ആതിഥേയരായ ഖത്തര്‍, ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള 21 അംഗ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. കോച്ച് അല്‍വാരോ മെജിയ പരിശീലിപ്പിക്കുന്ന ടീം ഗ്രൂപ്പ് എ-യില്‍ ഇറ്റലി, ദക്ഷിണാഫ്രിക്ക, ബൊളീവിയ എന്നിവര്‍ക്കൊപ്പം മത്സരിക്കും.

ദോഹ: ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള 21 അംഗ ദേശീയ ടീമിനെ പ്രഖ്യാപിച്ച് ആതിഥേയരായ ഖത്തര്‍. സ്വന്തം മണ്ണില്‍ നടക്കുന്ന ടൂര്‍ണമെന്റിനുള്ള ഖത്തര്‍ ടീമിനെ കോച്ച് അല്‍വാരോ മെജിയയാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ ആഭ്യന്തര ക്ലബ്ബുകളില്‍ കരുത്തരായ അല്‍ സദ്ദ്, അല്‍ ദുഹൈല്‍ ക്ലബുകളില്‍ നിന്നുള്ള കളിക്കാരാണ് ദേശീയ ടീമില്‍ ഇടംപിടിച്ചവരില്‍ ഭൂരിഭാഗവും. നവംബര്‍ മൂന്ന് മുതല്‍ 27 വരെയാണ് അണ്ടര്‍ 17 ലോകകപ്പ് നടക്കുക. ഈ വര്‍ഷത്തെ പതിപ്പിന് 48 ടീമുകള്‍ ആദ്യമായി മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്.

ഇറ്റലി, സൗത്ത് ആഫ്രിക്ക, ബൊളീവിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ് എയിലാണ് ഖത്തര്‍. നവംബര്‍ മൂന്നിന് ഇറ്റലിക്കെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. നവംബര്‍ ആറിന് ദക്ഷിണാഫ്രിക്കയ്ക്കും നവംബര്‍ ഒമ്പതിന് ബൊളീവിയയ്ക്കുമെതിരെയുമാണ് ഗ്രൂപ് ഘട്ടത്തിലെ ഖത്തറിന്റെ മറ്റ് മത്സരങ്ങള്‍. റയല്‍ മാഡ്രിഡിന്റെ മുന്‍ സെന്റര്‍ ബാക്കായ അല്‍വാരോ മെജിയയുടെ കീഴില്‍ ഖത്തരി യുവതാരങ്ങള്‍ കഠിന പരിശീലനത്തിലാണ്.

ജനുവരിയില്‍ ഖത്തറിന്റെ അണ്ടര്‍ 17 പരിശീലകനായി നിയമിതനായ മെജിയ ടീമിനെ അണ്ടര്‍ 17 ഗള്‍ഫ് കപ്പിന്റെ സെമി ഫൈനലിലേക്ക് നയിച്ചിരുന്നു. ഖത്തറിന്റെ എട്ടാമത്തെ അണ്ടര്‍ 17 ലോകകപ്പ് പ്രവേശനമാണിത്. 1991ല്‍ നാലാം സ്ഥാനം നേടിയതാണ് ഖത്തറിന്റെ എക്കാലത്തെയും മികച്ച പ്രകടനം. നവംബര്‍ 27 ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഈ വര്‍ഷത്തെ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനല്‍ മത്സരം.

YouTube video player