നിങ്ങള്‍ എഴുതുന്ന കാര്യങ്ങള്‍ നേരിട്ട് ടെക്‌സ്റ്റാക്കി മാറ്റാനും ചാറ്റ്‌ജിപിടിയിലേക്ക് അപ്‌ലോഡ് ചെയ്യാനും കഴിയുന്ന ഉപകരണമാണ് ഓപ്പണ്‍എഐയുടെ ഗംഡ്രോപ്പ് എന്ന് ടിപ്‌സ്റ്റര്‍ Smart Pikachu അവകാശപ്പെടുന്നു.

കാലിഫോര്‍ണിയ: സ്‌മാര്‍ട്ട് ഡിവൈസുകളുടെ ലോകത്ത് ഒരു വലിയ മാറ്റം സംഭവിക്കാൻ പോകുന്നു. എഐ ഭീമനായ ഓപ്പൺഎഐ സോഫ്റ്റ്‌വെയറിനപ്പുറം ഹാർഡ്‌വെയർ ലോകത്തേക്കും കടക്കാൻ ഒരുങ്ങുകയാണ്. ഓപ്പൺഎഐ അവരുടെ ആദ്യത്തെ എഐ-പവർ ഉപകരണം ഗംഡ്രോപ്പ് (Gumdrop) എന്ന കോഡുനാമത്തിൽ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്‍റെ മുൻ ചീഫ് ഡിസൈൻ ഓഫീസർ ജോണി ഐവുമായി കൈകോർത്താണ് ഓപ്പണ്‍എഐ ഈ സ്‌ക്രീൻലെസ് ഗാഡ്‌ജെറ്റ് രൂപകല്‍പന ചെയ്യുന്നത്. ഒരു പേനയുടെ രൂപമായിരിക്കും ഗംഡ്രോപ്പിന്. മുമ്പ് ഐഫോണും ഐപോഡും രൂപകൽപ്പന ചെയ്‌ത ഡിസൈനർ ആണ് ജോണി ഐവ്.

എന്താണ് ഗംഡ്രോപ്പ്? സവിശേഷതകള്‍

ഓപ്പണ്‍എഐയുടെ അടുത്ത തലമുറ സ്‌മാര്‍ട്ട് ഗാഡ്‌ജറ്റാണ് ഗംഡ്രോപ്പ് എന്ന നാമത്തില്‍ അറിയപ്പെടുന്നത്. ഒരു സ്‌മാര്‍ട്ട്‌ പേനയായിരിക്കും ഇതെന്ന് ടിപ്‌സ്റ്റര്‍ Smart Pikachu അവകാശപ്പെടുന്നു. സ്‌ക്രീൻ ഇല്ലെങ്കിലും ക്യാമറയുടെയും സെൻസറുകളുടെയും സഹായത്തോടെ ഗംഡ്രോപ്പ് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റും എന്നാണ് ഓപ്പൺഎഐ പറയുന്നത്. ഗംഡ്രോപ്പ് ചൈനീസ് കമ്പനിയായ ലക്‌സ്‌ഷെയർ നിർമ്മിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ മുമ്പ് നടന്നിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഇപ്പോൾ ഫോക്‌സ്‌കോണിനാണ് ഗംഡ്രോപ്പിന്‍റെ നിർമ്മാണച്ചുമതല നൽകിയിരിക്കുന്നത്. ഗംഡ്രോപ്പ് ഡിവൈസിന്‍റെ നിർമ്മാണം വിയറ്റ്നാമിലോ അമേരിക്കയിലോ ആവും നടക്കുക. 2026-27 ഓടെ ഗംഡ്രോപ്പ് ഉപകരണം വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ.

സ്‌ക്രീൻ ഇല്ലാതെ ഗംഡ്രോപ്പ് എങ്ങനെ പ്രവർത്തിക്കും?

ഗംഡ്രോപ്പിന് ഒരു ഐപോഡ് ഷഫിളിന്‍റെ വലുപ്പമുണ്ടാകും. പക്ഷേ അതിന് സ്‌ക്രീൻ ഉണ്ടാകില്ല. ചുറ്റുപാടുകൾ കാണാനും കേൾക്കാനും കഴിയുന്ന ഒരു ഹൈടെക് ക്യാമറയും മൈക്രോഫോണും ഈ ഡിവൈസിൽ സജ്ജീകരിച്ചിരിക്കും. ഇത് നിങ്ങളുടെ കൈയക്ഷരം തിരിച്ചറിയുകയും നോട്ടുകൾ തൽക്ഷണം ഡിജിറ്റൽ ടെക്‌സ്റ്റാക്കി മാറ്റുകയും ചാറ്റ്‍ജിപിടിയിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യുകയും ചെയ്യാന്‍ ശേഷിയുള്ള ഉപകരണമാണ് ഗംഡ്രോപ്പ് എന്നാണ് ലീക്കുകള്‍ നല്‍കുന്ന വിവരം.

ഒരു സൂപ്പർ കമ്പ്യൂട്ടറിന്‍റെ ശക്തി നിങ്ങളുടെ പോക്കറ്റിൽ

ഓപ്പൺഎഐയുടെ ഏറ്റവും ശക്തമായ എഐ മോഡലുകൾ ഈ ഗാഡ്‌ജെറ്റിനുള്ളിൽ നേരിട്ട് പ്രവർത്തിക്കും. കൂടുതൽ പ്രോസസിംഗ് പവർ ആവശ്യമുള്ളപ്പോൾ, ഇത് ഓട്ടോമാറ്റിക്കായി ക്ലൗഡിലേക്ക് കണക്റ്റ് ചെയ്യും. ഇത് ഒരു വെയറബിൾ ഉപകരണമായും പോർട്ടബിൾ ഉപകരണമായും ഉപയോഗിക്കാം.

സ്‍മാർട്ട്‌ഫോണുകളോടുള്ള ഭ്രമം ശരിക്കും അവസാനിക്കുമോ?

ഭാവിയിൽ ആളുകൾക്ക് വലിയ സ്‌ക്രീനുള്ള ഡിവൈസുകൾ ആവശ്യമില്ലെന്ന് ഓപ്പൺഎഐ പറയുന്നു. എഐയിൽ പ്രവർത്തിക്കുന്ന ഡിവൈസുകളുടെ ഉൽപ്പാദനക്ഷമത വളരെ ലളിതമാക്കുക എന്നതാണ് ഗംഡ്രോപ്പിന്‍റെ ലക്ഷ്യം. അതിനാൽ ആളുകൾക്ക് അവരുടെ ഫോണിന് പകരം ഈ ചെറിയ ഗാഡ്‌ജെറ്റിൽ നിന്ന് അവരുടെ ഇമെയിലുകൾ, സന്ദേശങ്ങൾ, കോളുകൾ എന്നിവ കൈകാര്യം ചെയ്യാൻ കഴിയും. മറ്റ് സ്‌മാർട്ട് ഉപകരണങ്ങളുമായി ആശയവിനിമയം നടത്താനും ഈ ഉപകരണത്തിന് കഴിയും. അക്ഷരാർത്ഥത്തിൽ ഇതൊരു പേഴ്‌സണൽ അസിസ്റ്റന്‍റയി മാറുമെന്നും ഓപ്പൺഎഐ അവകാശപ്പെടുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്