ആപ്പിളിന്റെ അടുത്ത തലമുറ ഐഫോൺ 18 സീരീസ് സെപ്റ്റംബർ 9ന് നടക്കുന്ന ഇവന്റിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സീരീസിലെ ഉയർന്ന മോഡലായ ഐഫോൺ 18 പ്രോ മാക്സിൽ 48MP ക്യാമറ, എ20 പ്രോ ചിപ്പ്, വലിയ ബാറ്ററി തുടങ്ങിയ പ്രധാന അപ്‌ഗ്രേഡുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മുൻ മോഡലിനെ അപേക്ഷിച്ച് വില വർധിക്കാനും സാധ്യതയുണ്ട്.

പ്പിളിന്‍റെ അടുത്ത തലമുറ ഐഫോൺ മോഡലുകൾക്കായുള്ള കാത്തിരിപ്പിലാണ് ടെക് ലോകം. സെപ്റ്റംബർ 9ന് നടക്കുന്ന ആപ്പിളിന്റെ പ്രധാന ഹാർഡ്‌വെയർ ഇവന്റിൽ ഐഫോൺ 18 സീരീസ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ‘സർപ്രൈസ് ആൻഡ് ഷൈൻ’ എന്ന ടാഗ്‌ലൈനോടെയാണ് ഇത്തവണത്തെ ഇവന്‍റ്. ഐഫോൺ 18 സീരീസിലെ ഏറ്റവും ഉയർന്ന മോഡലായ ഐഫോൺ 18 പ്രോ മാക്സിൽ ക്യാമറ, പെർഫോമൻസ്, ബാറ്ററി, ഡിസ്പ്ലേ തുടങ്ങിയ മേഖലകളിൽ വലിയ അപ്‌ഗ്രേഡുകൾ പ്രതീക്ഷിക്കുന്നു.

സെപ്റ്റംബർ 9ന് ആപ്പിൾ ഇവന്‍റ്

ക്യൂപർട്ടിനോയിലെ ആപ്പിൾ പാർക്കിലുള്ള സ്റ്റീവ് ജോബ്‍സ് തിയറ്ററിൽ ആണ് പരിപാടി. ഇന്ത്യയിൽ ഇത് രാത്രി 10.30 ആയിരിക്കും. ആപ്പിൾ വെബ്സൈറ്റ്, യൂട്യൂബ് ചാനൽ, ആപ്പിൾ ടിവി ആപ്പ് എന്നിവയിലൂടെ ഇവന്റ് തത്സമയം കാണാനാകും. പരിപാടി പൂർണമായും നേരിട്ടുള്ള അവതരണ രീതിയിലേക്ക് ആപ്പിൾ മടങ്ങിയെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിലെ വില എത്ര?

ഐഫോൺ 18 പ്രോ മാക്സിന്റെ ഇന്ത്യയിലെ ഔദ്യോഗിക വില ആപ്പിൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ മുൻ മോഡലിനെ അപേക്ഷിച്ച് വില ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 100 ഡോളർ വരെ വില വർധനയുണ്ടാകാമെന്നാണ് ചില റിപ്പോർട്ടുകൾ. ചൈനയിൽ 11,000 യുവാൻ, ഏകദേശം 1.57 ലക്ഷം രൂപ മുതലായിരിക്കും വിലയെന്നാണ് സൂചന. എ20 പ്രോ ചിപ്പിന്റെയും മെമ്മറി ഘടകങ്ങളുടെയും ഉയർന്ന ചെലവാണ് വില വർധനയ്ക്ക് കാരണമാകുന്നതെന്നാണ് റിപ്പോർട്ട്. ഗ്രേ, സിൽവർ, ഡാർക്ക് റെഡ് നിറങ്ങളിൽ ഫോൺ ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.

6.86 ഇഞ്ച് ഡിസ്പ്ലേ

ഐഫോൺ 18 പ്രോ മാക്സിൽ 6.86 ഇഞ്ച് എൽ.ടി.പി.ഒ. ഡിസ്പ്ലേയും 120 ഹെർട്സ് റിഫ്രഷ് റേറ്റും പ്രതീക്ഷിക്കുന്നു. എൽ.ടി.പി.ഒ. പ്ലസ് സാങ്കേതികവിദ്യയും ആപ്പിൾ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഫേസ് ഐ.ഡി. ഘടകങ്ങൾ ഡിസ്പ്ലേയ്ക്ക് താഴേക്ക് മാറ്റിയേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ഇതോടെ ഡൈനാമിക് ഐലൻഡിന്റെ വലുപ്പം കുറയാൻ സാധ്യതയുണ്ട്.

48 മെഗാപിക്സൽ ക്യാമറയും വേരിയബിൾ അപ്പർച്ചറും

ക്യാമറ വിഭാഗത്തിലായിരിക്കും പ്രധാന മാറ്റങ്ങളിലൊന്ന്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ്/1.6 മുതൽ എഫ്/4.0 വരെ വേരിയബിൾ അപ്പർച്ചർ, 48 മെഗാപിക്സൽ 4എക്സ് പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവ ലഭിച്ചേക്കാം. ലൈഡാർ സ്കാനറും 120 എഫ്.പി.എസ്. വരെ 4കെ ഡോൾബി വിഷൻ വീഡിയോ റെക്കോർഡിങ്ങും പ്രതീക്ഷിക്കുന്നു.

എ20 പ്രോ ചിപ്പും വലിയ ബാറ്ററിയും

എ20 പ്രോ ചിപ്പായിരിക്കും ഫോണിന്റെ കരുത്ത്. ടി.എസ്.എം.സി.യുടെ 2 നാനോമീറ്റർ പ്രോസസിൽ നിർമിക്കുന്ന ചിപ്പായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. 5,391 എം.എ.എച്ച്. ബാറ്ററിയും 25 വാട്ട് മാഗ്സേഫ് വയർലെസ് ചാർജിങ്ങും ലഭിച്ചേക്കാം. എന്നാൽ മുകളിൽ പറഞ്ഞിരിക്കുന്ന സവിശേഷതകളൊന്നും ആപ്പിൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സെപ്റ്റംബർ 9ലെ ഇവന്റിലാണ് ഐഫോൺ 18 പ്രോ മാക്സിന്റെ അന്തിമ ഫീച്ചറുകളും വിലയും ലഭ്യതയും സംബന്ധിച്ച വിവരങ്ങൾ വ്യക്തമാകുക.