ഐഫോണ്‍ 17 പ്രോയിലും ഐഫോണ്‍ 17 പ്രോ മാക്സിലും 48 എംപി വീതമുള്ള മൂന്ന് റീയര്‍ ക്യാമറകളുണ്ടാകും എന്ന് ലീക്കുകള്‍ സൂചിപ്പിക്കുന്നു 

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐഫോണ്‍ 17 സ്‌മാര്‍ട്ട്‌ഫോണ്‍ സിരീസിലെ പ്രോ മോഡലുകളിലുണ്ടാവുക 48 മെഗാപിക്സലിന്‍റെ മൂന്ന് വീതം ക്യാമറകളെന്ന് സൂചന. പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റല്‍ പ്ലേ സ്റ്റേഷനാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാല്‍ ഇക്കാര്യം ആപ്പിള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. 

ഡിജിറ്റല്‍ പ്ലേ സ്റ്റേഷന്‍ പുറത്തുവിട്ട ലീക്ക് അനുസരിച്ച് രണ്ട് ഐഫോണ്‍ 17 പ്രോ മോഡലുകളിലും 48 എംപിയുടെ മൂന്ന് റീയര്‍ ക്യാമറകള്‍ വീതമുണ്ടാകും. ഏറ്റവും മുന്തിയ ഐഫോണ്‍ 17 പ്രോ മാക്സില്‍ 1/1.3" 48 എംപി ഫ്യൂഷന്‍ ലെന്‍സ്, 48 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 48 എംപി ടെട്രാപ്രിസം ടെലിഫോട്ടോ ലെന്‍സ് (നിലവിലെ ഐഫോണ്‍ 16 മോഡലുകളില്‍ ഈ ക്യാമറ 12 എംപിയുടെതാണ്) എന്നിവയാണുണ്ടാവുക. പ്രധാന ക്യാമറയും ടെലിഫോട്ടോ ക്യാമറയും ഹൈബ്രിഡ്-ഗ്ലാ പ്ലാസ്റ്റിക് ലെന്‍സില്‍ ഉള്ളവയായിരിക്കും. രണ്ട് ഐഫോണ്‍ 17 പ്രോ ഫോണ്‍ മോഡലുകളിലും 24 എംപി സെല്‍ഫി ക്യാമറയായിരിക്കും ഉണ്ടായിരിക്കുകയെന്നും ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍റെ ലീക്കില്‍ പറയുന്നു. 

ഐഫോണ്‍ 17 പ്രോ മാക്സില്‍ 48 മെഗാപിക്സലിന്‍റെ ടെട്രാപ്രിസം ടെലിഫോട്ടോ ലെന്‍സായിരിക്കും വരികയെന്ന് ആപ്പിള്‍ അനലിസ്റ്റായ മിങ്-ചി-ക്യു 2024 ജൂണില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മികച്ച ഫോട്ടോ നിലവാരവും സൂമും ഈ ലെന്‍സ് പ്രദാനം ചെയ്യുമെന്നായിരുന്നു അന്ന് മിങ് പുറത്തുവിട്ട വിവരം. ഐഫോണ്‍ 17 പ്രോ മാക്സില്‍ മാത്രമാണ് ടെട്രാപ്രിസം ടെലിഫോട്ടോ ലെന്‍സ് വരികയെന്നായിരുന്നു മിങിന്‍റെ റിപ്പോര്‍ട്ട് എങ്കില്‍ ഇപ്പോള്‍ ഡിജിറ്റല്‍ പ്ലേ സ്റ്റേഷന്‍ പറയുന്നത് രണ്ട് പ്രോ മോഡലുകളിലും ഈ സെന്‍സര്‍ ഇടംപിടിക്കുമെന്നാണ്. ഐഫോണ്‍ 17 സിരീസിലെ എല്ലാ ഫോണുകളിലും ഫ്രണ്ട് ക്യാമറയില്‍ കാര്യമായ അപ്‌ഡേറ്റുണ്ടാകും എന്നും സൂചനകളുണ്ട്. 

2025 സെപ്റ്റംബറിലാണ് ഐഫോണ്‍ 17 സിരീസ് ആപ്പിള്‍ പുറത്തിറക്കാന്‍ സാധ്യത. ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍ (സ്ലിം), ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയാണ് ഈ നാല് മോഡലുകള്‍ എന്നാണ് ഇതുവരെയുള്ള വിവരം. 

Read more: കനം 5.5 മില്ലീമീറ്റര്‍ മാത്രം; ഐഫോണ്‍ 17 എയര്‍ വീണ്ടും മെലിയുമെന്ന് റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം