ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച രണ്ട് കളിയിലും ആധികാരികമായി ജയിച്ച ടീമാണ് ഇറ്റലി. എതിരാളികളുടെ വലയിൽ ആറ് തവണ പന്തെത്തിച്ചപ്പോള്‍ ഒറ്റ ഗോളും വഴങ്ങിയില്ല.

റോം: യൂറോ കപ്പിൽ ആദ്യ രണ്ട് കളിയും ആധികാരികമായി ജയിച്ച് പ്രീ ക്വാർട്ടർ ഉറപ്പാക്കിയ ആദ്യ ടീമാണ് ഇറ്റലി. എങ്കിലും തന്‍റെ ടീം ടൂർണമെന്‍റ് ഫേവറൈറ്റസ് അല്ലെന്നാണ് ഇറ്റാലിയൻ കോച്ച് റോബർട്ടോ മാൻചീനി പറയുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച രണ്ട് കളിയിലും ആധികാരികമായി ജയിച്ച ടീമാണ് ഇറ്റലി. എതിരാളികളുടെ വലയിൽ ആറ് തവണ പന്തെത്തിച്ചപ്പോള്‍ ഒറ്റ ഗോളും വഴങ്ങിയില്ല. ഈറ്റപ്പുലിയായി മാറിയ ഈ ഇറ്റലിയെ പേടിക്കേണ്ടതുണ്ട്. കാരണം, തുടർച്ചയായി തോൽവി അറിയാതെ 29 മത്സരങ്ങൾ പൂര്‍ത്തിയാക്കിയപ്പോള്‍ അവസാന പത്തിലും ജയം സ്വന്തമായി. എതിരാളികളുടെ വലയില്‍ 31 ഗോളുകള്‍ എത്തിച്ചപ്പോള്‍ വഴങ്ങിയത് പൂജ്യം. എന്നാൽ ഇതുകൊണ്ടൊന്നും ഇറ്റലിയെ ഫേവറൈറ്റ്സ് ആയി കണക്കാക്കേണ്ട എന്നാണ് കോച്ച് റോബർട്ടോ മാൻചീനിയുടെ പക്ഷം.

'രണ്ട് കളിയും ജയിച്ചെങ്കിലും ടീം ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. ഇത് യൂറോപ്യൻ ചാമ്പ്യൻഷിപ്പാണ്. ഫ്രാൻസും പോർച്ചുഗലും ബെൽജിയവും ഇവിടെയുണ്ട്. ഫ്രാൻസ് ലോക ചാമ്പ്യൻമാരാണ്. പോർച്ചുഗൽ നിലവിലെ യൂറോ ചാമ്പ്യൻമാരും ബെൽജിയം ഫിഫ റാങ്കിംഗിൽ ഒന്നാംസ്ഥാനക്കാരുമാണ്. ഇവരൊന്നും ഒറ്റ ദിവസം കൊണ്ട് ഈ നിലയിൽ എത്തിയവരല്ല. ഏറെനാളത്തെ കഠിന പരിശ്രമത്തിലൂടെയും സ്ഥിരതയാ‍ർന്ന പ്രകടനത്തിലൂടേയും മുന്നേറിയവരാണ്. എങ്കിലും അവസാന നിമിഷം വരെ പൊരുതാൻ ഇറ്റലി ഉണ്ടാവും' എന്നും മാ‍ൻചീനി പറഞ്ഞു.

യൂറോ കപ്പിൽ ഗ്രൂപ്പ് എയിൽ ഇന്നത്തെ മത്സരത്തില്‍ വെയ്‌ല്‍സിനെ ഇറ്റലി നേരിടും. റോമിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ രാത്രി 9.30നാണ് മത്സരം. തുർക്കി, സ്വിറ്റ്സര്‍ലന്‍ഡ് ടീമുകൾക്ക് എതിരെ നേടിയ ആധികാരിക ജയം ഇന്ന് വെയ്‌ല്‍സിനെതിരെയും തുടരുക എന്നതാകും അസൂറിപ്പടയുടെ ലക്ഷ്യം. ഇറ്റലി ഗ്രൂപ്പില്‍ ഒന്നാമതാണെങ്കില്‍ രണ്ടാം സ്ഥാനക്കാരാണ് വെയ്‌ല്‍സ്. 

ഇന്ന് കൂടി ജയിച്ചാൽ പരാജയമറിയാതെ 30 മത്സരങ്ങൾ പൂർത്തിയാക്കാം ഇറ്റലിക്ക്. ഇറ്റലി 1935-39 കാലത്താണ് ഇതിന് മുമ്പ് തോൽവി അറിയാതെ 30 മത്സരങ്ങൾ പൂർത്തിയാക്കിയത്. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

യൂറോയില്‍ അപകടം മണക്കുന്ന മരണഗ്രൂപ്പ്; ടീമുകള്‍ക്കെല്ലാം അവസാന മത്സരം അഗ്നിപരീക്ഷ

യൂറോ കപ്പ്: ജീവന്‍മരണ പോരിന് സ്വിറ്റ്‌സര്‍ലന്‍ഡ്, മുഖം രക്ഷിക്കാന്‍ തുര്‍ക്കി

യൂറോ കപ്പ്: ജൈത്രയാത്ര തുടരാന്‍ അസൂറികള്‍, എതിരാളികള്‍ വെയ്‌ല്‍സ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona