നത്തിംഗിന്‍റെ പുത്തന്‍ ഫ്ലാഗ്‌ഷിപ്പ് ഇന്ന് രാത്രി പുറത്തിറങ്ങും, ഫ്ലാഗ്ഷിപ്പ് ഫോണിന്‍റെ ക്യാമറ അടക്കമുള്ള സ്പെസിഫിക്കേഷനുകള്‍ അറിയാം
ലണ്ടന്‍: നത്തിംഗ് അവരുടെ പുത്തന്‍ ഫ്ലാഗ്‌ഷിപ്പായ നത്തിംഗ് ഫോണ്‍ 3 (Nothing Phone 3) ഇന്ന് രാത്രി പുറത്തിറക്കും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ഫോണ്‍ അവതരിപ്പിക്കുന്നത്. ഇതിനൊപ്പം ബ്രാന്‍ഡിന്‍റെ ആദ്യത്തെ ഓവര്‍-ഇയര്‍ ഹെഡ്‌ഫോണും കമ്പനി പുറത്തിറക്കും. ലണ്ടനില്‍ വച്ചാണ് നത്തിംഗിന്‍റെ ലോഞ്ച് ഇവന്‍റ് നടക്കുന്നത്. നത്തിംഗിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി പ്രകാശന ചടങ്ങ് തത്സമയം കാണാം. ലോഞ്ചിന് മുന്നോടിയായി ഇരു ഡിവൈസുകളുടെയും പ്രധാന ഫീച്ചറുകള്‍ കമ്പനി പുറത്തുവിട്ടു.
നത്തിംഗ് ഫോണ്‍ 3- എന്തൊക്കെ പ്രതീക്ഷിക്കാം
ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്‌സെറ്റില്‍ വരുന്ന ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണാണ് നത്തിംഗ് ഫോണ്‍ 3. കൂടുതല്‍ മികച്ച പെര്‍ഫോമന്‍സും എഐ മികവും ഫോണിനുണ്ടാകും എന്ന് പറയപ്പെടുന്നു. അഞ്ച് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും ഏഴ് വര്‍ഷത്തെ സെക്യൂരിറ്റി പാച്ചും നത്തിംഗ് വാഗ്‌ദാനം ചെയ്യുന്നു. 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 50 എംപി പ്രൈമറി സെന്‍സര്‍, ഒരു അള്‍ട്രാ-വൈഡ് സെന്‍സര്‍ എന്നിവയുള്ള റീയര്‍ ക്യാമറ മൊഡ്യൂളാണ് പ്രതീക്ഷിക്കുന്നത്. 32 എംപിയുടേതായിരിക്കും സെല്‍ഫി ക്യാമറ. പുതിയ “Glyph Matrix” ഇന്‍റര്‍ഫേസിലാവും ഫോണിന്‍റെ ഡിസൈന്‍.
6.77 ഇഞ്ച് എല്‍ടിപിഒ അമോലെഡ് ഡിസ്‌പ്ലെ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, 12 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ്, 5150 എംഎഎച്ച് ബാറ്ററി, 65 വാട്സ് വയര്‍ഡ് ചാര്‍ജറും 20 വാട്സ് വയര്‍ലസ് ചാര്‍ജിംഗ് സൗകര്യവും എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചറുകള്‍.
നത്തിംഗ് ഹെഡ്‌ഫോണ്‍- എന്തൊക്കെ പ്രതീക്ഷിക്കാം
നത്തിംഗിന്‍റെ ചരിത്രത്തിലെ ആദ്യത്തെ ഓവര്‍-ഇയര്‍ ഹെഡ്‌ഫോണാണ് പുറത്തിറങ്ങാനിരിക്കുന്നത്. വളരെ സോഫ്റ്റും റൗണ്ടഡ് എഡ്‌ജുകളും വരുന്ന ഇയര്‍ കപ്പുകള്‍ പ്രതീക്ഷിക്കാം. ആപ്പിളിന്‍റെ എയര്‍പോഡ്‌സ് മാക്സുമായി ഇതിന് സാമ്യമുണ്ടാകും എന്ന് സൂചനയുണ്ട്. എളുപ്പത്തില്‍ സൂക്ഷിക്കാന്‍ മടക്കിവെക്കാവുന്ന തരത്തിലായിരിക്കും ഈ ഇയര്‍ കപ്പുകള്‍. ആക്റ്റീവ് നോയിസ് ക്യാന്‍സലേഷന്‍, അഡ്വാന്‍സ്‌ഡ് ഓഡിയോ കോഡിംഗ്, ലോസ്‌ലെസ്സ് ഡിജിറ്റല്‍ ഓഡിയോ കോഡെക് എന്നീ ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്ന ഈ ഹെഡ്‌ഫോണിന് 80 മണിക്കൂര്‍ വരെ ബാറ്ററി ലൈഫുണ്ടാകും എന്നാണ് സൂചനകള്‍.



