സാധാരണ നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്ത പ്രദേശങ്ങളില്‍ സാറ്റ്‌ലൈറ്റ് വഴി വാട്‌സ്ആപ്പ് കോള്‍ വിളിക്കാനുള്ള സൗകര്യം നല്‍കുന്ന ആദ്യ സ്‌മാര്‍ട്ട്‌ഫോണായി ഗൂഗിള്‍ പിക്‌സല്‍ സീരീസ് 10

ഗൂഗിൾ അടുത്തിടെ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണിയിൽ അവരുടെ ഏറ്റവും പുതിയ പിക്‌സൽ 10 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയിരുന്നു. നവീകരിച്ച ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും സഹിതമാണ് പുതിയ ഗൂഗിൾ പിക്സൽ 10 സീരീസിന്‍റെ വരവ്. ഈ സ്‍മാർട്ട്ഫോണിന്‍റെ ഏറ്റവും അത്ഭുതകരമായ സവിശേഷത നെറ്റ്‌വർക്കിന്‍റെ വൈ-ഫൈയുടെയോ ആവശ്യമില്ലാതെ വാട്‌സ്ആപ്പ് കോളുകൾ ചെയ്യാനുള്ള കഴിവാണ്. സ്‍മാർട്ട്‌ഫോണുകളിൽ ആദ്യമായിട്ടാണ് ഇത്തരമൊരു ഫീച്ചർ.

പുതിയ പിക്‌സൽ 10 സീരീസ്, വാട്‌സ്ആപ്പ് ഉപയോക്താക്കളെ സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റി വഴി വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാന്‍ അനുവദിക്കും. അതായത്, നിങ്ങൾ ചില വിദൂര പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുകയാണ് എന്ന് കരുതുക. നിങ്ങൾക്ക് നെറ്റ്‌വർക്ക് കുറവാണെങ്കിലോ നെറ്റ്‌വർക്ക് കവറേജ് ഇല്ലെങ്കിലോ എന്ത് ചെയ്യും? അതുമല്ലെങ്കിൽ നിങ്ങൾ അടിയന്തര സാഹചര്യത്തിലാണെങ്കിലോ... ഇവിടെയാണ് പിക്‌സല്‍ ഫോണിന്‍റെ വാട്‌സ്ആപ്പ് കോള്‍ സൗകര്യം ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുക. കാരണം, നെറ്റ്‌വര്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ വാട്‌സ്ആപ്പ് വഴി മറ്റുള്ളവരെ കണക്റ്റ് ചെയ്യാന്‍ കഴിയും.

അതേസമയം, ടെലികോം ഓപ്പറേറ്റർമാർ സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന പ്രദേശങ്ങളിൽ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കൂ എന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയിൽ, ഈ സൗകര്യം ഇതുവരെ ലഭ്യമല്ല. എങ്കിലും, സമീപഭാവിയിൽ സാറ്റ്‌ലൈറ്റ് അധിഷ്ഠിത സേവനങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് ബി‌എസ്‌എൻ‌എൽ ഇതിനകം സൂചന നൽകിയിട്ടുണ്ട്. അയായത് ഉടൻ തന്നെ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഈ വിപ്ലവകരമായ ഫീച്ചർ ലഭിച്ചേക്കും.

സാറ്റ്‌ലൈറ്റ് വഴി വാട്‌സ്ആപ്പ് ഓഡിയോ, വീഡിയോ കോളിംഗ് സാധ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോൺ നിരയാണ് പിക്‌സൽ 10 സീരീസ്. ഇതുവരെ, സാറ്റ്‌ലൈറ്റ്-സജ്ജീകരിച്ച സ്‍മാർട്ട്‌ഫോണുകൾ എസ്ഒഎസ് സന്ദേശമയയ്‌ക്കൽ, പരിമിതമായ കോളിംഗ് പോലുള്ള ഫീച്ചറുകൾ മാത്രമേ പിന്തുണച്ചിരുന്നുള്ളൂ. പിക്‌സൽ 10 ഉപയോഗിച്ച്, ഈ കണക്റ്റിവിറ്റി ഓപ്ഷൻ വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ ജനപ്രിയ ആപ്പായി വാട്‌സ്ആപ്പ് മാറുന്നു.

പിക്‌സല്‍ 10, പിക്‌സല്‍ 10 പ്രോ, പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് എന്നിവയാണ് ഗൂഗിളിന്‍റെ പത്താം തലമുറ ഫോണ്‍ ശ്രേണിയിലുള്ളത്. ബേസ് മോഡലില്‍ ആദ്യമായി ട്രിപ്പിള്‍ റിയര്‍ ക്യാമറ, പ്രോ മോഡലുകളില്‍ കൂടുതല്‍ വലിയ ബാറ്ററി, എല്ലാ മോഡലുകളിലും പുത്തന്‍ ചിപ്പ്, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം എന്നിവ ഗൂഗിള്‍ പിക്‌സല്‍ 10 സീരീസിന്‍റെ പ്രത്യേകതയാണ്.

പിക്‌സൽ 10-നൊപ്പം പിക്‌സൽ വാച്ച് 4 എൽടിഇയിൽ അടിയന്തര സാഹചര്യങ്ങൾക്കായി സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റിയും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ ഡബ്ല്യു 5 ജെൻ 2 ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സ്‍മാർട്ട് വാച്ചിന് സഹായത്തിനായി ഒരു ജിയോസ്റ്റേഷണറി സാറ്റ്‌ലൈറ്റ് നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യാൻ സാധിക്കും. 

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Rahul Mamkootathil