വണ്‍പ്ലസ് നോര്‍ഡ് 6, വണ്‍പ്ലസ് നോര്‍ഡ് സിഇ6 എന്നിങ്ങനെ രണ്ട് സ്‌മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ വരാന്‍ പോകുന്ന നോര്‍ഡ് 6 സീരീസില്‍ പ്രതീക്ഷിക്കുന്നത്. ഫോണുകളുടെ ഫീച്ചറുകള്‍ ലീക്കായി.
ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് അവരുടെ നോര്‍ഡ് 6 സീരീസ് (OnePlus Nord 6 series) ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. വണ്‍പ്ലസ് നോര്‍ഡ് 6 (OnePlus Nord 6), വണ്‍പ്ലസ് നോര്‍ഡ് സിഇ6 (OnePlus Nord CE6) എന്നീ ഫോണുകളാണ് ഈ മൊബൈല്‍ ശ്രേണിയിലുണ്ടാവുക. ഇരു ഫോണുകളും സ്‌നാപ്‌ഡ്രാഗണ്‍ ചിപ്‌സെറ്റുകളും 9,000 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററികളും സഹിതമാണ് വിപണിയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. ഇരു ഫോണിലും ബാറ്ററിയും ക്യാമറയും സുരക്ഷാ റേറ്റിംഗും അടക്കം ചില സമാനതകള്‍ പ്രതീക്ഷിക്കാം.
ചൈനയിലെ ടര്‍ബോ 6 സീരീസിന് സമാനമായ സവിശേഷതകളോടെയുള്ള സ്‌മാര്‍ട്ട്‌ഫോണുകളായിരിക്കും വണ്‍പ്ലസ് നോര്‍ഡ് 6 പരമ്പരയിലുണ്ടാവുക എന്നാണ് സൂചന. അതിനാല്‍തന്നെ, വണ്‍പ്ലസ് ടര്‍ബോ 6, വണ്‍പ്ലസ് ടര്‍ബോ 6വി എന്നിവ യഥാക്രമം വണ്‍പ്ലസ് നോര്‍ഡ് 6, വണ്‍പ്ലസ് നോര്‍ഡ് സിഇ6 എന്നിങ്ങനെ റീബ്രാന്‍ഡ് ചെയ്യപ്പെട്ടാവും ആഗോള വിപണിയിലെത്തുക എന്നാണ് ജിഎസ്എംഅരീനയുടെ റിപ്പോര്‍ട്ട്. 2026-ന്‍റെ ആദ്യപകുതിയിലാവും ഇരു ഫോണുകളും ഇന്ത്യയടക്കമുള്ള ആഗോള വിപണിയിലെത്തുക. നോര്‍ഡ് 6-നും നോര്‍ഡ് സിഇ6-നും ഇതിനകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതിനാല്‍ ലോഞ്ച് ഉടന്‍ തന്നെയുണ്ടായേക്കും.
വണ്‍പ്ലസ് നോര്‍ഡ് 6- പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1,800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസും സഹിതമുള്ള ഫുള്‍എച്ച്‌ഡി+ ഡിസ്‌പ്ലെയോടെയാണ് വണ്‍പ്ലസ് നോര്‍ഡ് 6 ഇന്ത്യന്‍ വിപണിയിലെത്തുക എന്നാണ് ലീക്കുകള്‍ സൂചിപ്പിക്കുന്നത്. ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്‌സെറ്റിനോട് സംയോജിപ്പിച്ച 12 ജിബി, 16 ജിബി റാം, 256 ജിബി, 512 ജിബി യുഎഫ്‌എസ് 4.1 സ്റ്റോറേജും വണ്‍പ്ലസ് നോര്‍ഡ് 6-ല്‍ പ്രതീക്ഷിക്കുന്നു.
വണ്‍പ്ലസ് നോര്‍ഡ് സിഇ6- പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
അതേസമയം, വണ്‍പ്ലസ് നോര്‍ഡ് സിഇ6-ന് പറയപ്പെടുന്നത് 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഡിസ്‌പ്ലെയാണ്. സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 4 ചിപ്‌സെറ്റാണ് ഈ ഫോണില്‍ പ്രതീക്ഷിക്കുന്നത്. 8 ജിബി, 12 ജിബി റാം ഓപ്ഷനുകളും 256 ജിബി, 512 ജിബി യുഎഫ്‌സ് 3.1 സ്റ്റോറേജ് ഓപ്ഷനുകളും നോര്‍ഡ് സിഇ6-ന് പറയപ്പെടുന്നു. ആന്‍ഡ്രോയ് 16 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും നോര്‍ഡ് 6 സീരീസിലെ ഇരു ഫോണുകളുടെയും പ്രവര്‍ത്തനം. 50എംപി പ്രധാന റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി സെന്‍സര്‍, 16എംപി സെല്‍ഫി ക്യാമറ, 80 വാട്‌സ് സൂപ്പര്‍വൂക്ക് ഫ്ലാഷ് ചാര്‍ജിംഗ്, 27 വാട്‌സ് വയേര്‍ഡ് റിവേഴ്‌സ് ചാര്‍ജിംഗ്, ഐപി66 റേറ്റിംഗ്, ഐപി68 റേറ്റിംഗ്, ഐപി69 റേറ്റിംഗ്, ഐപി69കെ റേറ്റിംഗ് എന്നിവ വണ്‍പ്ലസ് നോര്‍ഡ് 6, വണ്‍പ്ലസ് നോര്‍ഡ് സിഇ6 സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് സമാനമായിരിക്കാനാണ് സാധ്യത.



