സാംസങ്, വണ്‍പ്ലസ്, ഓപ്പോ, വിവോ, റിയല്‍മീ, നത്തിംഗ് തുടങ്ങിയ ബ്രാന്‍ഡുകളുടെ വിവിധ വിലനിലവാരത്തിലുള്ള മൊബൈലുകള്‍ ഈ മാസം വിപണിയിലെത്തും

ദില്ലി: ജൂലൈ മാസം സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ കാത്തിരിക്കുന്നത് നിരവധി പുത്തന്‍ മോഡലുകള്‍. സാംസങ്, വണ്‍പ്ലസ്, ഓപ്പോ, വിവോ, റിയല്‍മീ, നത്തിംഗ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകള്‍ ഈ മാസം വിപണിയിലെത്തും. ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണുകളും മിഡ്‌-റേഞ്ച് മോഡലുകളും മുന്തിയ ഫ്ലാഗ്‌‌ഷിപ്പുകളും ഇതിലുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

1. നത്തിംഗ് ഫോണ്‍ 3

ഇന്നാണ് സ്‌നാപ്‌ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്പ് സഹിതം നത്തിംഗ് ഫോണ്‍ 3 പുറത്തിറങ്ങുക. Glyph Matrix ഡിസൈന്‍ സവിശേഷതയായിരിക്കും ഫോണിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റോടെ 6.77 ഇഞ്ച് എല്‍ടിപിഒ അമോല്‍ഡ് ഡിസ്‌പ്ലെ, ട്രിപ്പിള്‍ റീയര്‍ ക്യാമറ (50MP primary + telephoto), 32 എംപി സെല്‍ഫി ക്യാമറ, 5150 എംഎഎച്ച് ബാറ്ററി, 65 വാട്സ് വയര്‍ഡ്, 20 വാട്സ് വയര്‍ലഡ് ചാര്‍ജിംഗ് എന്നിവ സഹിതമാണ് നത്തിംഗ് ഫോണ്‍ 3 വരിക.

2. ഓപ്പോ റെനോ 14 സീരീസ്

ജൂലൈ മൂന്നിന് ഓപ്പോ റെനോ 14 സീരീസ് അവതരിപ്പിക്കപ്പെടും. റെനോ 14, റെനോ 14 പ്രോ എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസിലുണ്ടാവുക. ഉയര്‍ന്ന നിലവാരത്തിലുള്ള ഒഎല്‍ഇഡി ഡിസ്‌പ്ലെകളും എഐ-അധിഷ്ഠിത ഫോട്ടോഗ്രാഫി ടൂളുകളും സഹിതമാകും ഫോണിന്‍റെ വരവ്. 6.83 ഇഞ്ച് സ്ക്രീന്‍, 1.5കെ റെസലൂഷന്‍, 16 ജിബി വരെ റാമും 1ടിബി വരെ സ്റ്റോറേജും, 50 എംപിയുടെ ട്രിപ്പിള്‍ റീയര്‍ ക്യാമറ, 50 എംപി സെല്‍ഫി ക്യാമറ, 6,200 എംഎഎച്ച് ബാറ്ററി, 80 വാട്സ് ചാര്‍ജിംഗ് സൗകര്യം എന്നിവയും പ്രതീക്ഷിക്കുന്നു.

3. വണ്‍പ്ലസ് നോര്‍ഡ് 5 സീരീസ്

ജൂലൈ എട്ടാം തീയതിയാണ് വണ്‍പ്ലസ് നോര്‍ഡ് 5 സീരീസ് പുറത്തിറങ്ങുക. പ്രീമിയം മിഡ്-റേഞ്ചുകാരെ ലക്ഷ്യമിട്ട് നോര്‍ഡ് 5, നോര്‍ഡ് സിഇ 5 എന്നീ ഫോണ്‍ മോഡലുകളാണ് വരുന്നത്. നോര്‍ഡ് 5-ല്‍ സ്‌നാപ്‌ഡ്രാഗണ്‍ 8എസ് ജെന്‍ 3 ചിപ്പും, നോര്‍ഡ‍് സിഇ 5-ല്‍ ഡൈമന്‍സിറ്റി 8350 ചിപ്പുമാണുണ്ടാവുക. 1.5കെ റെസലൂഷനിലുള്ള 6.74 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെ, 50 എംപി ഡുവല്‍ ക്യാമറ, 7000 എംഎഎച്ച് ബാറ്ററി, 100 വാട്സ് വാട്സ് ചാര്‍ജിംഗ് എന്നിവ പ്രതീക്ഷിക്കാം.

4. ഗാലക്സി സ്സെഡ‍് ഫോള്‍ഡബിളുകള്‍

ഗാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് 2025-ല്‍ സാംസങ് അവരുടെ പുത്തന്‍ ഫോള്‍ഡബിളുകളും പുറത്തിറക്കാനിരിക്കുകയാണ്. സ്സെഡ് ഫോള്‍ഡ് 7, സ്സെഡ് ഫ്ലിപ് 7 എന്നീ രണ്ട് ഫോണുകള്‍ക്കൊപ്പം പുത്തന്‍ സ്സെഡ് ഫോള്‍ഡ് അള്‍ട്ര, എഫ്ഇ ഫ്ലിപ് എന്നീ രണ്ട് മോഡലുകള്‍ കൂടി പ്രതീക്ഷിക്കുന്നുണ്ട്. ഫോണുകളുടെ സ്‌പെസിഫിക്കേഷനുകളും ഫീച്ചറുകളും പുറത്തുവരുന്നതേയുള്ളൂ.

5. വിവോ എക്സ്200 എഫ്ഇ

വിവോ എക്സ് സീരീസിലെ ആദ്യ ഫാന്‍ എഡിഷന്‍ ഫോണായിരിക്കും വിവോ എക്സ്200 എഫ്ഇ. ഡൈമന്‍സിറ്റി 9300+ പ്രൊസസറില്‍ വരുന്ന ഈ ഫോണിന്‍റെ ലോഞ്ച് ഈ മാസമുണ്ടാകും, കൃത്യമായ തീയതി കമ്പനി പുറത്തുവിട്ടിട്ടില്ല. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റോടെ വരുന്ന 6.31 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ. രണ്ട് 50 എംപി സെന്‍സറുകള്‍ സഹിതമുള്ള ട്രിപ്പിള്‍ റീയര്‍ ക്യാമറ, 4കെ ഫ്രണ്ട് വീഡിയോ റെക്കോര്‍ഡിംഗ്, 6500 എംഎഎച്ച് ബാറ്ററി, 90 വാട്സ് ചാര്‍ജിംഗ് എന്നിവ ഈ ഫോണില്‍ പ്രതീക്ഷിക്കുന്നു.

6. റിയല്‍മീ 15 സീരീസ്

ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് റിയല്‍മീ 15 സീരീസ്. റിയല്‍മീ 15, റിയല്‍മീ 15 പ്രോ എന്നിവ ഈ പരമ്പരയിലുണ്ടാകും. ഫോണുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

Asianet News Live | Malayalam News Live | Kerala News Live | Kerala Rain updates | Breaking news