യുകെ ബ്രാന്‍ഡായ നത്തിംഗ് വില അധികമില്ലാത്ത സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി ടിപ്‌സ്റ്റര്‍ 

ദില്ലി: യുകെ ആസ്ഥാനമായുള്ള സ്‍മാർട്ട്ഫോൺ ബ്രാൻഡായ നത്തിംഗ് ഈ വർഷം മാർച്ചിൽ ഫോൺ 3എ സീരീസ് പുറത്തിറക്കിയിരുന്നു. ഈ മാസം ആദ്യം നത്തിംഗ് ഫോൺ 3-യും പുറത്തിറക്കി. കമ്പനി ഉടൻ തന്നെ കൂടുതൽ ബജറ്റ്-ഫ്രണ്ട്‌ലിയായ സ‌്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബജറ്റിന് അനുയോജ്യമായതും വിലക്കുറവുള്ളതുമായ സ്മാര്‍ട്ട്‌ഫോണുകൾ പുറത്തിറക്കാൻ നത്തിംഗിന് പദ്ധതിയുണ്ടെന്ന് ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ (@heyitsyogesh) ഒരു എക്സ് പോസ്റ്റിൽ അവകാശപ്പെട്ടു. ഈ ഹാൻഡ്‌സെറ്റുകൾക്ക് 'ലൈറ്റ്' അല്ലെങ്കിൽ 'ടി' എന്ന ബ്രാൻഡിംഗ് ലഭിക്കും എന്നും ടിപ്സ്റ്റർ പറയുന്നു. കമ്പനിയുടെ നിലവിലുള്ള മോഡലുകൾ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല എന്നും ടിപ്സ്റ്റർ പറയുന്നു. ഷവോമി, റിയൽമി, വൺപ്ലസ് തുടങ്ങിയ മത്സര ബ്രാൻഡുകൾ വിൽപ്പന വർധിപ്പിക്കുന്നതിനോ പ്രസക്തി നിലനിർത്തുന്നതിനോ സമാനമായ പേരുകളുള്ള ബജറ്റ്-സൗഹൃദ ഹാൻഡ്‌സെറ്റുകൾ വാഗ്ദാനം ചെയ്യുന്നു എന്നും ടിപ്സ്റ്റർ ചൂണ്ടിക്കാട്ടുന്നു.

നത്തിംഗ് ഫോൺ 3-യുടെ 12 ജിബി + 256 ജിബി, 16 ജിബി + 512 ജിബി ഓപ്ഷനുകൾക്ക് 79,999 രൂപയും 89,999 രൂപയുമാണ് വില. അതേസമയം, ഫോൺ 3a, ഫോൺ 3 എ പ്രോ എന്നിവയുടെ 8 ജിബി + 128 ജിബി വേരിയന്‍റുകൾക്ക് യഥാക്രമം 22,999 രൂപയും 27,999 രൂപയുമാണ് വിലയാരംഭം. എന്നാൽ നത്തിംഗിൽ നിന്നും വരാനിരിക്കുന്ന വിലകുറവുള്ള പുതിയ ലൈറ്റ് അല്ലെങ്കിൽ ടി ബ്രാൻഡഡ് സ്‍മാർട്ട്‌ഫോണുകൾക്ക് രാജ്യത്ത് 20,000 രൂപയിൽ താഴെ വില ആയിരിക്കുമെന്ന് ഉറപ്പൊന്നും ഇല്ല. ഈ മോഡലുകളുടെ ലോഞ്ച് ടൈംലൈൻ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളും നിലവിൽ ഇല്ല. നിലവിൽ പുറത്തുവന്ന വിവരങ്ങള്‍ ഒരു ടിപ്‌സ്റ്ററിന്‍റെ അവകാശവാദം മാത്രമാണ്. എങ്കിലും നത്തിംഗിനെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ പങ്കിടുന്നതിൽ ശ്രദ്ധേയനാണ് യോഗേഷ് ബ്രാർ.

2024 ഡിസംബറിൽ 2025-ന്‍റെ ആദ്യപകുതിയിൽ നത്തിംഗ് മൂന്ന് സ്‍മാർട്ട്‌ഫോണുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് യോഗേഷ് ബ്രാർ പറഞ്ഞിരുന്നു. ഇത് ശരിവച്ച് മാർച്ചിൽ നത്തിംഗ് ഫോൺ 3a സീരീസ് അനാച്ഛാദനം ചെയ്തു. ജൂലൈ 1ന് ഫോൺ 3-യും നത്തിംഗ് പുറത്തിറക്കി.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Braking news Live