സാംസങ്ങിന്‍റെ ഏറ്റവും പുതിയ ഗാലക്‌സി സ്സെഡ് ഫ്ലിപ്പ് 7, ഗാലക്‌സി സ്സെഡ് ഫോൾഡ് 7 സ്‌മാര്‍ട്ട്‌ഫോണുകള്‍ സഹിതമുള്ള ട്രക്കാണ് മോഷ്‌ടിക്കപ്പെട്ടത്
ലണ്ടന്‍: മൊബൈൽ ഫോൺ മോഷണം പോകുക എന്നത് ഒരു വലിയ പ്രശ്‍നമാണ്, പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിൽ. തങ്ങളുടെ വിലയേറിയ മൊബൈൽ ഫോൺ ആരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭയം പലർക്കും ഉണ്ടാകും. എന്നാൽ ഏറ്റവും പുതിയ സ്‍മാർട്ട്ഫോണുകൾ നിറച്ച ഒരു ട്രക്ക് മുഴുവനായും മോഷ്‍ടിക്കപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടോ? കൊറിയൻ ടെക് ഭീമനായ സാംസങ്ങാണ് ഈ കവർച്ചയ്ക്ക് ഇരയായിരിക്കുന്നത്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിന് സമീപത്ത് വച്ച് സാംസങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോണുകൾ നിറഞ്ഞ ഒരു ട്രക്ക് മുഴുവനായും കൊള്ളയടിക്കപ്പെട്ടു. കമ്പനി അടുത്തിടെ പുറത്തിറക്കിയ സാംസങ് ഗാലക്‌സി സ്സെഡ് ഫ്ലിപ്പ് 7, ഗാലക്‌സി സ്സെഡ് ഫോൾഡ് 7 സീരീസ് ഉൾപ്പെടെ ഏകദേശം 12,000 യൂണിറ്റ് ഗാലക്‌സി ഫോണുകളാണ് മോഷ്‍ടിക്കപ്പെട്ടത്.
സാംസങ്ങിന്‍റെ ഏറ്റവും പുതിയ ഫോൾഡബിൾ സ്‍മാർട്ട്‌ഫോണുകൾ റീട്ടെയിൽ ഷോപ്പുകളിലേക്ക് വിതരണത്തിനായി അയച്ചതായിരുന്നു. അതാണ് ട്രക്ക് സഹിതം മോഷ്ടിക്കപ്പെട്ടത്. ഈ ട്രക്കിൽ ആകെ 12,000 യൂണിറ്റ് ഫോൾഡബിൾ സ്‍മാർട്ട്‌ഫോണുകൾ ഉണ്ടായിരുന്നുവെന്നും അവയുടെ വിപണി മൂല്യം ഏകദേശം 90 കോടി രൂപയോളമാണെന്നും സാംസങ് വെളിപ്പെടുത്തി. ട്രക്ക് ഒരു വെയർഹൗസിലേക്ക് പോകുന്നതിനിടെയാണ് ഈ മോഷണം നടന്നത്. മോഷ്‍ടാക്കൾ ട്രക്ക് ഡ്രൈവറെ എന്തോ കാരണം പറഞ്ഞ് പുറത്തുവിളിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ ട്രക്കുമായി രക്ഷപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ ലണ്ടൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത്രയും വലിയ മോഷണം നടന്നിട്ടും സുരക്ഷാ ക്യാമറകളിൽ നിന്നോ ഗാർഡുകളിൽ നിന്നോ മുന്നറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഒരു പ്രൊഫഷണൽ സംഘമാകാം ഇതിന് പിന്നിലെന്നും പൊലീസ് കരുതുന്നു. നിലവിൽ, ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസും ടെക് ക്രൈം യൂണിറ്റും ഈ കേസ് അന്വേഷിക്കുന്നുണ്ട്. ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ടെക് ഡിവൈസ് മോഷണമായി ഇത് കണക്കാക്കപ്പെടുന്നു. ട്രക്കിന്‍റെ ജിപിഎസ് ലൊക്കേഷനും ബ്ലൂടൂത്ത് ട്രാക്കർ ഡാറ്റയും പൊലീസ് വിശകലനം ചെയ്യുന്നുണ്ട്.
ഇതൊരു നിരാശാജനകമായ സംഭവമാണെന്നും അന്വേഷണ ഏജൻസികളുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും ഈ സംഭവത്തെക്കുറിച്ച് സാംസങ് പ്രസ്‍താവനയിൽ പറഞ്ഞു. മോഷ്‍ടിക്കപ്പെട്ട സ്‍മാർട്ട്‌ഫോണുകളുടെ ഐഎംഇഐ നമ്പറുകൾ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിട്ടുണ്ടെന്നും അവ ഇനി പ്രവർത്തിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. അതായത് ലോകത്തിലെ ഒരു നെറ്റ്‌വർക്കിലും അവ ആക്‌ടീവാക്കാൻ കഴിയില്ലെന്നും ഈ ഫോണുകളുടെ നിയമവിരുദ്ധ വിൽപ്പന നടക്കില്ലെന്നും കമ്പനി പറഞ്ഞു. അതേസമയം സാംസങ് ഫോൾഡബിൾ സ്‍മാർട്ട്‌ഫോണുകളുടെ മോഷണം കമ്പനിയുടെ വിതരണ ശൃംഖലയെ ബാധിച്ചേക്കും. പ്രത്യേകിച്ച് യുകെ, യൂറോപ്യൻ വിപണികളിൽ ഈ ഡിവൈസുകളുടെ സ്റ്റോക്കുകൾ ഇപ്പോൾ വൈകിയാണ് എത്തുന്നത്. എന്നാൽ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി മറ്റ് ഓപ്ഷനുകൾ സ്വീകരിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.
അതേസമയം, മൊബൈൽ ഹാൻഡ്‌സെറ്റുകളുടെ വലിയ മോഷണം ഉൾപ്പെടുന്ന ആദ്യത്തെ സംഭവമല്ല ഇത്. 2020ൽ ഇന്ത്യയിലെ നോയിഡയിൽ 3,30,000 ഡോളറിൽ കൂടുതൽ വിലവരുന്ന സാംസങ് ഗാലക്‌സി ഫോണുകൾ മോഷണം പോയിരുന്നു. ഈ സംഭവത്തിൽ മൂന്ന് ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടെ ആറുപേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2023-ൽ അമേരിക്കയിൽ സിനിമാ ശൈലിയിലുള്ള ഒരു കവർച്ചയിൽ ആപ്പിൾ സ്റ്റോറിൽ അതിക്രമിച്ചു കയറിയ മോഷ്‍ടാക്കൾ 4.1 കോടി രൂപയിൽ അധികം വിലവരുന്ന 436 ഐഫോണുകൾ കവർന്നിരുന്നു. ആപ്പിൾ സ്റ്റോറിന്‍റെ തൊട്ടുത്തുള്ള കോഫി ഷോപ്പിൽ ഉണ്ടാക്കിയ തുരങ്കം വഴിയാണ് അന്ന് മോഷ്‍ടാക്കൾ സ്റ്റോറിൽ കയറിയത്.


