പുതിയ ഐഫോൺ 18 പ്രോ സീരീസ് ലോഞ്ച് തന്ത്രത്തിൽ മാറ്റങ്ങളോടെ എത്താൻ സാധ്യത. എ20 പ്രോ ചിപ്പ്, പുതിയ ഡാർക്ക് ചെറി നിറം, 48 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ, വലിപ്പം കുറഞ്ഞ ഡൈനാമിക് ഐലൻഡ് എന്നിവ പ്രധാന ആകർഷണങ്ങളാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാധാരണ ഐഫോൺ 18 മോഡലിനായി 2027 വരെ കാത്തിരിക്കേണ്ടി വന്നേക്കാം.
കാലിഫോര്‍ണിയ: ആപ്പിൾ അടുത്ത തലമുറ ഐഫോണുകൾ അവതരിപ്പിക്കാൻ ഇനി കുറച്ച് മാസങ്ങൾ കൂടിയേ ബാക്കിയുള്ളൂ. ഐഫോൺ 18 പ്രോ സീരീസിനെ കുറിച്ചുള്ള അഭ്യൂഹങ്ങളും വിവര ചോർച്ചകളും ഇതിനോടകം ടെക് ലോകത്ത് വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഈ തവണ കമ്പനി ലോഞ്ച് തന്ത്രത്തിൽ മാറ്റം വരുത്താനാണ് സാധ്യതയെന്നാണ് പുതിയ റിപ്പോർട്ടുകൾ. പ്രോ മോഡലുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് എന്നിവ ഈ വർഷം തന്നെ പുറത്തിറങ്ങും. അതേസമയം, സാധാരണ ഐഫോൺ 18 മോഡൽ ലോഞ്ച് 2027-ലേക്ക് മാറ്റിയേക്കാം എന്നാണ് സൂചന.

ഐഫോൺ 18 പ്രോ: പ്രതീക്ഷിക്കേണ്ട ഫീച്ചറുകള്‍
ഡിസൈൻ കാര്യത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നില്ല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആപ്പിൾ ഐഫോൺ പ്രോ മോഡലിൽ വലിയ ക്യാമറ പ്ലാറ്റോ അവതരിപ്പിച്ചിരുന്നു. ഈ വർഷം അതേ ഡിസൈൻ ശൈലി തുടരുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പുതിയ നിറങ്ങൾ അവതരിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഡാർക്ക് ചെറി, ലൈറ്റ് ബ്ലൂ, സിൽവർ, ഡാർക്ക് ഗ്രേ എന്നീ നാല് നിറങ്ങള്‍ പരീക്ഷണ ഘട്ടത്തിലുണ്ടെന്നാണ് വിവരം. ഇതിൽ ഡാർക്ക് ചെറി കളർ പ്രധാന ആകർഷണമാകാൻ സാധ്യതയുണ്ട്.
ഡിസ്‌പ്ലേ വിഭാഗത്തിലും ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഡൈനാമിക്ക് ഐലൻഡ് ഏകദേശം 35 ശതമാനം കുറയുമെന്നാണ് റിപ്പോർട്ട്. ഇതിലൂടെ സ്ക്രീനിൽ കൂടുതൽ സ്പേസ് ലഭിക്കും. 6.3 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഐഫോൺ 18 പ്രോയും 6.9 ഇഞ്ച് സ്ക്രീനുള്ള പ്രോ മാക്‌സ് മോഡലും പുതിയ എല്‍ടിപിഒ+ പാനലുകളുമായി എത്തുമെന്നാണ് വിവരം.
പ്രകടനത്തിനായി ടിഎസ്‍എംസിയുടെ 2nm സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന എ20 പ്രോ ചിപ്പാണ് ഉപയോഗിക്കപ്പെടുക. ഇത് മുൻതലമുറയേക്കാൾ 15 ശതമാനം കൂടുതൽ വേഗതയും 30 ശതമാനം കൂടുതൽ പവർ കാര്യക്ഷമതയും നൽകുമെന്നാണ് റിപ്പോർട്ടുകൾ. ബാറ്ററി ശേഷിയിലും ചെറിയ വർധനവുണ്ടാകുമെന്ന് സൂചന.
ഐഫോൺ 18 പ്രോ ക്യാമറ
ക്യാമറ വിഭാഗത്തിൽ മൂന്ന് 48-മെഗാപിക്‌സൽ സെൻസറുകളുള്ള ട്രിപ്പിൾ ക്യാമറ സംവിധാനം തുടരും. പ്രധാന ക്യാമറയിൽ വേരിയബിൾ അപേര്‍ചര്‍ സംവിധാനം എത്താൻ സാധ്യതയുണ്ട്. കൂടാതെ സാംസങ് വികസിപ്പിച്ച പുതിയ ഇമേജ് സെൻസർ ഉപയോഗിക്കുമെന്ന റിപ്പോർട്ടുകളും ഉണ്ട്. ഐഒഎസ് 27 അധിഷ്‌ഠിതമായ പുതിയ സിരി ഫീച്ചറുകളും ഉപഗ്രഹ ഇന്‍റർനെറ്റ് പിന്തുണയും ഫോണിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ ഐഫോൺ 18 പ്രോയുടെ വില ഏകദേശം 1,34,900 രൂപ മുതൽ ആരംഭിക്കാമെന്നാണ് സൂചന.



