സെപ്റ്റംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 സീരീസിന്‍റെ നിര്‍മ്മാണം ഇന്ത്യന്‍ പ്ലാന്‍റുകളില്‍ ഊര്‍ജ്ജിതമായിരിക്കേ ഇന്ത്യയില്‍ നിന്ന് ചൈനീസ് എഞ്ചിനീയര്‍മാരെ തിരിച്ചുവിളിച്ച് ഫോക്‌സ്‌കോണ്‍

ദില്ലി: ആപ്പിളിന് വേണ്ടി ഏറ്റവും കൂടുതൽ ഐഫോണുകൾ അസെംബിള്‍ ചെയ്യുന്ന കമ്പനിയായ ഫോക്‌സ്‌കോണിന്‍റെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്ന് ഏകദേശം 300 ചൈനീസ് എഞ്ചിനീയർമാരെ തിരിച്ചുവിളിച്ചു. ഫോക്‌സ്‌കോണിന്‍റെ അനുബന്ധ സ്ഥാപനമായ യുഷാൻ ടെക്‌നോളജിയിൽ നിന്നാണ് അടിയന്തിരമായി ചൈനീസ് എഞ്ചിനീയർമാരെ തിരിച്ചുവിളിച്ചത്. സമീപകാലത്ത് ഇത് രണ്ടാം തവണയാണ് ഇത്തരം സംഭവമുണ്ടാകുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന സമയത്താണ് ഈ നീക്കമെന്നതും ശ്രദ്ധേയം. കമ്പനിയുടെ ഇന്ത്യൻ നിക്ഷേപങ്ങളെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കാൻ ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയുവിനോട് ചൈന അഭ്യർഥിച്ചിട്ടുണ്ടെന്നും ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

തമിഴ്‌നാട്ടിലെ നിക്ഷേപ, ഉൽപാദന പദ്ധതികൾ

യുഷാൻ ടെക്നോളജി തമിഴ്‌നാട്ടിൽ 13,180 കോടി രൂപ ചെലവിൽ ഒരു ഡിസ്‌പ്ലേ മൊഡ്യൂൾ അസംബ്ലി യൂണിറ്റ് സ്ഥാപിക്കുന്നുണ്ട്. യുഎസ് ഇറക്കുമതി തീരുവ വർധിപ്പിക്കുമെന്ന ഭീഷണികൾക്കിടയിലും കൂടുതൽ ഐഫോൺ ഉൽപാദനം ചൈനയ്ക്ക് പുറത്തേക്ക് മാറ്റുന്നതിനായി യുഷാൻ യൂണിറ്റിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് മെയ് മാസത്തിൽ ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ ഫോക്‌സ്‌കോൺ പറഞ്ഞിരുന്നു.

പിൻവലിക്കലിന്‍റെ കാരണങ്ങളും ഫലങ്ങളും

അതേസമയം, ചൈനീസ് എഞ്ചിനീയർമാരെ പിൻവലിച്ചതിന് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ല. പക്ഷേ സാങ്കേതിക കൈമാറ്റം നിയന്ത്രിക്കുന്നതിനും നൂതന ഉൽ‌പാദന ഉപകരണങ്ങളുടെ കയറ്റുമതിക്കുമുള്ള ചൈനയുടെ വിശാലമായ തന്ത്രവുമായി ഈ നീക്കം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2025 സെപ്റ്റംബറില്‍ ഐഫോൺ 17 സീരീസ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടിലെയും കർണാടകയിലെയും ഫോക്‌സ്‌കോണിന്‍റെ പ്രധാന നിർമ്മാണ യൂണിറ്റുകളിലെ ഐഫോൺ അസെംബ്ലി ലൈനുകളെ ഈ തിരിച്ചുവിളി നീക്കം ബാധിച്ചേക്കും. എങ്കിലും ഇത് ഇന്ത്യയിലെ മൊബൈൽ ഉൽപാദനത്തെ ബാധിക്കില്ലെന്നും ഇതൊരു അവസരമായി കാണണമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്ന സമയം

ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം സമീപ ആഴ്‌ചകളിൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സംഭവം. അതിർത്തിയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനും വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും വ്യാപാര, നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. റെയർ-എർത്ത് മാഗ്നറ്റുകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെ വ്യാപാര സഹകരത്തിനുള്ള ഒരു കരാറും ഇരു രാജ്യങ്ങൾക്കുമിടയിൽ ഉണ്ടായേക്കും.

ആപ്പിളിന് തിരിച്ചടി

ആപ്പിളിന്റെ ഒരു പ്രധാന നിർമ്മാണ പങ്കാളിയാണ് ഫോക്സ്കോൺ. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഉൽപാദനം വിപുലീകരിക്കാനുള്ള ആപ്പിളിന്‍റെ പദ്ധതികളെ ഈ നീക്കം കാര്യമായി ബാധിക്കും. 2024-25 സാമ്പത്തിക വർഷത്തിൽ ആപ്പിൾ ഇന്ത്യയിൽ ഫോക്‌സ്‌കോൺ, പെഗാട്രോൺ, ടാറ്റ ഗ്രൂപ്പ് സൗകര്യങ്ങൾ വഴി 14 ബില്യൺ ഡോളറിന്‍റെ ഐഫോണുകൾ നിർമ്മിച്ചിരുന്നു. അതായത് ആഗോളതലത്തിൽ ഉൽപാദിപ്പിക്കുന്ന ഓരോ ഏഴ് ഐഫോണുകളിലും ഒന്ന് ഇന്ത്യയിൽ നിർമ്മിക്കുന്നു എന്നാണ് കണക്കുകൾ. 2025 മാർച്ച് മുതൽ മെയ് വരെ, ഫോക്‌സ്‌കോൺ ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുകളുടെ 97 ശതമാനം അമേരിക്കൻ വിപണിയിലേക്ക് കയറ്റുമതി ചെയ്‌തു.

ഫോക്സ്കോണിന്‍റെ പദ്ധതികൾ

ഇത്തരം പ്രശ്‍നങ്ങൾ മുൻകൂട്ടി കണ്ട് ഫോക്‌സ്‌കോൺ അടിയന്തര പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തടസങ്ങൾ മറികടക്കാനും ഇന്ത്യയിലെ പ്രവർത്തനങ്ങൾ താളം തെറ്റാതിരിക്കാനും ഇപ്പോൾ തായ്‌വാനിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും എഞ്ചിനീയർമാരെ കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് കമ്പനി. ആപ്പിളിന് നിരവധി ഓപ്ഷനുകൾ ഉണ്ടെന്നും ഐഫോൺ ഉൽപാദനത്തെ ഇത് ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking news Live