സാംസങിന്‍റെ ചരിത്രത്തിലെ ആദ്യ ട്രിപ്പിള്‍-ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണാണ് വരാനിരിക്കുന്നത്

സോൾ: ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ് അവരുടെ ചരിത്രത്തിലെ ആദ്യ ട്രിപ്പിള്‍-ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ ചിത്രം അബദ്ധത്തില്‍ പുറത്തുവിട്ടതായി സൂചന. വണ്‍ യുഐ 8 അപ്‌ഡേറ്റിന്‍റെ ആനിമേഷനില്‍ പ്രത്യക്ഷപ്പെട്ട ജി-ഷേപ്പ് ഫോള്‍ഡബിളാണ് അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുന്നത്. ജി ഫോള്‍ഡ് എന്നാണ് ഈ ഫോണിന്‍റെ പേര് എന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു. ഇതോടെ സാംസങിന്‍റെ ട്രൈ-ഫോള്‍ഡ് സ്‌മാര്‍ട്ട്‌ഫോണ്‍ പ്രതീക്ഷിച്ചതിലും നേരത്തെ വിപണിയിലെത്തുമോ എന്ന സംശയം ഉയരുകയാണ്.

സാംസങ് അവരുടെ ചരിത്രത്തിലെ ആദ്യ ട്രൈ-ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ഈ വര്‍ഷം അവസാനം പുറത്തിറക്കിയേക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ മൊബൈല്‍ ഫോണ്‍ എപ്പോഴാണ് പ്രകാശനം ചെയ്യുകയെന്ന് സാംസങ് സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെയാണ് വണ്‍ യുഐ 8 അപ്‌ഡേറ്റിന്‍റെ ആനിമേഷനില്‍ പ്രത്യക്ഷപ്പെട്ട ഒരു ജി-ഷേപ്പ് ഡിവൈസ് അഭ്യൂഹങ്ങള്‍ പെരുപ്പിക്കുന്നത്. സാംസങിന്‍റെ നിലവിലുള്ള ഗാലക്സി സ്സെഡ് ഫോള്‍ഡിലും ഫ്ലിപ്പിലും നിന്ന് വ്യത്യസ്തമായ ഡിസൈനാണ് ഈ ഫോണിന് കാണുന്നത്. മൂന്ന് ഡിസ്‌‌പ്ലെകള്‍ ഈ സ്‌മാര്‍ട്ട്‌ഫോണിനുള്ളതായും വ്യക്തം. രണ്ട് സ്‌ക്രീനുകളില്‍ ക്യാമറ മൊഡ്യൂള്‍ കാണാം.

കമ്പനിയുടെ ചരിത്രത്തിലെ ആദ്യ ട്രൈ-ഫോള്‍ഡിന്‍റെ വലിയ തോതിലുള്ള നിര്‍മ്മാണം 2025 സെപ്റ്റംബറില്‍ സാംസങ് തുടങ്ങും എന്ന് ദക്ഷിണ കൊറിയന്‍ ചാനലായ ദി ബെല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ ഫോണിന്‍റെ ലോഞ്ചുണ്ടായേക്കാം എന്ന സൂചനയാണ് ഇത് നല്‍കുന്നത്. ജൂലൈ 9ന് നടക്കാനിരിക്കുന്ന സാംസങ് അണ്‍പാക്‌ഡ് ഇവന്‍റില്‍ ഈ ട്രൈ-ഫോള്‍ഡബിള്‍ സംബന്ധിച്ച് എന്തെങ്കിലും സൂചന സാംസങ് പുറത്തുവിടുമോ എന്ന് വ്യക്തമല്ല. ഗാലക്സി സ്സെഡ് ഫോള്‍ഡ് 7, ഗാലക്സി സ്സെഡ് ഫ്ലിപ് 7, ഫ്ലിപ് എഫ്‌ഇ എന്നീ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് അണ്‍പാക്‌ഡ് ഇവന്‍റില്‍ പ്രതീക്ഷിക്കുന്നത്.

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വാവെയ് ട്രിപ്പിള്‍-സ്ക്രീന്‍ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ആദ്യം വിപണിയില്‍ അവതരിപ്പിച്ചത്. 2024 സെപ്റ്റംബറില്‍ അവതരിപ്പിച്ച വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ആയിരുന്നു ഇത്. പൂര്‍ണമായും തുറന്നുവെക്കുമ്പോള്‍ 10.2 ഇ‌ഞ്ച് LTPO OLED സ്ക്രീനും, ഒരുതവണ മടക്കിയാല്‍ 7.9 ഇഞ്ച് സ്ക്രീനും, രണ്ടാമതും മടക്കിയാല്‍ 6.4 ഇഞ്ച് സ്ക്രീനുമാണ് വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റിനുള്ളത്. കിരിന്‍ 9010 ചിപ്സെറ്റിന്‍റെ കരുത്തില്‍ വന്ന ട്രൈ-ഫോള്‍ഡബിള്‍ ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഹാര്‍മണി ഒഎസ് ആയിരുന്നു.

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്