കോഴിക്കോട്: ഒരൊറ്റ ഗോൾ കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ പത്ത് വയസ്സുകാരൻ ഡാനിഷ്. കോർണ‌ർ പോസ്റ്റിൽ നിന്ന് നേരെ ഗോൾപോസ്റ്റിലേക്ക് പന്തെത്തിക്കുന്ന ''ഒളിംപിക് ഗോളു''മായാണ് ഹാഷിം കാൽപ്പന്ത് പ്രേമികളുടെ മനം കവർന്നത്. സിനിമയ്ക്ക് വേണ്ടി പരിശീലിച്ച തന്ത്രമാണ് ഡാനിഷ് മത്സരത്തിൽ പയറ്റിയത്. 

''അതൊരു ടൂർണമെന്‍റായിരുന്നു. മീനങ്ങാടീല് തന്നെ നടത്തുന്നതായിര്ന്ന്. അതില് സെമിഫൈനല് കഴിഞ്ഞ് ഫൈനലില് കളിക്ക്യായിര്ന്ന്. അതില് നമ്മടെ ടീം നാല് ഗോളിട്ട്. അതിലെ രണ്ടാമത്തെ ഗോളായിരുന്ന് എന്‍റെ കോർണർ ഗോള്'', എന്ന് ഡാനിഷ് പറയുന്നു.

''ഞാൻ കോർണറെടുക്കാൻ പോക്മ്പം പിന്നില് എന്‍റെ പാരന്‍റ്സൂണ്ടായിരുന്നു. അപ്പം ഉമ്മ പറഞ്ഞ് പോസ്റ്റിലേക്ക് അടിക്ക് ന്ന്. അപ്പം ഞാൻ പോസ്റ്റിലേക്ക് കോർണറിന്ന് അടിച്ച് നോക്ക്യതാ. ഞാൻ വിചാരിച്ച് ഗോളായാ ആയി, പൊറത്ത് പോയാ പോയി'', എന്ന് ഒരു ചെറുചിരിയോടെ ഡാനിഷ്.

''സിനിമയ്ക്ക് വേണ്ടി പഠിച്ചതാ. ഇവടെ വന്ന് ശരിക്കത്തെ കളി കളിച്ച് നോക്ക്യപ്പോ ഞാനടിച്ച് നോക്കി. അപ്പം ഗോളായി. ഈ ഗോള് മെസ്സി ഇട്ടിട്ടില്ല, പക്ഷേ റൊണാൾഡീന്യോ ഇട്ടിട്ട്ണ്ട് ബ്രസീലിന് വേണ്ടി വേൾഡ് കപ്പില്. അത് ഞാൻ കണ്ടിറ്റ്ണ്ട് യൂട്യൂബില്'', എന്ന് ഡാനിഷ്.

ഈ കുഞ്ഞൻ വൈറൽ ഫുട്ബോളർക്ക് ഒരു സ്വപ്നമുണ്ട്. ഇന്ത്യക്ക് വേണ്ടി വേൾഡ് കപ്പിൽ കളിക്കണം!