ലണ്ടന്‍ നഗരത്തിലെ ഫോണ്‍ മോഷണ കേസുകളെ കുറിച്ച് കൗതുകമുണര്‍ത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. സാംസങ് പോലുള്ള ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ കവരുന്ന കള്ളന്‍മാര്‍ അവ ഉടമകളെ തിരിച്ചേല്‍പിക്കുന്നു. കള്ളന്‍മാര്‍ക്ക് പ്രിയം ഐഫോണുകള്‍ എന്നും റിപ്പോര്‍ട്ട്.
ലണ്ടന്‍: അടിച്ചുമാറ്റാന്‍ ആഗ്രഹിക്കുന്ന സ്‍മാർട്ട്‌ഫോണുകളെ കുറിച്ച് മോഷ്‌ടാക്കള്‍ക്ക് വ്യക്തമായ മുൻഗണനയുള്ളതായി ലണ്ടനില്‍ നിന്നൊരു റിപ്പോർട്ട്. ലണ്ടനിലെ കള്ളന്മാരുടെ മോഷണ സ്വഭാവത്തെക്കുറിച്ചാണ് ഒരേസമയം അമ്പരപ്പിക്കുന്നതും രസകരവുമായ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. സാംസങ് ഉൾപ്പെടെയുള്ള ആൻഡ്രോയ്‌ഡ് സ്‍മാർട്ട്‌ഫോണുകള്‍ കവര്‍ന്ന മോഷ്‌ടാക്കള്‍ അവ പിന്നീട് ഇരകൾക്ക് തിരികെ നൽകുന്നുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ആന്‍ഡ്രോയ്‌ഡ് ഫോണുകളേക്കാള്‍ റീസെയില്‍ വാല്യു ഐഫോണുകള്‍ക്കുള്ളതാണ് മോഷ്‌ടാക്കളുടെ ഈ മനംമാറ്റത്തിന് കാരണമെന്ന് സൈബര്‍ വിദഗ്‌ധര്‍ പറയുന്നു.
കള്ളന്‍മാര്‍ക്ക് പ്രിയം ഐഫോണ്‍
ലണ്ടനിൽ സ്‌മാര്‍ട്ട്‌ഫോൺ മോഷണ കേസുകള്‍ വർധിച്ചുവരികയാണ്. ആൻഡ്രോയ്‌ഡ് അതോറിറ്റിയുടെ കണക്കനുസരിച്ച്, 2024-ൽ മാത്രം 117,000-ത്തിലധികം മൊബൈൽ ഫോണുകൾ ലണ്ടനില്‍ മോഷ്‌ടിക്കപ്പെട്ടു. ബ്രാൻഡ് അനുസരിച്ചുള്ള മോഷണ ഡാറ്റ പൊലീസ് പുറത്തുവിടുന്നില്ലെങ്കിലും ഒരു പ്രവണത വ്യക്തമാണ്. സാംസങ് പോലുള്ള ആന്‍ഡ്രോയ്‌ഡ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് പകരം മോഷ്‌ടാക്കള്‍ ഐഫോണുകള്‍ കവര്‍ച്ച ചെയ്യാന്‍ കൂടുതലായി ആഗ്രഹിക്കുന്നു എന്നതാണ് ഈ പ്രവണത.
ലണ്ടൻ സെൻട്രിക് ബ്ലോഗ് 32 വയസ്സുള്ള സാം എന്നയാളുടെ അനുഭവം പങ്കുവെച്ചത് ഇങ്ങനെ. എട്ട് പേർ ചേർന്ന സംഘം സാമിനെ കൊള്ളയടിച്ചു. മോഷ്‌ടാക്കൾ അയാളുടെ ഫോൺ, ക്യാമറ എന്നിവയുമായി കടന്നുകളഞ്ഞു. എന്നാൽ മോഷ്‍ടാക്കളിൽ ഒരാൾ കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചെത്തി തന്‍റെ സാംസങ് സ്‌മാര്‍ട്ട്‌ഫോൺ തിരികെ നൽകിയെന്ന് സാം പറയുന്നു. സാംസങ് വേണ്ട എന്ന് തുറന്നു പറഞ്ഞുകൊണ്ടാണത്രെ കള്ളൻ ഫോൺ സാമിന് തിരികെ നൽകിയത്. മാർക്ക് എന്ന വ്യക്തിയും സമാനമായ ഒരു അനുഭവം പങ്കിടുന്നു. ബൈക്കിൽ എത്തിയ ഒരു കള്ളൻ അയാളുടെ സാംസങ് ഗാലക്‌സി ഫോൺ തട്ടിയെടുക്കുകയായിരുന്നു. പക്ഷേ പെട്ടെന്ന് തന്നെ മോഷ്‌ടാവ് അത് തിരികെ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു.
എന്തുകൊണ്ടാണ് കള്ളന്മാർ സാംസങ് ഫോണുകൾ മോഷ്‌ടിക്കാൻ ആഗ്രഹിക്കാത്തത്?
സാംസങ് ഫോണുകളുടെ കുറഞ്ഞ റീസെയിൽ മൂല്യമാണ് ഇതിനുള്ള യഥാർഥ കാരണം എന്ന് ആൻഡ്രോയ്‌ഡ് അതോറിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്ലാഗ്‌ഷിപ്പ് ഗ്രേഡിലുള്ള സാംസങ്, ഐഫോൺ ഹാന്‍ഡ്‌സെറ്റുകളുടെ യഥാർഥ വില ഇന്ന് ഏകദേശം തുല്യമാണെങ്കിലും, സെക്കൻഡ് ഹാൻഡ് വിപണിയിൽ ഐഫോണുകൾ ആണ് കൂടുതൽ വിൽക്കപ്പെടുന്നത്. ആപ്പിൾ ഉപകരണങ്ങൾക്ക് ഉയർന്ന സെക്കൻഡ് ഹാൻഡ് മൂല്യമുണ്ട്. അതിനാൽ മോഷ്‌ടാക്കൾ ഐഫോണുകളെ ലക്ഷ്യംവയ്ക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആന്‍ഡ്രോയ്‌ഡിലും ഐഫോണുകളിലും സുരക്ഷ ശക്തമായതിനാല്‍ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുക എന്നതിനേക്കാള്‍ പ്രധാന്യം സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ കിട്ടുന്ന വിലയ്‌ക്കാണ് മോഷ്‌ടാക്കള്‍ കല്‍പിക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു.



