ഷവോമി ഇന്ത്യയുടെ ഫ്രണ്ട്‌ഷിപ്പ് ഡേ ആശംസ വേറെ ലെവല്‍! ആപ്പിളിനും സാംസങിനും വിവോയ്ക്കും വണ്‍പ്ലസിനും മോട്ടോറോളയ്ക്കും ആശംസയും ഒരു കുത്തും
ദില്ലി: ലോക സൗഹൃദ ദിനത്തില്‍ എതിര്‍ ബ്രാന്‍ഡുകള്‍ക്ക് പ്രത്യേക ആശംസയുമായി ഷവോമി ഇന്ത്യ. സാംസങ് ഇന്ത്യ, ആപ്പിള്‍, വിവോ ഇന്ത്യ, വണ്‍പ്ലസ് ഇന്ത്യ, മോട്ടോറോള ഇന്ത്യ എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ഷവോമി ഇന്ത്യ എക്‌സ് പോസ്റ്റിലൂടെ രസകരമായ ആശംസ നേര്‍ന്നത്. ഞങ്ങളെ മുന്നോട്ട് നയിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും മറ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് നന്ദി എന്ന് ഷവോമി ഇന്ത്യയുടെ ട്വീറ്റില്‍ പറയുന്നു. 'ഹൃദയവും ആലിംഗനവും ഇമോജികളും അടിസ്ഥാനമാക്കിയുള്ളതല്ല എല്ലാ സൗഹൃദവും. ചില സൗഹൃദങ്ങള്‍ എതിരാളികള്‍ക്ക് രണ്ട് ചുവട് മുന്നില്‍ നില്‍ക്കലും അവരെ പ്രചോദിപ്പിക്കലും കൂടിയാണ്. നിങ്ങള്‍ എത്രത്തോളം ഞങ്ങള്‍ക്കൊപ്പം ഓടിയെത്തുന്നു എന്നതും ക്യൂട്ടാണ്'- എന്ന് പറഞ്ഞ് മറ്റ് ബ്രാന്‍ഡുകളെ ട്രോളുന്നുമുണ്ട് വീഡിയോയില്‍ ഷവോമി ഇന്ത്യ.
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കടുത്ത മത്സരം നിലനില്‍ക്കേയാണ് മറ്റ് ബ്രാന്‍ഡുകള്‍ക്ക് സവിശേഷ ഫ്രണ്ട്‌ഷിപ്പ് ഡേ ആശംസയുമായി ഷവോമി രംഗത്തെത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നാണ് ഷവോമി. 2024ന്‍റെ അവസാന പാദത്തില്‍ 18 ശതമാനം വിപണി വിഹിതവുമായി വിവോയായിരുന്നു മുന്നില്‍. 15.2 ശതമാനം മാര്‍ക്കറ്റ് ഷെയറുള്ള ഷവോമി രണ്ടാം സ്ഥാനത്തും. സാംസങിന് 15.1 ഉം, ഓപ്പോയ്ക്ക് 11.4 ഉം വിപണി വിഹിതം നാലാംപാദത്തിലുണ്ടായപ്പോള്‍ ചരിത്രത്തിലാദ്യമായി ആപ്പിള്‍ ആദ്യ അഞ്ചിലെത്തിയിരുന്നു. 11 ശതമാനം വിപണി വിഹിതമാണ് 2024ന്‍റെ നാലാംപാദത്തില്‍ ആപ്പിളിന് സ്വന്തമാക്കാനായത്. അതേസമയം 2024 കലണ്ടര്‍ വര്‍ഷത്തിലാകെ 18 ശതമാനം വിപണി വിഹിതവുമായി ഷവോമിയായിരുന്നു ഇന്ത്യയില്‍ ഏറ്റവും അധികം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച ബ്രാന്‍ഡ്. സാംസങിന് 16.9 ഉം, വിവോയ്‌ക്ക് 16.7 ഉം മാര്‍ക്കറ്റ് ഷെയറാണ് കഴിഞ്ഞ വര്‍ഷം നേടാനായത്.



