2010ല്‍ ആപ്പിള്‍ പുറത്തിറക്കിയ ഐതിഹാസിക സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലാണ് ഐഫോണ്‍ 4. ഗ്ലാസ്-ആന്‍ഡ് സ്റ്റീലിലുള്ള ഐഫോണ്‍ 4 ഡിസൈന്‍ ഏറെക്കാലം ഐഫോണുകള്‍ക്ക് തുടര്‍ന്നു.

കാലിഫോര്‍ണിയ: 16 വര്‍ഷം മുമ്പ് ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ 4, അതിന് ഇപ്പോള്‍ ഓണ്‍ലൈന്‍ റീസെയില്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ പറയപ്പെടുന്ന വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. 9 ലക്ഷം രൂപ വരെയാണ് 2010ല്‍ അവതരിക്കപ്പെട്ട ഐഫോണ്‍ 4ന് ഇപ്പോള്‍ ഓണ്‍ലൈന്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ ചോദിക്കുന്നത്. എന്താണ് ഐഫോണ്‍ 4ന് ഇപ്പോള്‍ ഇത്രയധികം വില ഉയരാന്‍ കാരണം?

പതിനായിരം ഡോളര്‍ അഥവാ 9 ലക്ഷത്തോളം രൂപ വരെയാണ് ഐഫോണ്‍ 4ന് ഇപ്പോള്‍ യുഎസിലെ റീസെയില്‍ മാര്‍ക്കറ്റില്‍ പറയപ്പെടുന്നത്. 2010ല്‍ ആപ്പിള്‍ പുറത്തിറക്കിയ ഐതിഹാസിക സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലാണ് ഐഫോണ്‍ 4. ഗ്ലാസ് ആന്‍ഡ് സ്റ്റീലിലുള്ള ഐഫോണ്‍ 4 ഡിസൈന്‍ ഏറെക്കാലം ഐഫോണുകള്‍ക്ക് തുടര്‍ന്നു. റെറ്റിന ഡിസ്‌പ്ലെ, ഫ്രണ്ട്-ഫേസിംഗ് ക്യാമറ (സെല്‍ഫി ക്യാമറ) എന്നിവയെല്ലാം ആദ്യമായി അവതരിപ്പിച്ചത് ഐഫോണ്‍ 4ല്‍ ആയിരുന്നു. ആപ്പിളിന്‍റെ ഐഫോണ്‍ ജൈത്രയാത്ര ഐഫോണ്‍ 4ല്‍ നിന്ന് ഇന്ന് ഏറെ ദൂരം പിന്നിട്ടിട്ടുണ്ട്. ഈ എഐ കാലത്ത് ആപ്പിള്‍ ഇന്‍റലിജന്‍സും കൂടുതല്‍ നവീനമായ പ്രോസസറും ക്യാമറകളുമെല്ലാണ് പുത്തന്‍ ഐഫോണുകളില്‍ ഉള്ളത്. എന്നിട്ടും ഐഫോണ്‍ 4ന് ഇപ്പോള്‍ എന്താണ് ഇത്ര ഡിമാന്‍ഡ്?

ഐഫോണ്‍ 4ന് ഡിമാന്‍ഡ് കൂടാനുള്ള കാരണം

‘നൊസ്റ്റാള്‍ജിയ’ എന്ന ഒറ്റ വാക്കാണ് ഐഫോണ്‍ 4ന്, പുറത്തിറങ്ങി 16 വര്‍ഷത്തിന് ശേഷം ഇത്രയധികം ഡിമാന്‍ഡ് ഉയരാന്‍ കാരണമായി ഐഫോണ്‍ പ്രേമികളും റീസെയില്‍ വില്‍പ്പനക്കാരും പറയുന്നത്. ഉപഭോക്തൃ സാങ്കേതികവിദ്യയുടെ വളരെ വ്യത്യസ്‌തമായ ഒരു കാലഘട്ടത്തെ ഐഫോണ്‍ 4 പ്രതിനിധീകരിക്കുന്നു. നിരന്തരമുള്ള നോട്ടിഫിക്കേഷനുകള്‍ക്കും അല്‍ഗോരിതം-അടിസ്ഥാനത്തിലുള്ള ആപ്പുകള്‍ക്കും മുമ്പുള്ള കാലത്തെ ഹാന്‍ഡ്‌സെറ്റ് ആയതിനാല്‍ ഐഫോണ്‍ ഫോണ്‍ പുത്തന്‍ തലമുറയെ സംബന്ധിച്ച് വലിയ ആകാംക്ഷയാണ്. പഴയ തലമുറയെ സംബന്ധിച്ചാവട്ടെ, ഐഫോണ്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തിന്‍റെ തുടക്കകാലത്തെ ഒളിമങ്ങാത്ത ഓര്‍മ്മയാണ്.

ഐഫോണ്‍ 4ന്‍റെ ഡിമാന്‍ഡ് ഇപ്പോള്‍ കുതിച്ചുയരാനുണ്ടായ മറ്റൊരു കാരണം അതിന്‍റെ ലഭ്യതക്കുറവാണ്. പല ഐഫോൺ 4 യൂണിറ്റുകളും ഇതിനകം തന്നെ ഏറെ ഉപയോഗിക്കപ്പെടുകയും കേടാവുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്‌തു. സീൽ ചെയ്‌തതോ, ഇപ്പോഴും ഉപയോഗക്ഷമമായതോ ആയ ഐഫോണ്‍ 4 ഹാന്‍ഡ്‌സെറ്റുകള്‍ ഇപ്പോൾ അപൂർവമാണ്. ശേഖരിക്കുന്നവരുടെ ഒരു ചെറിയ കൂട്ടം പോലും അവ വാങ്ങാൻ മത്സരിക്കുമ്പോൾ സ്വാഭാവികമായും ഐഫോണ്‍ 4ന്‍റെ വില ഉയരുന്നു. ഒറിജിനൽ ഐഫോണുകൾക്ക് പുറമെ ആദ്യകാല ഐപോഡുകൾ, തുറക്കാത്ത വീഡിയോ ഗെയിം കൺസോളുകൾ എന്നിവയ്‌ക്കും സമീപ വർഷങ്ങളിൽ സമാനമായ വില വർധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

എന്നിരുന്നാലും, ഓണ്‍ലൈന്‍ റീസെയില്‍ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന എല്ലാ ലിസ്റ്റിംഗുകളും യഥാർഥ വിൽപ്പന വിലകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പതിനായിരം ഡോളര്‍ വരെ എന്നത് ഐഫോണ്‍ 4 വിറ്റഴിഞ്ഞ വിലയല്ലെന്നും വില്‍പ്പന കേന്ദ്രങ്ങളില്‍ ചോദിക്കുന്ന വിലയാണെന്നും വാദിക്കുന്നവരുണ്ട്. വിപണി ഉണര്‍ത്താന്‍ ഊതിപ്പെരുപ്പിച്ച വിലയാണിതെന്ന സംശയങ്ങളും ബലപ്പെട്ടിട്ടുണ്ട്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്