ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ കോളുകള്‍ വരുമ്പോഴുള്ള ഡിസ്‌പ്ലെയുടെ ഡിസൈനിലെ മാറ്റം കണ്ട് കിളിപാറിയിരിക്കുകയാണ് ഉപയോക്താക്കള്‍, കോള്‍ എടുക്കാന്‍ തന്നെ പ്രയാസം. എന്നാല്‍ ഈ പ്രശ്‌നം എളുപ്പം പരിഹരിച്ച് ഫോണ്‍ പഴയപടിയാക്കാം.

അടുത്തിടെ ആൻഡ്രോയ്‌‍ഡ് മൊബൈല്‍ ഫോൺ ഉപയോഗിക്കുന്ന ആളുകളുടെ ഹാന്‍ഡ്‌സെറ്റില്‍ അവർ പോലും അറിയാതെ ഒരു അപ്ഡേഷൻ വന്നു. പലരും അത് അറിഞ്ഞത് ഫോണിൽ കോൾ വന്നപ്പോഴാണ്. ഒറ്റ രാത്രി കൊണ്ട് എന്താണ് സംഭവിച്ചത് എന്ന് പിടികിട്ടാതെ പലരും ഫോണുകള്‍ റീസ്റ്റാര്‍ട്ട് ചെയ്‌തു. ചിലര്‍ അബദ്ധത്തില്‍ കൈതട്ടി എന്തോ സെറ്റിംഗ്‌സില്‍ മാറ്റം വന്നതായി വിലപിച്ചു. ചില കരുതി ഡിസ്‌പ്ലെ അടിച്ചുപോയെന്ന്. എന്താണ് ആന്‍ഡ്രോയ്‌ഡ് മൊബൈല്‍ ഫോണുകളിലെ കോളര്‍ ഇന്‍റര്‍ഫേസില്‍ വന്ന മാറ്റമെന്ന് നോക്കാം.

ഫോണ്‍ ആപ്പ് അപ്‌ഡേറ്റ്

കോൾ എൻഡ്, കീപാഡ്, മ്യൂട്ട്, സ്‌പീക്കർ ഓപ്ഷനുകൾ എന്നിവയ്ക്കായി വലിയ ബട്ടണുകൾ ഉൾപ്പെടുത്തി ആൻഡ്രോയ്‌ഡ് കോളിംഗ് ഇന്‍റർഫേസ് ഗൂഗിള്‍ നവീകരിച്ചതാണ് പുതിയ അപ്ഡേറ്റിലെ മാറ്റം. ഗൂഗിള്‍ ഫോണ്‍ ആപ്പിലെ ഏറ്റവും പുതിയ അപ‌‌ഡേറ്റാണിത്. ഫോൺ ആപ്പിലും കോൺടാക്റ്റുകളിലും കോൾ ലിസ്റ്റുകളിലും പുതിയ അപ്ഡേറ്റിൽ മാറ്റം വന്നു. ഉപയോക്താക്കൾ അവരുടെ ഉപകരണത്തിൽ ഒരു അപ്‌ഡേറ്റും ഡൗൺലോഡ് ചെയ്‌തിട്ടില്ലെങ്കിലും ഈ മാറ്റങ്ങൾ തങ്ങളുടെ ഫോണിൽ ഉണ്ടായത് നിരവധി പേരെ ബുദ്ധിമുട്ടിച്ചു. ഈ പുതിയ കോളര്‍ ഇന്‍റര്‍ഫേസ് പരിചിതമല്ലാത്തതിനാല്‍ ഒട്ടും യൂസര്‍-ഫ്രണ്ട്‌ലി അല്ലായെന്നായിരുന്നു പരാതികളിലേറെയും. അങ്ങനെയുള്ളവര്‍ക്ക് ഈ ബുദ്ധിമുട്ട് ഒഴിവാക്കി ഫോണ്‍ പഴയ പരുവത്തിലാക്കാന്‍ ഒരു വഴിയുണ്ട്.

ആന്‍ഡ്രോയ്‌ഡ് സ്‌മാര്‍ട്ട്‌ഫോണുകളില്‍ ഓട്ടോ-അപ്ഡേറ്റ് ആയ അപ്ഡേഷൻ പഴയത് പോലെ ആക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ എളുപ്പമാണ്. കോളര്‍ ഇന്‍റര്‍ഫേസ് പഴയപോലെയാക്കാന്‍ ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ പോവുക. വെറും ഒരു മിനിറ്റിൽ ഫോണിന്‍റെ ഡിസ്‌പ്ലെ പഴയത് പോലെ ആക്കാൻ കഴിയും. എങ്ങനെ പഴയ പോലെ ആക്കാമെന്ന് നോക്കാം.

ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ പ്രവേശിച്ച് 'phone by google' (ഫോൺ ബൈ ഗൂഗിൾ) എന്ന് സെർച്ച് ചെയ്യുക.

അതിന് ശേഷം അതിൽ അൺ‌ഇൻസ്റ്റാൾ എന്ന ഓപ്ഷന്‍ നല്‍കുക. 

അൺഇൻസ്റ്റാൾ കൊടുത്തതിന് ശേഷം ഫോണിലെ കോളർ ഇന്‍റർഫേസ് എടുത്തുനോക്കിയാല്‍ പഴയത് പോലെ ആയിട്ടുണ്ടായിരിക്കും. ഇത്രയും മാത്രം ചെയ്‌താൽ നിങ്ങളുടെ ഫോണിലെ കോളർ ഇന്‍റർഫേസിൽ വന്ന മാറ്റം പഴയത് പോലെയാക്കാം.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking news Live