ആപ്പിളിന്റെ അടുത്ത തലമുറ ഐഫോൺ 18 പ്രോയ്ക്ക് 20,000 രൂപ വരെ വില വർധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നിർമാണച്ചെലവ് ഉയർന്നതാണ് ഇതിന് കാരണം. വില കൂടുന്നതിനൊപ്പം എ20 പ്രോ ചിപ്‌സെറ്റ്, വേരിയബിൾ അപ്പർച്ചർ ക്യാമറ, വലിയ ബാറ്ററി, ചെറിയ ഡൈനാമിക് ഐലൻഡ്, പുതിയ സി2 മോഡം എന്നിങ്ങനെ അഞ്ച് പ്രധാനപ്പെട്ട മാറ്റങ്ങളും ഫോണിൽ പ്രതീക്ഷിക്കുന്നു.

പ്പിളിന്‍റെ അടുത്ത തലമുറ പ്രീമിയം സ്‍മാർട്ട്ഫോണായ ഐഫോൺ 18 പ്രോയുടെ വരവിനായി കാത്തിരിക്കുകയാണ് ടെക് ലോകം. ആപ്പിളിന്റെ പതിവ് അവതരണ രീതിയനുസരിച്ച് സെപ്റ്റംബർ രണ്ടാം വാരത്തിൽ പുതിയ ഐഫോൺ എത്താനാണ് സാധ്യത. സെപ്റ്റംബർ 7നും 9നും ഇടയിൽ അവതരണം നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക അവതരണത്തിന് ഇനിയും ഏതാനും ആഴ്ചകൾ ബാക്കിയുണ്ടെങ്കിലും ഐഫോൺ 18 പ്രോയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇതിനകം സജീവമാണ്. ഹാർഡ്‌വെയറിൽ കാര്യമായ മാറ്റങ്ങളുമായാകും പുതിയ പ്രോ മോഡലുകൾ എത്തുകയെന്നാണ് സൂചന. പുതിയ ഐഒഎസ് 27-നൊപ്പം ഈ മാറ്റങ്ങൾ ആപ്പിളിന്റെ ഏറ്റവും മികച്ച മുൻനിര അനുഭവം നൽകുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ പുതിയ സവിശേഷതകൾക്കൊപ്പം ഐഫോൺ 18 പ്രോയുടെ വിലയും ഉയർന്നേക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഐഫോൺ 18 പ്രോയ്ക്ക് 20,000 രൂപ വരെ വില കൂടുമോ?

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആപ്പിൾ പ്രോ ശ്രേണിയിലെ ഐഫോണുകളുടെ തുടക്കവിലയിൽ വലിയ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ ഇത്തവണ ഈ രീതിക്ക് മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 17 പ്രോയുടെ ഇന്ത്യയിലെ തുടക്കവില 1,34,900 രൂപയാണ്. ഐഫോൺ 18 പ്രോയ്ക്ക് ഇതിനെക്കാൾ 20,000 രൂപ വരെ വില കൂടിയേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ പുതിയ മോഡലിന്റെ തുടക്കവില ഏകദേശം 1,54,900 രൂപയായേക്കും. അമേരിക്കൻ വിപണിയിൽ 200 മുതൽ 300 ഡോളർ വരെ വില വർധനയുണ്ടാകാമെന്നും റിപ്പോർട്ടുകളുണ്ട്.

വില കൂടാനുള്ള കാരണം എന്ത്?

ആപ്പിളിന്റെ നിർമാണച്ചെലവ് ഇത്തവണ ഏകദേശം 38 ശതമാനം വരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. മെമ്മറി, റാം ചിപ്പുകളുടെ വില വർധിച്ചതാണ് പ്രധാന കാരണം. കൂടാതെ പുതിയ എ20 പ്രോ ചിപ്‌സെറ്റിന് കൂടുതൽ നിർമാണച്ചെലവുണ്ടാകാനും സാധ്യതയുണ്ട്. ടിഎസ്എംസിയുടെ അത്യാധുനിക 2 നാനോമീറ്റർ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും എ20 പ്രോ ചിപ്‌സെറ്റ് നിർമിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഐഫോൺ 18 പ്രോയ്ക്ക് വില വർധിക്കുന്നത് ഏതാണ്ട് അനിവാര്യമായേക്കാം. എന്നാൽ വില കൂടുന്നതിനൊപ്പം ശ്രദ്ധേയമായ നവീകരണങ്ങളും ആപ്പിൾ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. പ്രതീക്ഷിക്കപ്പെടുന്ന പ്രധാന 5 മാറ്റങ്ങൾ ഇവയാണ്.

1. എ20 പ്രോ ചിപ്‌സെറ്റ്

എല്ലാ വർഷവും ആപ്പിൾ സ്വന്തം ചിപ്‌സെറ്റിൽ നവീകരണം കൊണ്ടുവരാറുണ്ട്. ഐഫോൺ 18 പ്രോയിലും ഇതിന് മാറ്റമുണ്ടാകില്ലെന്നാണ് സൂചന. ടിഎസ്എംസിയുടെ 2 നാനോമീറ്റർ നിർമാണ സാങ്കേതികവിദ്യയിൽ നിർമിക്കുന്ന എ20 പ്രോ ചിപ്‌സെറ്റായിരിക്കും ഫോണിന് കരുത്തേകുകയെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വേഗത്തിലുള്ള പ്രകടനത്തിനും മികച്ച വൈദ്യുതി കാര്യക്ഷമതയ്ക്കും പുതിയ നിർമാണ സാങ്കേതികവിദ്യ സഹായിച്ചേക്കും. ചൂട് നിയന്ത്രിക്കുന്നതിനായി വെയ്പർ ചേംബർ സംവിധാനം ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളും ആപ്പിൾ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഗെയിമിങ്, വീഡിയോ എഡിറ്റിങ്, കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഇത് സഹായിച്ചേക്കും.

