ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സവിശേഷതകളും 8,100 എം.എ.എച്ച്. ബാറ്ററിയുമായി ഹോണർ എക്സ്7ഇ പ്ലസ് 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗൺ 4 ജെൻ 4 പ്രോസസർ, 50 മെഗാപിക്സൽ ക്യാമറ, 45 വാട്ട് ഫാസ്റ്റ് ചാർജിങ് എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന ആകർഷണങ്ങൾ. നിലവിൽ ഖത്തറിൽ വിൽപ്പനയ്‌ക്കെത്തിയ ഫോൺ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.

ദീർഘനേര ബാറ്ററി ബാക്കപ്പും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സവിശേഷതകളും ഉൾപ്പെടുത്തി ഹോണർ പുതിയ ഹോണർ എക്സ്7ഇ പ്ലസ് 5ജി സ്‍മാർട്ട്ഫോൺ അവതരിപ്പിച്ചു. നിലവിൽ തിരഞ്ഞെടുത്ത ആഗോള വിപണികളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 4 ജെൻ 4 പ്രോസസർ, 8,100 എം.എ.എച്ച്. ബാറ്ററി, 45 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നിവയാണ് പുതിയ ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.

കരുത്തൻ ബാറ്ററിയും സുരക്ഷയും

8,100 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 45 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയും ഇതിനുണ്ട്. 5ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.1, എൻ.എഫ്.സി., യു.എസ്‍.ബി. ടൈപ്പ്-സി, ഒ.ടി.ജി. തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളും ലഭ്യമാണ്. സൈഡിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസർ, ഐ.പി.68, ഐ.പി.69, ഐ.പി.69കെ നിലവാരത്തിലുള്ള വെള്ളവും പൊടിയും പ്രതിരോധിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഫോണിലുണ്ട്. അതേസമയം ഇന്ത്യയിൽ ഈ സ്‍മാർട്ട്ഫോൺ എപ്പോൾ അവതരിപ്പിക്കുമെന്ന കാര്യത്തിൽ ഹോണർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ഡിസ്‌പ്ലേയും പ്രോസസറും

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് ഒ.എസ്. 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഹോണർ എക്സ്7ഇ പ്ലസ് 5ജി പ്രവർത്തിക്കുന്നത്. 6.87 ഇഞ്ച് എച്ച്.ഡി. പ്ലസ് ടി.എഫ്.ടി. എൽ.സി.ഡി. ഡിസ്‌പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 1,020 നിറ്റ്‌സ് വരെ പരമാവധി തെളിച്ചം എന്നിവയാണ് സ്‌ക്രീനിന്റെ പ്രത്യേകതകൾ. ഐ കംഫർട്ട്, ഡൈനാമിക് ഡിമ്മിങ് സാങ്കേതികവിദ്യകൾക്കും പിന്തുണയുണ്ട്. ഫോണിന് കരുത്തേകുന്നത് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 4 ജെൻ 4 പ്രോസസറാണ്. 8 ജി.ബി. വരെ റാമും 256 ജി.ബി. വരെ സ്റ്റോറേജും ലഭിക്കും.

എഐ ബട്ടണും 50 മെഗാപിക്സൽ ക്യാമറയും

ഫോണിന്‍റെ വശത്ത് പ്രത്യേക എഐ ബട്ടൺ നൽകിയിട്ടുണ്ട്. ഒറ്റ അമർത്തലിൽ വിവിധ എ.ഐ. സവിശേഷതകളും ആപ്പുകളും തുറക്കാൻ ഇതിലൂടെ സാധിക്കും. എ.ഐ. മെമ്മറി, സർക്കിൾ ടു സെർച്ച്, എ.ഐ. ഇറേസർ, എ.ഐ. സമ്മറി തുടങ്ങിയ സവിശേഷതകളും ഫോണിലുണ്ട്. ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സൽ പ്രധാന പിൻ ക്യാമറയും ഒരു സഹായക ലെൻസും നൽകിയിട്ടുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ മുൻ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.

വില എത്ര?

ഖത്തറിൽ ഫോൺ ഇതിനകം വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. 6 ജി.ബി. റാം + 128 ജി.ബി. സ്റ്റോറേജ് പതിപ്പിന് 999 ഖത്തർ റിയാൽ (ഏകദേശം 26,000 രൂപ) ആണ് വില. 8 ജി.ബി. റാം + 256 ജി.ബി. സ്റ്റോറേജ് പതിപ്പിന് 1,099 ഖത്തർ റിയാൽ (ഏകദേശം 29,000 രൂപ) നൽകണം. ഡെസർട്ട് ഗോൾഡ്, വെൽവെറ്റ് ബ്ലാക്ക്, മീറ്റിയർ സിൽവർ തുടങ്ങിയ മൂന്ന് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്.