രണ്ട് കളര്‍ വേരിയന്‍റുകള്‍, അതിശക്തമായ ബാറ്ററി ഫീച്ചറുകള്‍, 50 എംപി ക്യാമറ എന്നിവ ഹോണറിന്‍റെ ഈ പുത്തന്‍ സ്‌മാര്‍ട്ട്ഫോണിലുണ്ട്
ദില്ലി: ചൈനീസ് ബ്രാന്‍ഡായ ഹോണര്‍ പുത്തന്‍ 5ജി ബജറ്റ് സ്‌മാര്‍ട്ട്‌ഫോണായ ഹോണര്‍ എക്‌സ്7സി (Honor X7c 5G) ഇന്ത്യയില്‍ അവതരിപ്പിച്ചു. 15,000 രൂപയില്‍ താഴെ വിലയില്‍ 5,200 എംഎഎച്ച് ബാറ്ററിയും 50 മെഗാപിക്‌സല്‍ ക്യാമറയും സഹിതമാണ് ഫോണിന്‍റെ വരവ്. ആന്‍ഡ്രോയ്‌ഡ് 14 അടിസ്ഥാനമാക്കിയുള്ള മാജിക്ഒഎസ് 8.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെത്തിയ ഹോണര്‍ എക്‌സ്7സി 5ജി ഹാന്‍ഡ്‌സെറ്റിന്‍റെ വിലയും ഫീച്ചറുകളും വിശദമായി അറിയാം.
ഹോണര്‍ എക്‌സ്7സി 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 14,999 രൂപയാണ് ഇന്ത്യയില്‍ വില. രണ്ട് കളര്‍ ഓപ്ഷനുകളില്‍ വരുന്ന ഈ ഹോണര്‍ ഫോണ്‍ ഓഗസ്റ്റ് 20-ാം തീയതി ഉച്ചയ്ക്ക് 12 മണി മുതല്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ വഴി ഇന്ത്യയില്‍ വാങ്ങാം.
6.8 ഇഞ്ച് വരുന്ന 2412 x 1080 പിക്‌സല്‍ റെസലൂഷനിലുള്ള ഡിസ്‌പ്ലെയാണ് ഹോണര്‍ എക്‌സ്7സി 5ജിയുള്ളത്. റിയര്‍ വിഭാഗത്തില്‍ 50 എംപിയുടെ പ്രധാന ക്യാമറയും 2 എംപിയുടെ ഡെപ്‌ത് സെന്‍സറും ഉള്‍പ്പെടുന്നു. 8X ഡിജിറ്റല്‍ സൂം പിന്തുണയും ഇതിനുണ്ട്. മുന്‍ ഭാഗത്ത് സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 5 എംപിയുടെ ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌നാപ്‌ഡ്രാഗണ്‍ 4 ജെന്‍ 2 ചിപ്‌സെറ്റിലാണ് ഹോണര്‍ എക്‌സ്7സി ഹാന്‍ഡ്‌സെറ്റിന്‍റെ പ്രവര്‍ത്തനം. 16 ജിബി വെര്‍ച്വല്‍ റാം എക്‌സ്‌റ്റന്‍ഷന്‍ ലഭ്യമാണ്. ആന്‍ഡ്രോയ്‌ഡ് 14 അടിസ്ഥാനമാക്കിയുള്ള മാജിക്ഒഎസ് 8.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനം.
35 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യത്തോടെയുള്ള 5,200 എംഎഎച്ച് ബാറ്ററിയാണ് ഹോണര്‍ എക്‌സ്7സിയില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂര്‍ വരെ ഓണ്‍ലൈന്‍ സ്‌ട്രീമിംഗും, 18 മണിക്കൂര്‍ വരെ ഷോര്‍ട് വീഡിയോ പ്ലേബാക്കും, 59 മണിക്കൂര്‍ മ്യൂസികും, 46 മണിക്കൂര്‍ വോയിസ് കോളും നല്‍കാന്‍ ഈ ബാറ്ററിക്ക് കരുത്തുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. 2 ശതമാനം ബാറ്ററി ചാര്‍ജുണ്ടെങ്കില്‍ അള്‍ട്രാ-പവര്‍ സേവിംഗ് മോഡില്‍ 75 മിനിറ്റ് വരെ കോള്‍ വിളിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. ഡുവല്‍ സ്റ്റീരിയോ സ്‌പീക്കറുകള്‍, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, ഹോണര്‍ മാജിക് കാപ്‌സൂള്‍, ത്രീ-ഫിംഗര്‍ സ്വൈപ് ഡൗണ്‍ എന്നീ സൗകര്യങ്ങളും ഈ ഫോണിലുണ്ട്.

