വിവോ, നത്തിംഗ് എന്നീ ബ്രാന്‍ഡുകള്‍ക്ക് പുറമെ സാംസങും രാജ്യത്ത് വിവിധ മൊബൈല്‍ ഫോണ്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ചു. സാംസങ് ഫോണുകളുടെ വിലയിലുണ്ടായ മാറ്റം വിശദമായി.
ദില്ലി: ഇന്ത്യന്‍ വിപണിയില്‍ സ്‌മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ധിപ്പിച്ച് ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങും. സാംസങ്ങിന്‍റെ എ, എഫ് സീരീസുകളില്‍ ഉള്‍പ്പെട്ട മൊബൈല്‍ ഫോണുകളുടെ വിലയാണ് കമ്പനി കൂട്ടിയത് എന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്‌തു. 2026 ജനുവരി അഞ്ചാം തീയതി മുതല്‍ ഈ വില വ്യത്യാസം നിലവില്‍ വന്നു. സാംസങ് ഫോണുകളുടെ വിലയിലുണ്ടായ മാറ്റം അറിയാം.
സാംസങ് ഫോണുകളുടെ വില വര്‍ധനവ് ഇങ്ങനെ
സാംസങ് ഗാലക്‌സി എ56 മോഡലിന്‍റെ എല്ലാ വേരിയന്‍റുകളിലും 2,000 രൂപയുടെ വിലക്കൂടുതലാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. അതേസമയം ഗാലക്‌സി എ36 5ജി ഫോണിന്‍റെ വിലയില്‍ 1,500 രൂപയുടെ വര്‍ധനവുണ്ടായി. ഗാലക്‌സി എഫ്17 5ജിയുടെ വില 1,000 രൂപയും വര്‍ധിച്ചു. ഗാലക്‌സി എ56 5ജി സ്‌മാര്‍ട്ട്‌ഫോണിന്‍റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ടോപ്-എന്‍ഡ് വേരിയന്‍റിന് മുമ്പ് 44,999 രൂപയായിരുന്നെങ്കില്‍ പുതുക്കിയ വില 46,999 രൂപയാണ്. ഗാലക്‌സി എ36 ഫോണിന്‍റെ 12 ജിബി + 256 ജിബി സ്റ്റേറേജ് വേരിയന്‍റിന് 36,999 രൂപയായിരുന്ന സ്ഥാനത്ത് 1,500 രൂപ വര്‍ധിച്ച് 38,499 രൂപയായി. സാംസങിന്‍റെ ഫ്ലാഗ്‌ഷിപ്പ് ഫോണുകളുടെ വിലയും വര്‍ധിക്കും എന്നാണ് അഭ്യൂഹങ്ങള്‍. ഫോണുകള്‍ നിര്‍മ്മിക്കാനാവശ്യമായ ചിപ്പുകള്‍ അടക്കമുള്ള ഭാഗങ്ങള്‍ക്ക് വില വര്‍ധിക്കുന്നതാണ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇപ്പോള്‍ വില കൂടാന്‍ കാരണം എന്നാണ് ടെലികോം ടോക്കിന്‍റെ റിപ്പോര്‍ട്ട്.
മൊബൈല്‍ ഫോണുകളുടെ വില കൂട്ടി വിവോയും നത്തിംഗും
വിവോ, നത്തിംഗ് ഫോണ്‍ കമ്പനികളും ഇന്ത്യയില്‍ വില വര്‍ധനവ് നടപ്പിലാക്കിയിട്ടുണ്ട്. ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോയും ലണ്ടന്‍ ആസ്ഥാനമായുള്ള നത്തിംഗും സ്‌മാര്‍ട്ട്‌ഫോണുകളുടെ വില 4 മുതല്‍ 13 ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്. വൈ31, വൈ31 പ്രോ എന്നീ ഫോണ്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുകയാണ് എന്ന് ആന്ധ്രപ്രദേശിലെയും തെലങ്കാനയിലേയും റീടെയ്‌ലര്‍മാര്‍ക്ക് അയച്ച കത്തില്‍ വിവോ അധികൃതര്‍ പറയുന്നു. വിവോ വൈ31 മോഡലിന്‍റെ പരമാവധി വില്‍പന വില (എംഒപി) 4ജിബി + 128ജിബി ബേസ് മോഡലിന് 16,999 രൂപയായി വര്‍ധിപ്പിച്ചു. വിവോ വൈ31 പ്രോ മോഡലിന്‍റെ മാക്‌സിമം ഓപ്പറേറ്റിംഗ് പ്രൈസിലും മാറ്റമുണ്ട്.
സമാനമായി, 2026 ജനുവരി 1 മുതല്‍ നത്തിംഗ് അവരുടെ ഫോണ്‍ (3a)-യുടെ വിലയും ഇന്ത്യയില്‍ വര്‍ധിപ്പിച്ചു. പുതുക്കിയ വിലയുടെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ വില്‍ക്കേണ്ടത് എന്ന് റീടെയ്‌ലര്‍മാര്‍ക്ക് നത്തിംഗ് കമ്പനി നിര്‍ദ്ദേശം നല്‍കി. ജനുവരി എട്ടിന് ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഓപ്പോ റെനോ 15 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് റെനോ 14 ശ്രേണിയേക്കാള്‍ വിലക്കൂടുതലുണ്ടാകും എന്നാണ് അഭ്യൂഹങ്ങള്‍. ഫോണുകള്‍ക്ക് 2,000 രൂപയോളം വില ഓപ്പോ വര്‍ധിപ്പിക്കുമെന്നാണ് സൂചന.



