ബ്ലാക്ക് ഫ്രൈഡേ സെയില്‍ 2025-ല്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ക്രോമ ഐഫോണ്‍ 16 40,000 രൂപയില്‍ താഴെ വിലയില്‍ വില്‍ക്കുന്നു. ഐഫോണ്‍ 16-ന് ക്രോമ നല്‍കുന്ന ഓഫര്‍ വിശദമായി അറിയാം. 

മുംബൈ: ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഐഫോണ്‍ 17 സീരിസ് പുറത്തിറങ്ങിയതോടെ ഐഫോണ്‍ 16 ശ്രേണി മോഡലുകള്‍ക്ക് ആപ്പിള്‍ വില കുറച്ചിരുന്നു. ഇപ്പോള്‍ ബ്ലാക്ക് ഫ്രൈഡേ സെയിലില്‍ വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വീണ്ടും വില കുറച്ച് ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വില്‍ക്കുകയാണ്. ക്രോമയാണ് വമ്പിച്ച ഡിസ്‌കൗണ്ട് ഐഫോണ്‍ 16-ന് നല്‍കുന്ന പ്ലാറ്റ്‌ഫോം. ക്രോമ ബ്ലാക്ക് ഫ്രൈഡേ സെയില്‍ 2025-ല്‍ ഐഫോണ്‍ 16 (128GB) അതിശയിപ്പിക്കുന്ന വിലക്കുറവില്‍ 40,000 രൂപയില്‍ താഴെ പണം നല്‍കി വാങ്ങാനാകും എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? ഐഫോണ്‍ 16-ന് ഇപ്പോള്‍ ക്രോമ നല്‍കുന്ന വമ്പിച്ച ഓഫര്‍ പരിചയപ്പെടാം.

ഐഫോണ്‍ 16-ന് ക്രോമയില്‍ 40,000 രൂപയില്‍ താഴെ വില!

2024ല്‍ പുറത്തിറങ്ങിയ സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 16 ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളടക്കം പിന്തുണയ്‌ക്കുന്ന സ്‌മാര്‍ട്ട്‌ഫോണുകളിലൊന്നാണ്. പുറത്തിറങ്ങിയ സമയത്ത് ആപ്പിളിന്‍റെ ഏറ്റവും കരുത്തുറ്റ ബേസ് മോഡലായിരുന്നു ഐഫോണ്‍ 16. ലോഞ്ചിംഗ് സമയത്ത് 79,900 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 16 ബ്ലാക്ക് ഫ്രൈഡേ സെയിലില്‍ ക്രോമ 66,490 രൂപയിലാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. അതായത് 13,410 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ഐഫോണ്‍ 16-ന് ലഭിക്കുന്നു. ഇതിന് പുറമെ ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസുകളും ഡിസ്‌കൗണ്ട് കൂപ്പണുകളും ഐഫോണ്‍ 16-ന്‍റെ വില വീണ്ടും കുറയ്‌ക്കും. വെറും 39,900 രൂപയ്‌ക്ക് ഐഫോണ്‍ 16 വാങ്ങാനാകും എന്നാണ് ക്രോമയുടെ വെബ്‌സൈറ്റ് മോഹവാഗ്‌ദാനം നല്‍കുന്നത്. ഈ ഓഫര്‍ നവംബര്‍ 30 വരെയാണ് ലഭ്യമാവുക. 3,000 രൂപ ബാങ്ക് ക്യാഷ്‌ബാക്കും 1,500 രൂപ വരെ ഡിസ്‌കൗണ്ട് കൂപ്പണും 6,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 16,000 രൂപ വരെ പഴയ ഫോണിന് മൂല്യവും ഐഫോണ്‍ 16 വാങ്ങുമ്പോള്‍ ക്രോമ നല്‍കുന്നു. ഇതോടെയാണ് ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വെറും 39,900 രൂപയ്‌ക്ക് ക്രോമയില്‍ നിന്ന് വാങ്ങാനാവുന്നത്.

ഐഫോണ്‍ 16: സവിശേഷതകളും ഫീച്ചറുകളും

ഗെയിമിംഗ് അടക്കമുള്ള ഹെവി ടാസ്‌ക്കുകള്‍ ചെയ്യാന്‍ ശേഷിയുള്ള സ്‌മാര്‍ട്ട്‌ഫോണാണ് ആപ്പിളിന്‍റെ ഐഫോണ്‍ 16. ചൂടിന്‍റെ അധികം പ്രശ്‌നമില്ലാതെ ഗെയിമിംഗ് അനുഭവം ഐഫോണ്‍ 16 നല്‍കുന്നു. 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 6.1 ഇഞ്ച് ഓലെഡ് ഡിസ്‌പ്ലെയാണ് ഐഫോണ്‍ 16-ലുള്ളത്. എ18 ബയോണിക് ചിപ്പ്, 8 ജിബി റാം, ആപ്പിള്‍ ഇന്‍റലിജന്‍സ്, 3,561 എംഎഎച്ച് ബാറ്ററി എന്നിവയും ഐഫോണ്‍ 16-ന്‍റെ ഫീച്ചറുകളാണ്. ഐഫോണ്‍ 16ല്‍ 2x ടെലിഫോട്ടോ സൂം സഹിതമുള്ള 48 എംപി പ്രധാന സെന്‍സറും, 12 എംപി അള്‍ട്രാ-വൈഡ് ലെന്‍സുമാണ് റിയര്‍ ക്യാമറ ഭാഗത്ത് വരുന്നത്. സെല്‍ഫിക്കായുള്ള ഫ്രണ്ട് ക്യാമറ ഓട്ടോഫോക്കസ് സഹിതം 12 എംപിയുടെ ട്രൂഡെപ്‌ത് സെന്‍സറാണ്. അതേസമയം, കൂടുതല്‍ റാമും റിഫ്രഷ് റേറ്റും ആവശ്യമായ ഉപയോക്താക്കള്‍ക്ക് ഐഫോണ്‍ 16-നേക്കാള്‍ മികച്ച മറ്റ് ഓപ്ഷനുകളുണ്ട് എന്നതൊരു യാഥാര്‍ഥ്യമാണ്. 

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്