ഇന്ത്യയില്‍ ഏറെപ്പേര്‍ ഉപയോഗിക്കുന്ന വണ്‍പ്ലസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ അവസാനിപ്പിക്കുകയാണ് എന്നായിരുന്നു ഒരു ടെക് മാധ്യമത്തിന്‍റെ വാര്‍ത്ത. ഇതിന് പിന്നാലെ വിശദീകരണവുമായി വണ്‍പ്ലസ് ഇന്ത്യ സിഇഒ റോബിൻ ലിയു രംഗത്ത്. 

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വൺപ്ലസ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കുകയും മാതൃ കമ്പനിയായ ഓപ്പോയുമായി ലയിക്കുകയും ചെയ്യുമെന്ന് വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഊഹാപോഹങ്ങള്‍ മാത്രമല്ല, വണ്‍പ്ലസ് ഇന്ത്യ വിടുന്നതായി പല ടെക് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ‌്‌തിരുന്നു. എന്നാൽ ഇപ്പോൾ ഈ റിപ്പോർട്ടുകൾ നിഷേധിച്ചിരിക്കുകയാണ് വൺപ്ലസ് ഇന്ത്യ സിഇഒ റോബിൻ ലിയു. വൺപ്ലസ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കുമെന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുവെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ റോബിൻ ലിയു പോസ്റ്റ് ചെയ്‌തു. അടച്ചുപൂട്ടൽ സംബന്ധിച്ച ഈ അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്നും വൺപ്ലസ് ഇന്ത്യയിൽ സേവനങ്ങൾ നൽകുന്നത് തുടരുമെന്നും അദേഹം വ്യക്തമാക്കി. വൺപ്ലസിൽ നിന്നുള്ള പ്രസ്‌താവനയും അദേഹം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

കിംവദന്തികളുടെ തുടക്കം ഇങ്ങനെ

വൺപ്ലസിന്‍റെ അടച്ചുപൂട്ടലിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്ക് പ്രധാനമായും ആക്കം കൂട്ടിയിരിക്കുന്നത് ആൻഡ്രോയ്‌ഡ് ഹെഡ്‌‌ലൈന്‍സിന്‍റെ റിപ്പോർട്ടാണ്. ആന്‍ഡ്രോയ്‌ഡ് മൊബൈലുകളായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രസിദ്ധരാണ് ആൻഡ്രോയ്‌ഡ് ഹെഡ്‌‌ലൈന്‍സ്. ഇന്ത്യയിലേക്ക് വരാനിരിക്കുന്ന നിരവധി വൺപ്ലസ് പ്രോജക്‌ടുകൾ വണ്‍പ്ലസ് കമ്പനി നിർത്തിവച്ചിരിക്കുകയാണെന്ന് ആൻഡ്രോയ്‌ഡ് ഹെഡ്‌‌ലൈന്‍സ് അവകാശപ്പെട്ടു. മാതൃ കമ്പനിയായ ഓപ്പോ ഇപ്പോൾ വൺപ്ലസിനെ ഒരു സ്വതന്ത്ര ബ്രാൻഡായി പ്രവർത്തിപ്പിക്കുന്നതിനുപകരം ഒരുസബ് സീരീസാക്കി മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷത്തെ ദക്ഷിണേന്ത്യൻ റീട്ടെയിലർമാരുമായി മാർജിനുകളെച്ചൊല്ലിയുള്ള തർക്കവും വൺപ്ലസ് ബ്രാന്‍ഡ് ഇന്ത്യ വിടുന്നതായുള്ള പ്രചരണത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ഭാവിയിലേക്കുള്ള വലിയ തയ്യാറെടുപ്പുകൾ

അതേസമയം വൺപ്ലസ് ഇന്ത്യയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളുടെ വസ്‌തുത വ്യക്തമാക്കാൻ താൻ ആഗ്രഹിക്കുന്നതായി സിഇഒ റോബിൻ ലിയു പ്രസ്‍താവനയിൽ പറഞ്ഞു. ഇന്ത്യയില്‍ വണ്‍പ്ലസ് കമ്പനിയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും സാധാരണ നിലയിൽ തന്നെയാണെന്നും കൂടാതെ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച അനുഭവം നൽകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും റോബിൻ ലിയു വ്യക്തമാക്കി. വൺപ്ലസ് നിലവിൽ അതിന്‍റെ വരാനിരിക്കുന്ന മുൻനിര സ്‌മാർട്ട്‌ഫോണിൽ (വൺപ്ലസ് 16 സീരീസ്) പ്രവർത്തിക്കുന്നുണ്ടെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു. ഇത് 9,000 എംഎഎച്ച് ബാറ്ററിയും അത്യാധുനിക ഡിസ്‌പ്ലേ സാങ്കേതികവിദ്യയും ഉൾക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്