ഇന്ത്യയിലേക്ക് ഉടന്‍ വരാനിരിക്കുന്ന Vivo X Fold 5-ല്‍ 50-മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ ഉൾപ്പെടെ സീസ് പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കും

ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ കമ്പനി വിവോ എക്സ് ഫോൾഡ് 5 (Vivo X Fold 5) അടുത്തിടെ ചൈനയിൽ അവതരിപ്പിച്ചിരുന്നു. കമ്പനി ഇപ്പോൾ ഈ ഫോണിന്‍റെ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ഫോണിന്‍റെ ഇന്ത്യൻ വേരിയന്‍റ് അതിന്‍റെ ചൈനീസ് പതിപ്പിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. 8.03 ഇഞ്ച് ഫ്ലെക്സിബിൾ ഇന്നർ സ്‌ക്രീനും 6.53 ഇഞ്ച് കവർ ഡിസ്‌പ്ലേയും ഈ ഹാൻഡ്‌സെറ്റിന് ലഭിക്കും. രണ്ട് ഡിസ്‌പ്ലെയും 8ടി എല്‍ടിപിഒ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളവയായിരിക്കും

ലോഞ്ച് തീയതി ഉടന്‍

ഫോൾഡബിൾ ഫോണായ എക്‌സ് ഫോൾഡ് 5-ന്‍റെ ഇന്ത്യയിലെ വരാനിരിക്കുന്ന ലോഞ്ചിനെ കുറിച്ച് വിവോ ഒരു എക്സ് (പഴയ ട്വിറ്റര്‍) പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. സ്മാർട്ട്‌ഫോണിന്‍റെ കൃത്യമായ ലോഞ്ച് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴി ഈ ഫോൾഡബിൾ ഹാൻഡ്‌സെറ്റ് രാജ്യത്ത് ലഭ്യമാകും. 

വിവോ എക്സ് ഫോൾഡ് 5-ന്‍റെ ഔദ്യോഗിക ലാൻഡിംഗ് പേജിൽ 80 വാട്സ് വയർഡ്, 40 വാട്സ് വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഹാൻഡ്‌സെറ്റിന് പിന്തുണ നൽകുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഫോണിന്‍റെ ചൈനീസ് പതിപ്പിന് സമാനമാണിത്. ഇത് ഐപി5എക്സ് പൊടി പ്രതിരോധ റേറ്റിംഗും ജല പ്രതിരോധത്തിന് ഐപിഎക്സ്8+ഐപിഎക്‌സ്9 റേറ്റിംഗുകളും പാലിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

വിവോ എക്സ് ഫോൾഡ് 5ന് മൈനസ് 20° സെല്‍ഷ്യസ് വരെ ഫ്രീസ് റെസിസ്റ്റൻസ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഒരു കാർബൺ ഫൈബർ സപ്പോർട്ട് ഹിഞ്ചുണ്ടാകും. മടക്കുമ്പോൾ 9.2 എംഎം കട്ടിയും നിവർത്തുമ്പോൾ 4.3 എംഎം കട്ടിയും ഇതിന് ഉണ്ടാകും. വിവോ എക്സ് ഫോൾഡ് 5-ന്‍റെ ഇന്ത്യൻ വേരിയന്‍റിന് 217 ഗ്രാം ഭാരമുണ്ടാവുക എന്നതാണ് പുറത്തുവന്ന മറ്റൊരു വിവരം.

ട്രിപ്പിള്‍ റീയര്‍ ക്യാമറ

നിലവിലുള്ള ചൈനീസ് വേരിയന്‍റിന് സമാനമായി, വിവോ എക്സ് ഫോൾഡ് 5-ൽ 50-മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ ഉൾപ്പെടെ സീസ് പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കും. ഹാൻഡ്‌സെറ്റ് എഐ ഇമേജ് സ്റ്റുഡിയോ സവിശേഷതകളെയും പിന്തുണയ്ക്കും. കൂടാതെ സൗണ്ട് മോഡുകൾ, ടോർച്ച്, ക്യാമറ, നോട്ടുകൾ, റെക്കോർഡിംഗ് എന്നിവയിലേക്കും മറ്റും വേഗത്തിൽ ആക്‌സസ് ചെയ്യുന്നതിനുള്ള ഒരു ഷോർട്ട്കട്ട് ബട്ടൺ ഇതിൽ ഉൾപ്പെടും.

ടെലിഫോട്ടോ ഷൂട്ടറിനൊപ്പം വിവോ എക്സ് ഫോൾഡ് 5-ന്‍റെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറും 50 മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടറും ഉണ്ട്. ഈ സ്‍മാർട്ട്‌ഫോണിന്‍റെ ഇന്‍റേണൽ, എക്സ്റ്റീരിയർ സ്‌ക്രീനുകളിൽ 20 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറകളുണ്ടാകും. 8.03 ഇഞ്ച് ഇന്നർ സ്‌ക്രീനും 6.53 ഇഞ്ച് കവർ ഡിസ്‌പ്ലേയും ഇതിലുണ്ട്. 16 ജിബി വരെ എൽപിഡിഡിആർ 5എക്സ് റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 സോക് പ്രൊസസറാണ് വിവോ എക്സ് ഫോൾഡ് 5-ല്‍ ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Asianet News Live | Malayalam News Live | Kerala News Live | Kerala Rain updates | Breaking news