ഓപ്പോ എ6 ശ്രേണിയിലേക്ക് മറ്റൊരു സ്‌മാര്‍ട്ട്‌ഫോണ്‍ കൂടി ചേര്‍ത്തു. ഓപ്പോ എ6 പ്രോ ഫോണിന്‍റെ ക്യാമറ, ബാറ്ററി, ഡിസ്‌പ്ലെ അടക്കമുള്ള ഫീച്ചറുകളും ഇന്ത്യയിലെ വിലയും വിശദമായി അറിയാം.

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുത്തന്‍ ഓപ്പോ എ6 പ്രോ (OPPO A6 Pro) ഗാഡ്‌ജറ്റ് ഇന്ത്യയില്‍ പുറത്തിറക്കി. ഇതോടെ ഓപ്പോ എ6 ശ്രേണിയില്‍ ഓപ്പോ എ6 5ജി, ഓപ്പോ എ6എക്‌സ്, ഓപ്പോ എ6 പ്രോ എന്നീ മൂന്ന് ഫോണ്‍ മോഡലുകളായി. മീഡിയടെക് ഡൈമന്‍സിറ്റി 6300 ചിപ്‌സെറ്റിലുള്ള പുത്തന്‍ ഓപ്പോ എ6 പ്രോയില്‍ 7,000 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററിയുണ്ട്. ഡുവല്‍ ക്യാമറ സജ്ജീകരണം, 6.75 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍, 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് തുടങ്ങിയ ഫീച്ചറുകളുള്ള ഫോണാണ് ഓപ്പോ എ6 പ്രോ.

ഓപ്പോ എ6 പ്രോ ഫീച്ചറുകളും പ്രത്യേകതകളും

120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 6.75 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ഓപ്പോ എ6 പ്രോയ്‌ക്ക് നല്‍കിയിരിക്കുന്നു. ആന്‍‍ഡ്രോയ്‌ഡ് 15 അടിസ്ഥാനത്തിലുള്ള കളര്‍ഒഎസ് 15-ലാണ് പ്രവര്‍ത്തനം. ഡുവല്‍ റിയര്‍ ക്യാമറ വിഭാഗത്തില്‍ 50 എംപി പ്രധാന സെന്‍സറും 2 എംപി മോണോക്രോം സെന്‍സറും ഉള്‍പ്പെടുന്നു. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ളത് 16-മെഗാപിക്‌സലിന്‍റെ ക്യാമറയാണ്. 80 വാട്‌സ് സൂപ്പര്‍വൂക് വയേര്‍ഡ് ചാര്‍ജിംഗ് സൗകര്യം സഹിതമുള്ള 7,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്‍റെ കരുത്ത്. 126 ഗ്രാമാണ് ഫോണിന്‍റെ ഭാരം. ഈ ഫോണ്‍ മികച്ച ഗെയിമിംഗ് അനുഭവം നല്‍കുമെന്നും പറയപ്പെടുന്നു.

ഓപ്പോ എ6 പ്രോ ഇന്ത്യയിലെ വില

8 ജിബി റാം +128 ജിബി സ്റ്റോറേജ്: 21,999 രൂപ

8 ജിബി റാം +256 ജിബി സ്റ്റോറേജ്: 23,999 രൂപ

ഓപ്പോ എ6 പ്രോ ഇപ്പോള്‍ ഓപ്പോ ഇ-സ്റ്റോറും, ആമസോണും ഫ്ലിപ്‌കാര്‍ട്ടും പോലെയുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും, തെരഞ്ഞെടുക്കപ്പെട്ട റീടെയ്‌ല്‍ സ്റ്റോറുകളും വഴി വാങ്ങിക്കാം. രണ്ട് നിറങ്ങളിലാണ് ഓപ്പോ എ6 പ്രോ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. വില്‍പ്പനയുടെ ആരംഭത്തില്‍ ഓപ്പോ എ6 പ്രോയ്‌ക്ക് കമ്പനി ഓഫര്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ ഓപ്പോ എ6 പ്രോ വാങ്ങുന്നവര്‍ക്ക് 2,000 രൂപ വരെ ക്യാഷ്‌ബാക്ക് ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് മൂന്ന് മാസം വരെ പരിശ രഹിത ഇന്‍സ്റ്റാള്‍‌മെന്‍റും ഓഫര്‍ ചെയ്യുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്