ഹോണർ 500 പ്രോ, ഹോണർ 500 എന്നിവയുടെ സ്റ്റോറേജ് വേരിയന്‍റുകളും കളർ വേരിയന്‍റുകളും കമ്പനി വെളിപ്പെടുത്തി. ഫോണുകൾ കമ്പനിയുടെ ഓൺലൈൻ സ്റ്റോറിൽ ലിസ്റ്റ് ചെയ്‌തിട്ടുണ്ട്.

ബെയ്‌ജിങ്: ഹോണർ 500 പ്രോ, വാനില ഹോണർ 500 എന്നിവ ഉൾപ്പെടുന്ന ഹോണർ 500 സീരീസ് ഉടൻ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരണം. ഹോണര്‍ അടുത്തിടെ ഹാൻഡ്‌സെറ്റിന്‍റെ റിയര്‍ ഡിസൈൻ വെളിപ്പെടുത്തി. പുനർരൂപകൽപ്പന ചെയ്‌ത പിൻ ക്യാമറ മൊഡ്യൂളാണ് ഇതിലെ ആകര്‍ഷണം. ഇപ്പോൾ ഹോണർ 500 പ്രോ, ഹോണർ 500 എന്നിവയുടെ സ്റ്റോറേജ് വേരിയന്‍റുകളും കളർ വേരിയന്‍റുകളും കമ്പനി വെളിപ്പെടുത്തി. ഫോണുകൾ കമ്പനിയുടെ ഓൺലൈൻ സ്റ്റോറിൽ ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. ഹോണർ 500 പ്രോ നാല് വ്യത്യസ്‍ത നിറങ്ങളിലും റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലും വാഗ്‌ദാനം ചെയ്യും. അക്വാമറൈൻ, സ്റ്റാർലൈറ്റ് പൗഡർ, ഒബ്‌സിഡിയൻ ബ്ലാക്ക്, മൂൺലൈറ്റ് സിൽവർ എന്നീ കളർ ഓപ്ഷനുകളിൽ ആയിരിക്കും ഹോണർ 500 പ്രോ ലഭിക്കുക.

ഹോണർ 500 പ്രോ, ഹോണർ 500

12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ്, 16 ജിബി റാം + 512 ജിബി സ്റ്റോറേജ് എന്നീ വേരിയന്‍റുകളിൽ ആയിരിക്കും ഹോണർ 500 പ്രോ വിപണിയിൽ എത്തുന്നത്. ഹോണർ 500 പ്രോയുടെ ടോപ്പ്-ഓഫ്-ലൈൻ വേരിയന്‍റിൽ 16 ജിബി റാമും 1 ടിബി ഓൺബോർഡ് സ്റ്റോറേജും ലഭിക്കും. 1 ടിബി ഇന്‍റേണൽ സ്റ്റോറേജ് വേരിയന്‍റിൽ ഹാൻഡ്‌സെറ്റ് പുറത്തിറക്കില്ല. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റ് 5 ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരശ്ചീന ക്യാമറ മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുള്ള ഫോൺ ആയിരിക്കും ഇത്.

കമ്പനി അടുത്തിടെ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമായ വെയ്‌ബോയിലെ ഒരു പോസ്റ്റിൽ ഹോണർ 500 പ്രോയും ഹോണർ 500 ഉം ചൈനയിൽ ഉടൻ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഹാൻഡ്‌സെറ്റിന്‍റെ രൂപകൽപ്പനയും കമ്പനി ടീസർ ചെയ്‌തിട്ടുണ്ട്. ഒരു ഹാൻഡ്‌സെറ്റിൽ വലതുവശത്ത് ഒരു പുതിയ ബട്ടൺ കാണിച്ചിരിക്കുന്നു. അത് ആപ്പിളിന്‍റെ ക്യാമറ കൺട്രോൾ ബട്ടണിനോട് സാമ്യമുള്ളതാണ്.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്

ഈ സ്‍മാർട്ട്ഫോണിന്‍റെ സ്പെസിഫിക്കേഷനുകൾ നിലവിൽ വ്യക്തമല്ല. എങ്കിലും ഹോണർ 500 സീരീസിന് 1.5കെ റെസല്യൂഷനും 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റും ഉള്ള 6.55 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോണർ 500 പ്രോയ്ക്ക് 8,000 എംഎഎച്ച് ബാറ്ററിയുമായി ജോടിയാക്കിയ ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് നൽകാൻ സാധ്യതയുണ്ട്. 80 വാട്‌സ് വയർഡ്, 50 വാട്‌സ് വയർലെസ് ചാർജിംഗും ഇത് പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു. അതേസമയം, സ്റ്റാൻഡേർഡ് മോഡലിൽ സ്‌നാപ്ഡ്രാഗൺ 8S ജെന്‍ 4 ചിപ്പ് സജ്ജീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്