2. ക്യാമറയിൽ വേരിയബിൾ അപ്പർച്ചർ

ക്യാമറ വിഭാഗത്തിലും വലിയ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഐഫോൺ 18 പ്രോ ശ്രേണിയിലെ 48 മെഗാപിക്സൽ ഫ്യൂഷൻ പ്രധാന ക്യാമറയിൽ വേരിയബിൾ അപ്പർച്ചർ സംവിധാനം ലഭിച്ചേക്കുമെന്നാണ് അഭ്യൂഹം. ലെൻസിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കാൻ ഇതിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും. വ്യത്യസ്ത പ്രകാശ സാഹചര്യങ്ങളിൽ കൂടുതൽ മികച്ച ചിത്രങ്ങൾ പകർത്താൻ ഈ സംവിധാനം സഹായിച്ചേക്കും.

3. കൂടുതൽ ശേഷിയുള്ള ബാറ്ററി

ബാറ്ററി ശേഷിയിലും വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഐഫോൺ 18 പ്രോ മാക്‌സിൽ മുൻഗാമിയെക്കാൾ ഏകദേശം 10 ശതമാനം വലുതായ ബാറ്ററി ലഭിച്ചേക്കുമെന്നാണ് ചോർന്ന വിവരങ്ങൾ. ചില പതിപ്പുകളിൽ 5,400 എംഎഎച്ചിൽ കൂടുതലുള്ള ബാറ്ററി ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഐഫോൺ 18 പ്രോയ്ക്കും വലിയ ബാറ്ററി ലഭിച്ചേക്കാം. കൂടുതൽ കാര്യക്ഷമമായ എ20 പ്രോ ചിപ്‌സെറ്റും മെച്ചപ്പെട്ട ഡിസ്‌പ്ലേയും ചേർന്നാൽ കൂടുതൽ ദൈർഘ്യമുള്ള ബാറ്ററി ഉപയോഗം ലഭിക്കാനിടയുണ്ട്.

4. ഡൈനാമിക് ഐലൻഡ് ചെറുതാകും

ഐഫോൺ 18 പ്രോയിൽ വലിയ രൂപകൽപ്പനാ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും മുൻഭാഗത്ത് ശ്രദ്ധേയമായ ചില പരിഷ്കാരങ്ങൾ ഉണ്ടായേക്കും. 6.3 ഇഞ്ച്, 6.9 ഇഞ്ച് ഡിസ്‌പ്ലേകൾ തന്നെ പ്രോ മോഡലുകളിൽ തുടർന്നേക്കും. എന്നാൽ കൂടുതൽ കാര്യക്ഷമമായ എൽടിപിഒ പ്ലസ് ഒഎൽഇഡി പാനലുകളിലേക്ക് മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും ശ്രദ്ധേയമായ മാറ്റം ഡൈനാമിക് ഐലൻഡിന്റെ വലുപ്പം കുറയുന്നതായിരിക്കും. ഫെയ്‌സ് ഐഡിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ ഡിസ്‌പ്ലേയ്ക്ക് അടിയിലേക്ക് മാറ്റാൻ ആപ്പിൾ ശ്രമിക്കുന്നതായാണ് സൂചന.

5. പുതിയ സി2 മോഡം

ഐഫോൺ 18 പ്രോയിൽ ആപ്പിളിന്റെ പുതിയ സി2 മോഡം അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മെച്ചപ്പെട്ട 5ജി വേഗത, മികച്ച സിഗ്നൽ സ്വീകരണം, കുറഞ്ഞ വൈദ്യുതി ഉപഭോഗം എന്നിവയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി പുതിയ എൻ2 ചിപ്‌സെറ്റും എത്തിയേക്കാം. ഉപഗ്രഹ അധിഷ്ഠിത 5ജി പിന്തുണയും ലഭിച്ചേക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല

ഐഫോൺ 18 പ്രോയെക്കുറിച്ച് പുറത്തുവരുന്ന ഈ വിവരങ്ങളൊന്നും ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ ഇവയെല്ലാം നിലവിൽ അഭ്യൂഹങ്ങളായും ചോർന്ന വിവരങ്ങളായും മാത്രം കാണണം. എന്നാൽ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ എ20 പ്രോ ചിപ്‌സെറ്റ്, മെച്ചപ്പെട്ട ക്യാമറ, വലിയ ബാറ്ററി, ചെറിയ ഡൈനാമിക് ഐലൻഡ്, പുതിയ മോഡം എന്നിവ ഉൾപ്പെടെയുള്ള നവീകരണങ്ങൾ ഐഫോൺ 18 പ്രോയിൽ പ്രതീക്ഷിക്കാം. വില 20,000 രൂപ വരെ ഉയർന്നാലും ഈ മാറ്റങ്ങൾ പുതിയ മോഡലിന്റെ വില വർധനയെ ന്യായീകരിക്കാൻ പര്യാപ്‍തമാകുമോ എന്നതാണ് ഇനി അറിയേണ്ടത്.