത്ത കോപ്പ അമേരിക്കയും അടുത്ത ലോകകപ്പും തീര്‍ത്തും വ്യത്യസ്‌തമായിരിക്കും. ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ചതിനോട്‌ റയല്‍ മാഡ്രിഡ്‌ പരിശീലകന്‍ ഹൊസെ മൗറീഞ്ഞോയുടെ നിരാശ കലര്‍ന്ന പ്രതികരണമാണിത്‌. മെസിയില്ലാത്ത കോപ അമേരിക്ക, ലോകകപ്പ്‌ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക്‌ തലയെടുപ്പ്‌ ഉണ്ടാകില്ലെന്നാണ്‌ മൗറീഞ്ഞോയുടെ പക്ഷം. ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച തന്ത്രജ്ഞന്‍മാരില്‍ ഒരാളായ ഹോസെ മൗറീഞ്ഞോയ്‌ക്ക്‌ മെസിയോട്‌ എക്കാലവും വലിയ ബഹുമാനമാണ്‌.

സ്‌പെയ്‌നില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായി ആദ്യം ചുമതലയേറ്റ കാലത്ത്‌ പെപ്‌ ഗോര്‍ഡിയോളയുടെ ബാഴ്‌സലോണയില്‍ മെസി ആയിരുന്നു മൗറീഞ്ഞോയുടെ പ്രധാന നോട്ടപ്പുള്ളി. മെസിക്കെതിരെ കളിക്കുമ്പോള്‍ ഓരോതവണയും വ്യത്യസ്‌തമായ തന്ത്രങ്ങള്‍ താന്‍ പയറ്റി നോക്കാറുണ്ട്‌. ഒരിക്കലും മെസിയെ തളയ്‌ക്കാന്‍ തനിക്ക്‌ സാധിച്ചിട്ടില്ല. ഒരു പരിശീലകന്‍ എന്ന നിലയില്‍ തന്നെ പുതിയ പരീക്ഷണങ്ങള്‍ക്ക്‌ പ്രേരിപ്പിച്ച മെസി, കരിയറില്‍ തന്നെ ഏറെ വളര്‍ത്തിയെന്നും മൗറീഞ്ഞോ നേരത്തെ ഗോള്‍.കോമിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എല്‍ക്ലാസികോ പോരില്‍ മെസിയെ ഫൗള്‍ ചെയ്യാന്‍ പ്രത്യേകം നിര്‍ദേശം നല്‍കാറുണ്ട്‌. എന്നാല്‍, അതൊന്നും ഫലം കണ്ടിരുന്നില്ല. ഫൗള്‍ ചെയ്യപ്പെട്ടാലും മെസി പന്തുമായി കുതിക്കുന്നത്‌ കാണാം. എല്‍ക്ലാസികോ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍ പെപെയെയും പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഉപയോഗിച്ച്‌ മെസിയെ പിടിച്ചുകെട്ടാന്‍ മൗറീഞ്ഞോ ശ്രമം നടത്തിയിരുന്നു. പെപ്പെ പലപ്പോഴും ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ പുറത്താവുകയും ചെയ്‌തു. ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരെ പോലും മെസി അനായാസം കടന്നുപോകുന്നത്‌ എത്രയോ നേരില്‍ കണ്ടുവെന്നും മൗറീഞ്ഞോ വെളിപ്പെടുത്തിയിരുന്നു.

പരിശീലിപ്പിക്കാന്‍ സാധിക്കാതെ പോയതില്‍ നിരാശ തോന്നിയ ഒരേയൊരു താരം മെസിയാണെന്ന്‌ മൗറീഞ്ഞോ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മെസിയെ തനിക്കൊന്നും പരിശീലിപ്പിക്കാനില്ലെന്നും അദ്ദേഹം എല്ലാം തികഞ്ഞ ഫുട്‌ബോളറാണെന്നും അദ്ദേഹത്തില്‍ നിന്ന്‌ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും മൗറീഞ്ഞോ പറഞ്ഞു. മെസി വിരമിക്കുന്ന ദിവസം ഫുട്‌ബോള്‍ ഒരു നിമിഷം സ്‌തംഭിക്കുമെന്നും ഫുട്‌ബോള്‍ ലോകം ആ നഷ്ടമോര്‍ത്ത്‌ കരയുമെന്നും മൗറീഞ്ഞോ പറഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍, മെസിയുടെ വിരമിക്കല്‍ വാര്‍ത്തയോട്‌ മൗറീഞ്ഞോ പ്രതികരിച്ചത്‌ ഉള്ളില്‍ നിരാശയും വിഷമവും കുമിഞ്ഞുകൂടിയിട്ടാണ്‌. ലോകകപ്പും കോപ്പ അമേരിക്കയും ഇനിയൊരിക്കലും പഴയതു പോലെ ആയിരിക്കില്ല എന്ന മൗറീഞ്ഞോയുടെ പ്രതികരണത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ കാണാന്‍ ഇവിടെ ക്ലിക്‌ ചെയ്യുക 
https://www.youtube.com/live/s0LLVQeMmtU?si=H4Mj0bU2ZPZAtLpI